കാസർഗോഡ് (Kasargod) ബിരുദ വിദ്യാർഥിയെ (Degree Student) കൊണ്ട് കോളജ് പ്രിൻസിപ്പൽ (College Principal) കാലുപിടിപ്പിച്ചെന്ന ആരോപണം ഉന്നയിച്ച വിദ്യാർഥിക്കെതിരെ കേസ്. കാസർഗോഡ് ഗവ. കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിക്കെതിരെയാണ് കാസർഗോഡ് വനിതാ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. മാനഹാനി ഉണ്ടാക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന കോളജ് അധികൃതരുടെ പരാതിയിലാണ് കേസ്. വിഷയത്തിൽ പ്രതികരിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസും പ്രിൻസിപ്പലിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ മാസം 18ന് ആയിരുന്നു സംഭവം. കോളജിൽനിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രിൻസിപ്പൽ വിദ്യാർഥിയെക്കൊണ്ട് കാലുപിടിപ്പിച്ചെന്ന ആരോപണവുമായി എംഎസ്എഫ് ആണ് രംഗത്തുവന്നത്. കോളജിൽ നിന്ന് പുറത്താക്കാതിരിക്കണമെങ്കിൽ കാലുപിടിക്കണമെന്ന് പ്രിൻസിപ്പൽ ആവശ്യപ്പെട്ടുവെന്നാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ആരോപിച്ചത്.
എന്നാൽ വിദ്യാർഥി സ്വമേധയ കാലിൽ വീണാതാണെന്ന് പ്രിൻസിപ്പലിന്റെ മറുപടി. അതോടൊപ്പം വാർത്താ സമ്മേളനത്തിൽ ആരോപണം ഉന്നയിച്ച എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ സർക്കാർ അനുമതിയോടെ നിയമനടപടി സ്വീകരിക്കാനാണ് പ്രിൻസിപ്പലിന്റെ തീരുമാനം. കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തത് ചോദ്യം ചെയ്‌തപ്പോൾ വിദ്യാർഥി ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പ്രിൻസിപ്പൽ പറയുന്നത്. വിദ്യാർഥി സ്വമേധയാ കാലിൽ വന്ന് പിടിക്കുകയായിരുന്നു. സംഭവത്തിൽ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.
എംഎസ്എഫ് സംസ്‌ഥാന പ്രസിഡന്റിന്റെ ആരോപണങ്ങൾ തുകച്ചും അസത്യങ്ങളാണെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. വ്യക്തിപരമായി അപകീർത്തിപെടുത്തുന്ന പരാമർശങ്ങൾ നടത്തിയ പി കെ നവാസിനെതിരെ സർക്കാർ അനുമതിയോടെ നിയമ നടപടികൾ സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
ദേശീയ പതാക ഉയർത്തുന്ന കൊടിമരത്തിൽ എംഎസ്എഫ് അവരുടെ കൊടിയും തോരണങ്ങളും കെട്ടിയത് എതിർത്തിരുന്നു. ഇത് എടുത്തുമാറ്റാൻ പറഞ്ഞത് അവർക്ക് ഇഷ്‌ടമായില്ല. അതിന്റെ പേരിൽ എംഎസ്എഫ് നേതാക്കളുടെ ഭാഗത്ത് നിന്ന് നിരന്തര ഭീഷണി ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് വ്യാജ വീഡിയോ കൂട്ടുപിടിച്ച് തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നതെന്ന് പ്രിൻസിപ്പൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.