• HOME
  • »
  • NEWS
  • »
  • kerala
  • »
  • STORY OF ABDURAHMAN KUTTY FROM PARAPPANANGADI WHO WAS DISTRESSED BY THE KARIPUR AIR CRASH SAR TV

കരിപ്പൂർ വിമാന ദുരന്തം; വേദനയിൽ മുങ്ങി ചെട്ടിപ്പടി സ്വദേശി അബ്ദുറഹ്മാൻ കുട്ടിയും കുടുംബവും 

മകന്‍ സ്‌കൂളിലെ ഫുട്ബാള്‍ ടീം ക്യാപ്റ്റന്‍ ആയിരുന്നു. ഇനി ഇപ്പൊ ഫുട്ബാള്‍ തട്ടാന്‍ പോലും ആകില്ല. സൈക്കിള്‍ ചവിട്ടാനും പാടില്ല.' മകനെ ചേര്‍ത്ത് നിര്‍ത്തി അദ്ദേഹം പറഞ്ഞു.

News18 Malayalam

News18 Malayalam

  • Share this:
മലപ്പുറം: പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അബ്ദുറഹ്മാന്‍ കുട്ടിക്കും കുടുംബത്തിനും കരിപ്പൂര്‍ വിമാന ദുരന്തം നല്‍കിയത് ഉണങ്ങാത്ത മുറിവുകള്‍ ആണ്. അബ്ദുറഹ്മാന്‍ കുട്ടിക്കും ഭാര്യ മുനീറക്കും മകന്‍ മുഹമ്മദ് സുഹൈലിനും ഗുരുതര പരിക്കുകള്‍ ആണ് അപകടത്തില്‍ ഉണ്ടായത്. ഇനി വിദേശത്തേക്ക് തിരിച്ചു പോകാന്‍ കഴിയാത്ത സ്ഥിതിയില്‍ ആയി ഇദ്ദേഹം.

വാക്കറില്‍ ഊന്നിയാണ് അബ്ദുറഹ്മാന്‍ കുട്ടി നടക്കുന്നത്. വലതു കാലില്‍ ശസ്ത്രക്രിയകളുടെ ഉണങ്ങാത്ത മുറിവുകള്‍. കസേരയില്‍ ഇരുന്ന്, മറ്റൊരു കസേരയിലേക്ക് കാലു നീട്ടി വച്ച് അബ്ദുറഹ്മാന്‍ കുട്ടി പറഞ്ഞു തുടങ്ങി. വേദന വിങ്ങുന്ന വാക്കുകള്‍' ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കാല്‍ ഒടിഞ്ഞു തൂങ്ങിയ നിലയില്‍ ആയിരുന്നു. പിന്നീട് ശസ്ത്രക്രിയ എല്ലാം നടത്തി. വടിയില്‍ ഊന്നി നടന്നു തുടങ്ങുന്ന സമയത്ത് വീണ്ടും വേദന വന്നു. ഒരിക്കല്‍ കൂടി ശസ്ത്രക്രിയ വേണ്ടി വന്നു.

വാരിയെല്ലിന്റെ ഒരു ഭാഗം പൊടിച്ച് പൊട്ടിയ എല്ലിനൊപ്പം ചേര്‍ത്ത് ആണ് ശസ്ത്രക്രിയ നടത്തിയത്. ഇപ്പോഴും പൂര്‍ണമായും പഴയ പോലെ ആയിട്ടില്ല. മുഖം ഇടിച്ചിരുന്നത് കൊണ്ടുള്ള പ്രശ്‌നങ്ങള്‍ വേറെ. മുഖത്ത് ചില ഭാഗത്ത് ഒന്നും തൊട്ടാല്‍ ഇപ്പോഴും അറിയില്ല. പല്ലുകള്‍ക്ക് ഇളക്കം പറ്റിയിരുന്നു. അതൊക്കെ പതിയെ ഭേതമാകുന്നു 'അനുഭവിക്കുന്ന വേദന വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ ആകില്ല ഇദ്ദേഹത്തിന്. മുനീറക്ക് ഇപ്പോഴും നടക്കാന്‍ സാധിക്കില്ല. തോളിന് ഏറ്റ പരിക്കുകള്‍ കൈകളുടെ ചലനത്തെ ഇപ്പോഴും അലട്ടുന്നുണ്ട്.

'കൈകള്‍ക്കും കാലുകള്‍ക്കും എല്ലാം പരിക്കേറ്റു..ഇപ്പോഴും നടക്കാന്‍ ആയിട്ടില്ല. ഇനിയും ശസ്ത്രക്രിയകള്‍ ബാക്കി ഉണ്ട്. പാചകം ചെയ്യാനോ അലക്കാനോ ഒന്നും പഴയ പോലെ ആകില്ല. ഒന്നും പഴയ പോലെ ആകില്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ പറഞ്ഞിട്ടുണ്ട്.' മുനീറ പറഞ്ഞു.

മകന്‍ മുഹമ്മദ് സുഹൈലിന് കാലുകള്‍ക്ക് ആയിരുന്നു പരിക്ക്. സ്‌കൂളില്‍ മികച്ച ഫുട്ബാള്‍ കളിക്കാരന്‍ ആയിരുന്ന ഈ കുട്ടിക്ക് ഇനി ഫുട്ബാള്‍ തട്ടാന്‍ പോലും ആകുമോ എന്ന് പറയാന്‍ ആകില്ല. 'മോന്റെ പരിക്കുകള്‍ക്ക് നിലവില്‍ ചെയ്യേണ്ട ചികിത്സകള്‍ എല്ലാം ചെയ്തു. അവന്റെ കാലുകള്‍ക്ക് ആയിരുന്നു പരിക്ക്. ഇതൊക്കെ അവന്റെ വളര്‍ച്ചയെ എങ്ങിനെ ബാധിക്കും എന്ന് അറിയില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അത് പരിശോധിച്ച് വേണം തുടര്‍ ചികിത്സയെല്ലാം. പക്ഷെ അത് ഇപ്പൊള്‍ ആകില്ല. സ്‌കൂളിലെ ഫുട്ബാള്‍ ടീം ക്യാപ്റ്റന്‍ ആയിരുന്നു. ഇനി ഇപ്പൊ ഫുട്ബാള്‍ തട്ടാന്‍ പോലും ആകില്ല. സൈക്കിള്‍ ചവിട്ടാനും പാടില്ല.' മകനെ ചേര്‍ത്ത് നിര്‍ത്തി അദ്ദേഹം പറഞ്ഞു.

ഗള്‍ഫില്‍ ബാങ്കില്‍ ആയിരുന്നു റഹ്മാന് ജോലി. പക്ഷേ ഇനി അവിടേക്ക് പോകാന്‍ ആകുമോ എന്ന് അറിയില്ല.' അവിടെ ഉള്ളത് എല്ലാം വില്‍ക്കേണ്ടി വന്നു. വിസയുടെ കാലാവധിയും കഴിഞ്ഞു. മക്കളുടെ പഠനം ഒക്കെ നടക്കുന്ന സമയം ആണ്. പക്ഷേ ഇനി ഒന്നും പഴയ പോലെ ആകില്ല. ഇനി ഗള്‍ഫിലേക്ക് പോകാന്‍ ആകുമോ എന്ന് അറിയില്ല. 09 വര്‍ഷത്തെ സര്‍വീസ് കൂടി ഉണ്ടായിരുന്നു. ഇനി...' അബ്ദു റഹ്മാന്‍ കുട്ടി പറഞ്ഞു നിര്‍ത്തുന്നു.

ചികിത്സകള്‍ എല്ലാം എയര്‍ ഇന്ത്യയുടെ സഹായത്തോടെ ആണ് പുരോഗമിക്കുന്നത്. നഷ്ടപരിഹാര ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍ എത്തിയിട്ടില്ല. ഈ ശാരീരിക പ്രയാസങ്ങള്‍ എല്ലാം അതിജീവിച്ച് നാട്ടില്‍ പുതിയ ജീവിതം കരുപ്പിടിപ്പിക്കാന്‍ ഇനി പ്രതീക്ഷ ഈ നഷ്ടപരിഹാര തുകയില്‍ ആണ്. സര്‍ക്കാരുകളുടെ സഹായ വാഗ്ദാനം വെറും വാക്ക് മാത്രമായി എന്ന് അബ്ദു റഹ്മാന്‍ കുട്ടിയും പറയുന്നു. തീരാ വേദനകള്‍ക്ക് ഇടയിലും ഇദ്ദേഹം ആശ്വസിക്കുന്നത് ഒരു കാര്യത്തില്‍ മാത്രം. അപകടത്തില്‍ ജീവന്‍ ബാക്കി കിട്ടിയല്ലോ...
Published by:Sarath Mohanan
First published:
)}