• HOME
 • »
 • NEWS
 • »
 • kerala
 • »
 • പക്ഷിപ്പനിയുടെ ഭാഗമായി താറാവുകളെ കൊല്ലുന്ന സ്ഥലത്ത് ഗുണ്ടാ സംഘങ്ങൾ തമ്മിൽ കല്ലേറ്; ഫയർഫോഴ്സ് ജീവനക്കാരന് പരിക്ക്

പക്ഷിപ്പനിയുടെ ഭാഗമായി താറാവുകളെ കൊല്ലുന്ന സ്ഥലത്ത് ഗുണ്ടാ സംഘങ്ങൾ തമ്മിൽ കല്ലേറ്; ഫയർഫോഴ്സ് ജീവനക്കാരന് പരിക്ക്

ഫയര്‍ ഫോഴ്‌സിന്റെ പരാതിയെ തുടര്‍ന്ന് വൈക്കം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 • Share this:
  കോട്ടയം: പക്ഷിപ്പനി (Bird flu)വലിയ ദുരന്തം വിതച്ച കോട്ടയം (kottayam) ജില്ലയിലാണ് പക്ഷികളെ നിര്‍മാര്‍ജനം ചെയ്യുന്ന മേഖലയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.ഇന്നലെ രാത്രി വൈകിയാണ് സംഘര്‍ഷമുണ്ടായത്.

  രൂക്ഷമായ സംഘര്‍ഷത്തിലാണ് ഫയര്‍ഫോഴ്‌സ് ജീവനക്കാരന് പരിക്കേറ്റത്. സംഘര്‍ഷ സ്ഥലത്തുണ്ടായിരുന്ന ഫയര്‍ഫോഴ്‌സ് വാഹനങ്ങളും കല്ലേറില്‍ തകര്‍ന്നു. താറാവിനെ കൊന്നു കത്തിക്കുന്ന സ്ഥലത്ത് ആണ് ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുറ്റിയത്.

  സ്ഥലത്ത് നടന്ന രൂക്ഷമായ കല്ലേറില്‍ വൈക്കം ഫയര്‍ സ്റ്റേഷനിലെ ഫയര്‍മാന്‍ ആലപ്പുഴ സ്വദേശി അരുണ്‍രാജിനാണ് പരിക്കേറ്റത്. കല്ലേറില്‍ ഇയാളുടെ കാല്‍മുട്ടിന് ആണ് പരിക്കേറ്റത്. ഇയാളെ വൈക്കം താലുക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി.

  വെച്ചൂര്‍ മുച്ചൂര്‍ കാവിനു സമീപം കട്ടമടയില്‍ ഇന്നലെ രാത്രി 11.30 നായിരുന്നു സംഭവം. പക്ഷി പനി ബാധിത പ്രദേശത്ത് രാത്രി താറാവുകളെകൊന്ന് സംസ്‌കരിക്കുന്നതിനായി വെച്ചൂര്‍ അച്ചിനകം സ്വദേശി അനന്തുഷാജിയെ ആണ് നിയോഗിച്ചിരുന്നത്. ഇയാളുമായി വെച്ചൂര്‍ സ്വദേശി അഖില്‍പ്രസാദും സംഘവും തമ്മില്‍ നടന്ന വാക്കേറ്റമാണ് കല്ലേറില്‍ കലാശിച്ചത്.

  ഏറെനേരം സ്ഥലത്ത് സംഘര്‍ഷ ഉണ്ടായതായി സംഭവസ്ഥലത്തുണ്ടായിരുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നു. താറാവിനെ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പിന്നീട് വലിയ സംഘര്‍ഷത്തില്‍ കലാശിച്ചത്.

  ഫയര്‍ ഫോഴ്‌സിന്റെ പരാതിയെ തുടര്‍ന്ന് വൈക്കം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെ തന്നെ ഈ മേഖലകളില്‍ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട താറാവുകളെ കൊല്ലുന്ന വിഷയത്തില്‍ തര്‍ക്കം നിലനിന്നിരുന്നു. മുന്‍വര്‍ഷങ്ങളിലും താറാവുകളെ കൊല്ലുന്ന വിഷയത്തില്‍ കര്‍ഷകര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ ശക്തമായ പോലീസ് സന്നാഹത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കുക എന്ന് ജില്ലാകളക്ടര്‍ പികെ ജയശ്രീ വ്യക്തമാക്കിയിരുന്നു.

  എന്നാല്‍ സംഘര്‍ഷം ഉണ്ടാകുന്ന സമയത്ത് കാര്യമായ പോലീസ് സംഘം സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നാണ് ലഭ്യമാകുന്ന വിവരം. താറാവുകളെ ചിതയൊരുക്കി കത്തിക്കുന്ന സമയത്ത് തീപടരുന്നത് ഒഴിവാക്കാനാണ് ഫയര്‍ഫോഴ്‌സ് സംഘത്തെ സ്ഥലത്ത് ക്രമീകരിച്ചിരുന്നത്. സംഭവത്തില്‍ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. ഏറ്റവുമധികം പക്ഷിപ്പനിബാധ ഉണ്ടായ സ്ഥലമാണ് വെച്ചൂര്‍ പഞ്ചായത്ത്.

  ആദ്യദിവസം തന്നെ ജില്ലാ വെറ്ററിനറി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ കട്ടമട പാടശേഖരത്തില്‍ എത്തിയാണ് നടപടിക്രമങ്ങള്‍ക്ക് തുടക്കമിട്ടത്. ആകെ താറാവുകളെ കൊല്ലേണ്ടതില്‍ ഭൂരിഭാഗവും വെച്ചൂര്‍ പഞ്ചായത്തില്‍ ആണ് ഉള്ളത്. ഇവിടങ്ങളില്‍ ഉള്ള കോഴി അടക്കമുള്ള മറ്റു പക്ഷികളെയും കൊന്നു വരികയാണ്. നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് സംഘര്‍ഷമുണ്ടായത്.

  Kochi Metro: യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകൾ; ട്രെയിനുകളുടെ എണ്ണം കൂട്ടുന്നു

  അക്രമത്തില്‍ പങ്കാളികളായ മുഴുവന്‍പേരെയും വേഗത്തില്‍ കസ്റ്റഡിയിലെടുക്കാന്‍ ആണ് പോലീസ് നടപടി. വൈക്കം പോലീസിന്റെ നേതൃത്വത്തില്‍ ആണ് സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തില്‍ പരിക്കേറ്റ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി വൈക്കം പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

  ദൃക്‌സാക്ഷികളായ മറ്റു ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണവുമായി മുന്നോട്ടുപോകാനാണ് പോലീസ് തീരുമാനം. സംഭവസ്ഥലത്ത് അപ്രതീക്ഷിതമായി ഉണ്ടായ സംഘര്‍ഷം ജീവനക്കാരെയും ആശങ്കയിലാക്കിയിട്ടുണ്ട്. മതിയായ സുരക്ഷയില്ലാതെ ആണ് പക്ഷികളെ കൊന്നൊടുക്കുന്ന നടപടി തുടരുന്നത് എന്നാണ് ഉയരുന്ന ആരോപണം.

  K-Rail| സിൽവർലൈൻ പദ്ധതിക്കെതിരായ നിവേദനത്തിൽ ശശി തരൂർ ഒപ്പിടാത്തതിനെക്കുറിച്ച് പാർട്ടി അന്വേഷിക്കും: വി ഡി സതീശൻ
  Published by:Jayashankar Av
  First published: