സങ്കടക്കണ്ണീര്‍ സന്തോഷപ്പുഴയായപ്പോള്‍, പ്രളയം തകര്‍ത്ത ജീഷ്മയുടെ വിവാഹ സ്വപ്‌നം തിരികെ ലഭിച്ച കഥ

എല്ലാംകൊണ്ടും ദുര്‍ബലമായ കുടുംബമാണ്. അപ്പോഴേക്കും ഒരുകാര്യം മനസ്സിലുറച്ചിരുന്നു. വാര്‍ത്തകൊണ്ട് ഇവരുടെ ജീവിതത്തില്‍ ചെറിയമാറ്റങ്ങളെങ്കിലും കൊണ്ടുവരാന്‍ കഴിയണം. വേഗം ആവശ്യമായ ദൃശ്യങ്ങളെടുക്കാന്‍ ക്യാമറാമാനോട് പറഞ്ഞു...

news18-malayalam
Updated: November 18, 2019, 2:49 PM IST
സങ്കടക്കണ്ണീര്‍ സന്തോഷപ്പുഴയായപ്പോള്‍, പ്രളയം തകര്‍ത്ത ജീഷ്മയുടെ വിവാഹ സ്വപ്‌നം തിരികെ ലഭിച്ച കഥ
എല്ലാംകൊണ്ടും ദുര്‍ബലമായ കുടുംബമാണ്. അപ്പോഴേക്കും ഒരുകാര്യം മനസ്സിലുറച്ചിരുന്നു. വാര്‍ത്തകൊണ്ട് ഇവരുടെ ജീവിതത്തില്‍ ചെറിയമാറ്റങ്ങളെങ്കിലും കൊണ്ടുവരാന്‍ കഴിയണം. വേഗം ആവശ്യമായ ദൃശ്യങ്ങളെടുക്കാന്‍ ക്യാമറാമാനോട് പറഞ്ഞു...
  • Share this:
മുഹമ്മദ് ഷഹീദ്

ഓഗസ്റ്റ് പതിമൂന്നിന് വൈകുന്നേരമായിരുന്നു അത്. നിലമ്പൂരില്‍ തുടര്‍ച്ചയായുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ചാലിയാര്‍ ഭ്രാന്തമായൊഴുകിയതിനെ തുടര്‍ന്ന് തീരത്തുള്ള ആയിരക്കണക്കിന് മനുഷ്യരാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റപ്പെട്ടത്. പ്രളയജലം പിന്‍വാങ്ങിത്തുടങ്ങിയ സമയമാണ്. ചാലിയാര്‍ വലിയ ദുരിതമുണ്ടാക്കിയ ചാത്തമംഗലം, മാവൂര്‍ പ്രദേശത്തെ മനുഷ്യരെത്തേടിയിറങ്ങിയതാണ്. കുന്ദമംഗലത്തെ സുഹൃത്ത് ബഷീര്‍ ചാത്തമംഗലം സ്‌കൂളില്‍ വിവാഹം പ്രതിസന്ധിയിലായ ഒരു കുടുംബം കഴിയുന്നുണ്ടെന്നറിയിച്ചു. ഉച്ചതിരിഞ്ഞിട്ടുണ്ടാകും. ഞങ്ങള്‍ സ്‌കൂളിലെത്തിയപ്പോള്‍ ക്യാമ്പിലെ ഭൂരിപക്ഷം പേരും തിരിച്ച് വീട്ടിലേക്ക് പോയിത്തുടങ്ങിയിട്ടുണ്ട്. രണ്ട് കുടുംബങ്ങള്‍ മാത്രമാണ് ക്യാമ്പിലുള്ളതെന്ന് നാട്ടുകാര്‍ അറിയിച്ചു.

പ്രളയജലം പിന്‍വാങ്ങിയെങ്കിലും മഴ കോരിച്ചൊരിയുന്നുണ്ട്. സ്‌കൂളിലെ ഒരു ക്ലാസ് മുറിയില്‍ വൃദ്ധരായ രണ്ടമ്മമാര്‍ നില്‍ക്കുന്നു. ചെന്ന് പരിചയപ്പെട്ടു. ന്യൂസ് 18നില്‍ നിന്നാണെന്നും മകളുടെ വിവാഹം പ്രതിസന്ധിയിലായതിനെക്കുറിച്ച് വാര്‍ത്ത ചെയ്യാനെത്തിയതാണെന്നും അറിയിച്ചു. അപ്പോഴേക്കും ആ അമ്മ വിതുമ്പിത്തുടങ്ങിയിരുന്നു. പെട്ടെന്ന് ക്യാമറ ഓണ്‍ചെയ്യാന്‍ വിനോദ്കുമാറിനോട് നിര്‍ദേശിച്ചു. അപ്പോഴേക്കും അമ്മ കദന കഥ പറഞ്ഞുതുടങ്ങിയിരുന്നു. രാത്രി രണ്ടുമണിക്ക് പ്രളയജലം കയറി ജീവനും കൊണ്ട് ഓടിയതിനെക്കുറിച്ചും വിവാഹത്തിന് കരുതിവെച്ച കുറച്ച് പണം നഷ്ടപ്പെട്ടതിനെക്കുറിച്ചും പറഞ്ഞു. വീടെന്ന കൊച്ചുകൂരയില്‍ സൂക്ഷിച്ചതെല്ലാം നശിച്ചു.

അമ്മ അകത്തേക്ക് പോയി കല്ല്യാണക്കത്തുമായി വന്നു. രാജശേഖരന്റെ മകള്‍ ജീഷ്മയും ബൈജുവും തമ്മിലുള്ള വിവാഹക്ഷണക്കത്ത്. അതോടെ ആ അമ്മയുടെ ഹൃദയം പൊട്ടി. മകളെച്ചേര്‍ത്തുനിര്‍ത്തി എന്നോട് ആ അമ്മ പറഞ്ഞു. എന്റെ മകളെ വിവാഹം കഴിപ്പിച്ചിറക്കണം. ഏറെക്കാലമായുള്ള ആഗ്രഹമാണ്. എന്റെകയ്യില്‍ ഒന്നുമില്ല... നിങ്ങള്‍ സഹായിക്കണം...നിര്‍വ്വികാരനായി മൈക്കുപിടിച്ചുനില്‍ക്കുമ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയുണ്ടായിരുന്നു. എനിക്കെന്ത് ചെയ്യാന്‍ കഴിയും. വാര്‍ത്ത നല്‍കാമെന്നല്ലാതെ മറ്റൊന്നുമാകില്ല. നിസ്സഹായനായ നിമിഷം. അമ്മയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. കണ്ണില്‍ പ്രതീക്ഷയുടെ വെളിച്ചം നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയും അവിടെയുണ്ട്. കല്ല്യാണപ്പെണ്ണ് ജീഷ്മ. വിവാഹത്തെക്കുറിച്ച് ജീഷ്മയോട് ചോദിക്കാന്‍ ആദ്യം മടിച്ചു. സ്വപ്‌നം കണ്ട നല്ലജീവിതം പ്രതിസന്ധിയിലായി നില്‍ക്കുന്ന പെണ്‍കുട്ടിയോട് എങ്ങിനെയാണ് ജീവിതത്തെക്കുറിച്ച്ചോദിക്കുകയെന്ന് ശങ്കിച്ചു.

ഒരുനിമിഷത്തിന് ശേഷം ഞാന്‍ മൈക്കുമായി ജീഷ്മയ്ക്കരികിലേക്ക് പോയി. വേദനയോടെയാണെങ്കിലും ജീഷ്മ തന്നെ ജീവിതം പറയുമ്പോള്‍ അതവര്‍ക്കുതന്നെ ഗുണമാകുമെന്ന് സ്വയം പറഞ്ഞ് വിശ്വസിപ്പിച്ചു. ജീഷ്മ സംസാരിക്കാന്‍ തയ്യാറായിരുന്നു. അവള്‍ ജീവിതം പറഞ്ഞു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ജോലി നോക്കുന്നു. പതിനായിരം രൂപ ശമ്പളം. രണ്ടു സഹോദരങ്ങളുണ്ട്. പെയിന്റിങ് ജോലിക്കൊക്കെ പോകുന്നുണ്ട്. തറവാട് വീതം വെച്ചപ്പോള്‍ ലഭിച്ച പണം കൊണ്ട് ഭൂമി വാങ്ങി. താല്‍ക്കാലിക ഷെഡ്ഡുണ്ടാക്കി ജീവിക്കുകയാണ്. ഇതിനിടെ വിവാഹം വന്നു. അതിനുള്ള ഒരുക്കങ്ങള്‍ക്കിടിയൊണ് പ്രളയജലം സ്വപ്‌നങ്ങള്‍ തകര്‍ത്തത്. ഇനിയെന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ലെന്ന് ജീഷ്മ പറഞ്ഞപ്പോള്‍ നിര്‍വ്വികാരതയോടെ ഞാന്‍ മൈക്ക് പിടിച്ചങ്ങിനെ നിന്നു. അച്ഛനോടും സംസാരിച്ചു. ദുര്‍ബലമായ ശബ്ദം. സഹോദരങ്ങളുണ്ട്. അതിവേഗത്തിലോടുന്ന ലോകത്ത് മത്സരിക്കാന്‍ കഴിയാതെ മാറിനില്‍ക്കുന്നവര്‍...  എല്ലാംകൊണ്ടും ദുര്‍ബലമായ കുടുംബമാണ്. അപ്പോഴേക്കും ഒരുകാര്യം മനസ്സിലുറച്ചിരുന്നു. വാര്‍ത്തകൊണ്ട് ഇവരുടെ ജീവിതത്തില്‍ ചെറിയമാറ്റങ്ങളെങ്കിലും കൊണ്ടുവരാന്‍ കഴിയണം. വേഗം ആവശ്യമായ ദൃശ്യങ്ങളെടുക്കാന്‍ ക്യാമറാമാനോട് പറഞ്ഞു.

NEWS 18 IMPACT: ആ വിവാഹം മുടങ്ങില്ല; കുടുംബത്തിന് കൈത്താങ്ങായി സുമനസുകൾ

പ്രളയം കയറിയിറങ്ങിയ ഇവരുടെ വീട്ടിലേക്കും പോകാമെന്ന് കരുതി. അമ്മ ഞങ്ങളുടെ കാറില്‍ത്തന്നെ കയറി. വീട്ടിലെത്തിയപ്പോള്‍ കുടുംബം പറഞ്ഞ കഥകള്‍ ശരിയെന്ന് ബോധ്യമായി. തറയക്ക് മുകളില്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് ഉയര്‍ത്തിയ കൂര. വീട്ടിലെ സാധനങ്ങളെല്ലാം വെള്ളം കയറി നശിച്ചിരിക്കുന്നു. ആ ദൃശ്യങ്ങളെടുമെടുത്ത് വേഗം ഡസ്‌കിലേക്കയച്ചു. കാറില്‍നിന്നുതന്നെ സ്‌ക്രിപ്റ്റ് ചെയ്തു. അന്ന് വൈകീട്ട് അഞ്ച് മണിക്ക് തന്നെ സ്റ്റോറി എയറില്‍വന്നു.

രാത്രി വൈകിയാണ് ന്യൂസ് 18 ഫേസ്ബുക്ക് ശ്രദ്ധിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം വാര്‍ത്ത പതിനായിരങ്ങള്‍ കണ്ടു. നിരവധി പേര്‍ കുടുംബത്തിന്റെ കോണ്‍ടാക്ട് നമ്പര്‍ ചോദിച്ച് കമന്ററിട്ടിരിക്കുന്നു. ഉടന്‍ ഇന്‍പുട്ട് എഡിറ്റര്‍ ശ്രീലാലേട്ടനെ വിളിച്ചു കാര്യം പറഞ്ഞു. അവരുടെ അക്കൗണ്ട് നമ്പര്‍ വാങ്ങി ഗ്രാഫിക്‌സ് ചെയ്ത് ഫേസ്ബുക്കിലിടാന്‍ അദ്ദേഹം നിര്‍ദേശിച്ചു. അധികം വൈകാതെ എനിക്ക് ഫോണ്‍ സന്ദേശങ്ങൾ എത്തിത്തുടങ്ങി. പത്ത് പവന്‍ സ്വര്‍ണ്ണം വാഗ്ദാനം ചെയ്ത് ഫിറോസ് കുന്നുംപറമ്പില്‍. മൂന്ന് പവന്‍ സ്വര്‍ണ്ണവും വിവാഹച്ചെലവും വാഗ്ദാനം ചെയ്ത് വടകര ഇരിങ്ങലില്‍ നിന്നും ഹംസ എന്നയാള്‍ വിളിച്ചു. വൈകാതെ എഡിറ്റര്‍ രാജീവ് സര്‍ വിളിച്ചു വാര്‍ത്തയുടെ വിശദാംശങ്ങള്‍ ചോദിച്ചു. ഫോളോഅപ്പ് ചെയ്യാനും നിര്‍ദേശിച്ചു.

പിറ്റേന്ന് രാവിലെ തന്നെ കോഴിക്കോട്ടെ വ്യവസായി ഷാന്‍ ചാത്തമംഗലത്തെത്തി കുടുംബത്തെക്കണ്ട് സ്വര്‍ണ്ണവും വീടും വിവാഹച്ചെലവും ഏറ്റെടുത്തു. ഉച്ച തിരിഞ്ഞ് ഫിറോസ് കുന്നുംപറമ്പിലെത്തി രണ്ട് ലക്ഷം രൂപയുടെ ചെക്ക് നല്‍കി. അപ്പോഴേക്കും നൂറ് കണക്കിന് ഫോണ്‍കോളുകളാണ് ജീഷ്മയെത്തേടിയെത്തിയത്. പലവിധ സഹായങ്ങള്‍. വിവാഹത്തിന് പന്തല്‍, മേക്കപ്പ്, ഫോട്ടോഗ്രഫി, വാഹനം തുടങ്ങി ചിലവുകളേറ്റെടുക്കാന്‍ നിരവധി പേര്‍. സഹായിക്കാനെത്തിയവരെ മാനേജ് ചെയ്യാന്‍ കഴിയാതെ ജീഷ്മ പ്രതിസന്ധിയിലായ സമയം. അപ്പോഴും ആ അമ്മ കരയുന്നുണ്ട്. പ്രളയമെടുത്ത് പോയ ജീവിതം തിരികെക്കിട്ടിയിരിക്കുന്നു. കൂടുതല്‍ ഭംഗിയായി. ഒറ്റപ്പെടലിന്റെയും സങ്കടത്തിന്റെയും തീരത്ത് നിന്ന് ഒരു രാവുകൊണ്ട് സന്തോഷത്തിന്റെയും ചേര്‍ത്തുനിര്‍ത്തലിന്റെയും കരുതലിന്റെയും ലോകത്തേക്കെത്തിയിരിക്കുന്നു. സെപ്തംബര്‍ എട്ടിനാണ് ജീഷ്മയുടെ വിവാഹം. വിവാഹത്തിന് വരണമെന്ന് ജീഷ്മ ഇടക്കിടെ വിളിച്ച്ഓര്‍മ്മിപ്പിക്കാറുണ്ട്.

വാര്‍ത്തയുടെ ഇംപാക്ടുണ്ടാവുമ്പോള്‍ റിപ്പോര്‍ട്ടര്‍ക്ക് സന്തോഷമുണ്ടാകും. ഇത് പക്ഷെ അങ്ങിനെയല്ലല്ലോ. ജീഷ്മക്കും കുടുംബത്തിനും ജീവിതം തിരിച്ചു ലഭിക്കുകയാണ്. അതിനേക്കാളുപരി പ്രളയത്തിന്റെ മഹാദുരിതങ്ങളെത്തോല്‍പ്പിക്കുന്ന മനുഷ്യരെക്കാണുകയാണ്. ഒന്നല്ല, രണ്ടല്ല, ഒരായിരം പേരെ. നാം തോല്‍ക്കില്ലെന്നുള്ള ആഹ്ലാദം മനസ്സില്‍ അല തല്ലി. പിന്നീട് ചെയ്ത ലൈവുകളെല്ലാം ആനന്ദത്തിന്റെതായിരുന്നു...
First published: September 7, 2019, 6:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading