നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ പുതിയ നിയമത്തിന് നീക്കം; ആഭ്യന്തര വകുപ്പ് വീണ്ടും സംശയ മുനയിൽ

  സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ പുതിയ നിയമത്തിന് നീക്കം; ആഭ്യന്തര വകുപ്പ് വീണ്ടും സംശയ മുനയിൽ

  സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ വിചാരണ കൂടാതെ ആറുമാസം ദിവസം വരെ ജയിലിലിടയ്ക്കാന്‍ ലക്ഷ്യമിടുന്നതാണ് പൊലീസ് നിര്‍ദേശിച്ച പുതിയ നിയമം.

  • Share this:
  തിരുവനന്തപുരം: പൊലീസിന് അമിതാധികാരം നല്‍കുന്ന നിയമ നിര്‍മാണത്തിന് വഴി തേടി വീണ്ടും സംസ്ഥാന ആഭ്യന്തര വകുപ്പ്.
  സംഘടിത കുറ്റകൃത്യങ്ങള്‍ തടയാന്‍ പുതിയ നിയമനിര്‍മാണത്തിനുള്ള സര്‍ക്കാര്‍ നീക്കമാണ് വിവാദമാത്തിലായത്. കേരളാ സംഘടിത കുറ്റകൃത്യം തടയല്‍ നിയമം എന്ന പേരില്‍ പുതിയ നിയമം കൊണ്ടുവരാനുളള നപടിക്രമങ്ങള്‍ ആഭ്യന്തരവകുപ്പ് തുടങ്ങി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഒരു ഫയലും ആഭ്യന്തരവകുപ്പില്‍ ഇല്ലെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസ് അവകാശപ്പെട്ടത്. ആഭ്യന്തര വകുപ്പിലെ വിവാദ ഫയല്‍ നീക്കത്തിന്റെ രേഖകള്‍ പുറത്തു വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസും ആഭ്യന്തര വകുപ്പും പ്രതിരോധത്തിലായി.

  സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ വിചാരണ കൂടാതെ ആറുമാസം ദിവസം വരെ ജയിലിലിടയ്ക്കാന്‍ ലക്ഷ്യമിടുന്നതാണ് പൊലീസ് നിര്‍ദേശിച്ച പുതിയ നിയമം. സംശയിക്കപ്പെടുന്നവരുടെ ഫോണ്‍ ചോര്‍ത്താന്‍ എഡിജിപി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് അനുമതി നല്‍കാം. പ്രതി പൊലീസിനു നല്‍കുന്ന കുറ്റസമ്മത മൊഴി തെളിവായി കണക്കാക്കുകയും ചെയ്യാം. ഇവയടക്കമുള്ള ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന അധികാരങ്ങള്‍ നിയമം പൊലീസിനു നല്‍കും. മഹാരാഷ്ട്രയിലെ മകോക നിയമത്തിന്റെ ചുവടുപിടിച്ചുള്ള നിര്‍ദേശങ്ങള്‍ ലോക്നാഥ് ബെഹ്റ ഡിജിപി ആയിരിക്കെയാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. കേരളത്തിന്റെ സാഹചര്യത്തില്‍ ഇത്തരമൊരു നിയമം ആവശ്യമാണോയെന്ന സംശയം ഉന്നയിച്ച് നിയമവകുപ്പ് ഫയല്‍ മടക്കിയിരുന്നു. മഹാരാഷ്ട്രയിലേയും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേയും സാഹചര്യം കേരളത്തില്‍ ഇല്ലെന്നായിരുന്നു നിയമ വകുപ്പിന്റെ നിലപാട്.

  വിഷയം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നാലംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ച നടപടിയും വിവാദമായി. തുടര്‍ന്ന് ഇന്നലെ ചേരാനിരുന്ന യോഗം മാറ്റിവച്ചു. മകോക മാതൃകയിലെ നിയമം വന്നാല്‍ അതു കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇടയാക്കുമെന്ന ആശങ്ക ശക്തമാണ്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ഫയല്‍ നിലവില്‍ ഇല്ലെന്ന വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്. ഭരണഘടന അനുശാസിക്കുന്ന പൗരവകാശങ്ങള്‍ക്കുമേല്‍ ഒരുതരത്തിലുള്ള ഇടപെടലും ,സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ല. അത്തരമൊരു നിര്‍ദേശവും അംഗീകരിക്കില്ല. സംഘടിത കുറ്റകൃത്യം തടയാന്‍ ഫലപ്രദമായ നിയമം വേണമെന്ന നിര്‍ദേശം പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചതല്ലാതെ ഇതുമായി ബന്ധപ്പെട്ട് ഒരു ഫയലും നിലവില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അവകാശപ്പെട്ടിരുന്നു. പക്ഷേ, കേരള ഓര്‍ഗനൈസ്ഡ് ക്രൈം കണ്‍ട്രോള്‍ ആക്ട് പ്രൊപ്പോസല്‍ എന്ന തലക്കെട്ടിലെ ഇ- ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാദം പൊളിക്കുന്നതാണ്. ജൂണ്‍ 22ന് ആഭ്യന്തര വകുപ്പില്‍ നിന്നാണ് ഈ ഫയലിന്റെ തുടക്കം. പിന്നീട് ആഭ്യന്തര സെക്രട്ടറി അടക്കമുള്ള ഉന്നതരും ഫയല്‍ കണ്ടിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. പുതിയ നിയമത്തോട് എതിര്‍പ്പ് സൂചിപ്പിച്ച് സിപിഐയും രംഗത്തെത്തി. മനുഷ്യാവാകാശങ്ങള്‍ ലംഘിക്കുന്ന ഒരു നിയമത്തോടും സിപിഐ യോജിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. അങ്ങനെ ഒരു നിയമം ഉണ്ടെങ്കില്‍ അതു നിയമ സഭയില്‍ വരട്ടേ അപ്പോള്‍ കാണാം എന്നായിരുന്നു കാനത്തിന്റെ നിലപാട്. ഇതോടെ മകോക മാതൃകയിലുള്ള നിയമത്തെ സിപിഐ എതിര്‍ക്കുമെന്നു വ്യക്തമായി. മുഖ്യമന്ത്രിയുടെ ഓഫീസും അത്തരമൊരു നിയമം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയതോടെ വിവാദ നിയമ നിര്‍മാണത്തിനുള്ള നീക്കത്തില്‍ നിന്ന് ആഭ്യന്തര വകുപ്പ് തത്കാലത്തേക്കങ്കിലും പിന്മാറിയേക്കും.
  Published by:Jayashankar AV
  First published: