കൊച്ചി: നടൻ ദിലീപ് (Dileep) പ്രതിയായ വധശ്രമ ഗൂഡാലോചനകേസില്‍ സിബിഐ (CBI)അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ. അന്വേഷണം സിബിഐക്ക് കൈമാറുന്നത് സംബന്ധിച്ച ഹൈക്കോടതിയുടെ ചോദ്യത്തോടായിരുന്നു പ്രോസിക്യൂഷന്റെ പ്രതികരണം. കേസിന്റെ എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹർജിയില്‍ വാദം പൂർത്തിയായി വിധി പറയാന്‍ മാറ്റി.
വധഗൂഢാലോചന കേസില്‍ എഫ്ഐആർ റദ്ദാക്കുന്നില്ലെങ്കിൽ കേസ് സിബിഐക്കു വിടണമെന്ന് പ്രതിയായ ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് അന്വേഷണം മറ്റൊരു ഏജൻസിക്കു കൈമാറുന്നതില്‍ എന്താണ് എതിര്‍പ്പെന്ന് വാദത്തിനിടെ കോടതി ചോദിച്ചത്. അന്വേഷണം നേരായ രീതിയിലാണ് നടക്കുന്നതെന്നും ആർക്കും പരാതിയില്ലെന്നും ഇപ്പോൾ മറ്റൊരു ഏജൻസിക്ക് അന്വഷണം കൈമാറേണ്ട കാര്യമില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
Also Read-'84 വയസുള്ള അമ്മയുടെ മുറിയിലും അന്വേഷണസംഘം'; കുടുംബത്തെ കൂട്ടത്തോടെ പ്രതികളാക്കുന്ന സമീപനമെന്ന് ദിലീപ്
കേസില്‍ ഇരു വിഭാഗത്തിന്‍റേയും വാദം പൂര്‍ത്തിയായി. ഒരാഴ്ചക്കുള്ളില്‍ വിധി പറയാമെന്നും അതിനുള്ളില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കരുതെന്നും കോടതി പ്രോസിക്യൂഷനോട് നിര്‍ദേശിച്ചു. ഉടന്‍ കുറ്റപത്രം സമര്‍പിക്കാന്‍ കഴിയില്ലെന്നും കൂടുതല്‍ സമയം വേണ്ടിവരുമെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. തെളിവുകൾ കൈയ്യിലുണ്ടായിട്ടും ബാലചന്ദ്രകുമാർ എന്തുകൊണ്ട് യഥാസമയം അത് കൈമാറിയില്ലന്നും ബാലചന്ദ്രകുമാറിന് മറ്റ് താത്പര്യങ്ങളില്ലെന്ന് ഉറപ്പാണോ എന്നും വാദത്തിനിടെ കോടതി ചോദിച്ചു.
ബാലചന്ദ്രകുമാർ നിർണ്ണായക സാക്ഷിയാണെന്നായിരുന്നു പ്രോസിക്യൂഷന്‍റെ മറുപടി. കേസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ ദിലീപ് ഫോണില്‍ നിന്നും മായ്ച്ചു കളഞ്ഞെന്നും ഡിജിപി കോടതിയെ അറിയിച്ചു. 7 ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിൽ 6 ഫോണുകൾ മാത്രമാണ് കൈമാറിയത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മായ്ച്ചിട്ടില്ലന്ന ദിലീപിന്റെ വാദം പരിഗണിക്കരുതെന്നും അന്വേഷണത്തിന് ആവശ്യമായ വിവരങ്ങൾ ഏതൊക്കെ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ സംഘമാണ്, പ്രതിയല്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.