കൊച്ചി: കാസർകോട് (Kasaragod) ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ ഹൈക്കോടതി (High Court) സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് കേസെടുത്തത്. സംഭവത്തിൽ നിലപാടറിയിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നല്‍കി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി.കാസർകോട് സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിച്ചതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ശുചിത്വം ഉറപ്പാക്കാൻ നടപടി ഉണ്ടാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് രാത്രി ഭക്ഷണം വിൽക്കുന്ന കടകളിൽ ശക്തമായ പരിശോധന തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ഭക്ഷ്യവിഭവങ്ങളിൽ മായം ചേർക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാസർകോട് ചെറുവത്തൂരിൽ മൂന്ന് പേർക്ക് മാത്രമാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കൂടുതൽ പരിശോധനാഫലങ്ങൾക്കായി കാത്തിരിക്കുകയാണ്. ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
ഷവർമ കഴിച്ചാൽ മരണം സംഭവിക്കുന്നത് എങ്ങനെ? ആറ്റംബോംബിനെക്കാൾ അപകടകാരിയായ ബോട്ടുലിനം ടോക്സിൻ
ഷവർമ കഴിച്ചാൽ മരണം സംഭവിക്കുന്നത് എങ്ങനെയാണ് , അതും 24 മണിക്കൂറിൽ കുറഞ്ഞ സമയത്തിൽ, എന്ന സംശയം പലരും ചോദിച്ചു കണ്ടു.
സ്വാഭാവികമായ സംശയമാണ്. കാരണം "ഭക്ഷ്യ വിഷ" ബാധയിൽ ശരിക്കും ഉത്തരവാദി കേടായ ഭക്ഷണത്തിലുള്ള ബാക്ടീരിയ ആണല്ലോ... ഏതു ബാക്ടീരിയയും ശരീരത്തിൽ കടന്നാൽ പെറ്റുപെരുകി രോഗമുണ്ടാക്കാൻ ഒരു "ഇൻക്യുബേഷൻ പീരിയഡ്" വേണമല്ലോ... പിന്നെ എങ്ങനെ മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കും?
ഇതിന്റെ മറുപടി, പല ഭക്ഷ്യ വിഷബാധകളും അക്ഷരാർത്ഥത്തിൽ "വിഷ" ബാധകൾ തന്നെയാണ് എന്നതാണ്.
പല കുഞ്ഞൻ ബാക്ടീരിയകളും ഉഗ്രവിഷങ്ങൾ ( ടോക്സിൻസ് ) ഉത്പാദിപ്പിക്കാൻ മിടുക്കരാണ്...
ഇത്തരം ബാക്ടീരിയ ഷവർമയിലെ മയൊണേസിലും മറ്റു പഴകിയ ഭക്ഷണസാധനങ്ങളിലും വളരുമ്പോൾ അവ ഉത്പാദിപ്പിക്കുന്ന വിഷങ്ങളും ( ടോക്സിൻസ് ) ഇത്തരം ഭക്ഷണങ്ങളിൽ കലരും.
അതായത്, ബാക്ടീരിയ കേടായ ഭക്ഷണം കഴിക്കുന്ന ആളുടെ ശരീരത്തിൽ കടന്ന് പെറ്റുപെരുകി അണുബാധ ഉണ്ടാക്കിയല്ല, മറിച്ച് ഭക്ഷണത്തിൽ കലർന്നിരിക്കുന്ന ഇത്തരം ബാക്ടീരിയൽ ടോക്സിൻസ് ശരീരത്തിൽ കടക്കുന്നതു കൊണ്ടാണ് പല ഫുഡ് പോയ്സണിങ്ങുകളും ഉണ്ടാകുന്നത് എന്നർത്ഥം.
സ്റ്റാഫിലോകോക്കസ് , ക്ലോസ്ട്രിഡിയം തുടങ്ങിയ ബാക്ടീരിയകൾ, ഇങ്ങനെ നോക്കിയാൽ രാജവെമ്പാലയെക്കാൾ അപകടകാരികളാണ് !
ഇത്തരം പലജാതി ഭക്ഷ്യ വിഷബാധകളിലെ ഏറ്റവും ഭീകരനാണ് "ബോട്ടുലിസം". ക്ലോസ്ട്രിഡിയം ബോട്ടുലിനം (Clostridium botulinum) എന്ന ഒരു ബാക്ടീരിയ ഭക്ഷണത്തിൽ കടന്നു കൂടി, "ബോട്ടുലിനം ടോക്സിൻ" എന്ന വിഷവസ്തു ഉത്പാദിപ്പിച്ച്, അത് ചീത്തയായ ഭക്ഷണം കഴിക്കുന്ന ആളുടെ ഉള്ളിൽ ചെന്നാണ് ബോട്ടുലിസം ഉണ്ടാകുന്നത്. മാംസപേശികള തളർത്തിക്കളയുകയും നാഡീവ്യൂഹത്തിന്റെ പ്രവർത്തനം അവതാളത്തിലാക്കുകയും ചെയ്താണ് ബോട്ടുലിനം ടോക്സിൻ കൊല നടത്തുന്നത്...
ബോട്ടുലിനം ടോക്സിൻ എത്രമാത്രം ഭീകരനാണ് എന്നറിയാൻ ഒരു കണക്ക് നോക്കാം...
Also Read- കാസർഗോഡ് ഷവർമ കഴിച്ചു വിദ്യാർത്ഥിനി മരിച്ചു; 15 പേർ ആശുപത്രിയിൽ
ഹിരോഷിമയിൽ ഏതാണ്ട് എഴുപത്തയ്യായിരം മുതൽ ഒരു ലക്ഷം വരെ മനുഷ്യരാണ് "ലിറ്റിൽ ബോയ്" എന്ന ഓമനപ്പേരിൽ വിളിക്കപ്പെട്ട ആറ്റം ബോംബിന്റെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ലിറ്റിൽ ബോയ് ക്ക് ഏതാണ്ട് 4400 കിലോ ഭാരം ഉണ്ടായിരുന്നു - ഇതിലെ എൻറിച്ഡ് യുറേനിയത്തിന്റെ ഭാരം ഏതാണ്ട് 65-70 കിലോ വരുമായിരുന്നു. അതായത് 70 കിലോ സമ്പുഷ്ട യുറേനിയത്തിൽ നിന്ന് ഉള്ള അണുവികരണവും സ്ഫോടനവും ഏതാണ്ട് ഒരു ലക്ഷം പേരേ കൊലപ്പെടുത്തി.
ഈ ഭൂമുഖത്ത് ഏതാണ്ട് 550 - 600 കോടി മനുഷ്യർ ഉണ്ടല്ലോ... ( പഴയ കണക്കാണ് - ഇപ്പോ 800 കോടി കാണും എന്ന് തോന്നുന്നു.)
ഈ 800 കോടി മനുഷ്യരെ ഇല്ലായ്മ ചെയ്ത് , മനുഷ്യരാശിയെ ഭൂമുഖത്തു നിന്ന് തുടച്ച് നീക്കാൻ എത്രമാത്രം ബോട്ടുലിനം ടോക്സിൻ വേണം എന്ന് അറിയാമോ? (തിയററ്റിക്കൽ ആണേ - ഒരു മനുഷ്യനെ കൊല്ലാൻ വേണ്ട അളവിൽ നിന്നും ഗുണനം ചെയ്ത് എടുത്ത കണക്കാണ്.)
വെറും 40- 50 ഗ്രാം.....!
അതെ , വെറും 50 ഗ്രാം ബോട്ടുലിനം ടോക്സിൻ ( അതായത്, നിങ്ങളുടെ പാന്റിന്റെ പോക്കറ്റിലോ ഹാൻഡ് ബാഗിലോ ഇട്ടോണ്ട് നടക്കാൻ പറ്റുന്നത്രമാത്രം ചെറിയ അളവ് ) മതി മനുഷ്യരാശിയെ ഇല്ലായ്മ ചെയ്യാൻ . (ഒന്നൂടെ പറയട്ടെ - പ്രായോഗികമായി ഇത് ഈ രീതിയിൽ (ഭാഗ്യവശാൽ ) ഒരിക്കലും ഉപയോഗിക്കാൻ പറ്റില്ല - കാരണം ഈ 50 ഗ്രാമിനെ കൃത്യമായി വിഭജിച്ച് എല്ലാ മനുഷ്യരുടെയും ഉള്ളിൽ എത്തിച്ചാലേ ഇത് സാധ്യമായി വരൂ . ബോട്ടുലിനം ടോക്സിനും മറ്റ് ബാക്ടീരിയൽ ടോക്സിൻസും എത്രമാത്രം അപകടകാരികളാകാം എന്നതിന്റെ ഒരു ഉദാഹരണമായി പറഞ്ഞു എന്നേ ഉള്ളു.)
ആറ്റം ബോംബ് ഒക്കെ ഈ കുഞ്ഞൻ ബാക്ടീരിയകൾക്ക് മുൻപിൽ എന്ത്!!
എന്തായാലും ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഒന്നൂടെ പറയാം.
ഈ കൊടും വിഷമായ ബോട്ടുലിനം ടോക്സിൻ അതി സൂക്ഷ്മമായ അളവിൽ , പ്രോസസ് ചെയ്ത് എടുത്ത് മരുന്നായി ഉപയോഗിക്കാം. സെറിബ്രൽ പാൾസിയും സ്ട്രോക്കും പോലെയുള്ള പ്രശ്നങ്ങൾ ബാധിച്ചവരിലെ മസിൽ സ്റ്റിഫ് നെസ് കുറയ്ക്കാനും മസിലുകൾ അനാവശ്യമായി പ്രവർത്തിക്കുന്ന, "ഡിസ്‌റ്റോണിയ" (dystonia) മുതലായ ചില രോഗങ്ങളിൽ രോഗികൾക്ക് ആശ്വാസം പകരാനും. വേറെയും അനവധി ഉപയോഗങ്ങൾ ഉണ്ട് - മുഖത്തെ ചുളിവുകൾ മാറ്റി സൗന്ദര്യം വർദ്ധിപ്പിക്കാൻ , ഉൾപ്പടെ ! പല ന്യൂറോളജിക്കൽ രോഗങ്ങളിലും രോഗിക്ക് ആശ്വാസം പകരാൻ ഇത് വളരെ ഫലപ്രദവും അതോടൊപ്പം സുരക്ഷിതവും ആണ്!
മനുഷ്യനാരാ മോൻ !
(തിരുവനന്തപുരം ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ ന്യൂറോളജി പ്രൊഫസറാണ് ലേഖകൻ)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Food poison, Food Poisoning, Kasaragod, Shawarma