"ഞങ്ങൾ എൻ.സി.സി അംഗങ്ങൾ ആണ്...സന്നിധാനത്ത് അയ്യപ്പ ഭക്തർക്ക് സഹായം ചെയ്യാൻ കഴിയുന്നത് ഭാഗ്യമായാണ് കരുതുന്നത്" -എം എ വിദ്യാർത്ഥിയായ ഭരത് കുമാർ ഇങ്ങനെ പറഞ്ഞ് നിർത്തി. അവന്റെ കാലടിയിൽ മുറിവുകൾ ഉണ്ട്. പക്ഷേ അതൊന്നും കുഴഞ്ഞു വീണവരെ ആശുപത്രിയിലെത്തിക്കാൻ സ്ട്രെക്ചറുമായി ഓടുമ്പോൾ അവൻ ശ്രദ്ധിക്കുന്നില്ല. സന്നിധാനത്ത് അഖിലഭാരതീയ അയ്യപ്പ സേവാ സംഘത്തിന്റെ വളണ്ടിയർമാർ ആയ 238 കോളേജ് വിദ്യാർത്ഥികളിൽ ഒരാൾ മാത്രം ആണ് ഭരത് കുമാർ.
അടിയന്തിര വൈദ്യ സഹായം, ഭക്ഷണ വിതരണം, കുടിവെള്ള വിതരണം, ശുചീകരണം തുടങ്ങി അയ്യപ്പ സേവാ സംഘം ചെയ്യുന്ന എല്ലാ സേവന മേഖലകളിലും ഇവർ ഉണ്ട്. എല്ലാ വർഷവും സേവാ സംഘത്തിന്റെ ശാഖകൾ വഴിയാണ് ശബരിമലയിൽ സേവനം ചെയ്യാൻ താത്പര്യം ഉള്ളവരെ തെരഞ്ഞെടുക്കുന്നത്. അയ്യപ്പ സേവാ സംഘം നൽകുന്ന സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ കോളജുകൾ 5 മാർക്കും കുട്ടികൾക്ക് നൽകും.
കുട്ടികൾ മാത്രമല്ല, അധ്യാപകരും ഇവിടെ സന്നദ്ധ പ്രവർത്തകരായുണ്ട്. കേരളത്തിലെ കോളജുകളിൽ നിന്നും ആരും ശബരിമലയിൽ ഈ സേവന പ്രവർത്തനങ്ങൾക്ക് വരാറില്ലെന്ന് അയ്യപ്പ സേവാസംഘം അധികൃതർ പറയുന്നു. എന്നൽ ഇത്തവണ സർക്കാരിന്റെ സുദർശനം വയോജന ഭിന്നശേഷി പദ്ധതിയുമായി നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാരായ വിദ്യാർഥികൾ സഹകരിക്കുന്നുണ്ട്. ഇവർ പമ്പയിൽ ആണ് സേവനം ചെയ്യുന്നത്.
10 ദിവസത്തെ സേവനം ഇവർക്ക് ഒരു വർഷം മുഴുവൻ മുന്നോട്ട് പോകാനുള്ള ഊർജ്ജമാണ് നൽകുന്നത്. അക്കാരണം കൊണ്ടാണ് ഓരോ വർഷവും മണ്ഡലക്കാലം എത്താൻ ഇവർ കാത്തിരിക്കുന്നത്. ഒരു തവണ വന്നവർ സാധ്യമെങ്കിൽ വീണ്ടും വീണ്ടും സന്നിധാനത്തേക്ക് വരും. മറ്റ് ദിവസങ്ങളിൽ അവർ ആരായാലും ഈ സമയത്ത് അവർ സന്നിധാനത്തെ സേവകർ മാത്രമാണ്. മാനവ സേവ ആണ് മാധവ സേവ എന്ന പരമ സത്യം ഉൾക്കൊണ്ട പച്ച മനുഷ്യർ.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.