• HOME
  • »
  • NEWS
  • »
  • kerala
  • »
  • Bus fare | രണ്ടുരൂപാ കൺസഷൻ വിദ്യാര്‍ഥികള്‍ക്ക് നാണക്കേടെന്ന ഗതാഗതമന്ത്രിയുടെ കണ്ടുപിടിത്തത്തിനെതിരേ വിദ്യാര്‍ഥി സംഘടനകൾ

Bus fare | രണ്ടുരൂപാ കൺസഷൻ വിദ്യാര്‍ഥികള്‍ക്ക് നാണക്കേടെന്ന ഗതാഗതമന്ത്രിയുടെ കണ്ടുപിടിത്തത്തിനെതിരേ വിദ്യാര്‍ഥി സംഘടനകൾ

രണ്ടുരൂപയുടെ കണ്‍സഷന്‍ വിദ്യാര്‍ഥികള്‍ക്കുതന്നെ നാണക്കേടാണെന്ന മന്ത്രിയുടെ വാക്കുകള്‍ക്കെതിരേയാണ് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ അടക്കമുള്ളവയുടെ നേതാക്കള്‍ രംഗത്തെത്തിയത്

  • Share this:
    വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ (Bus Concession) നിരക്കുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു (Antony Raju) നടത്തിയ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി ഭരണ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍.  രണ്ടുരൂപയുടെ കണ്‍സഷന്‍ വിദ്യാര്‍ഥികള്‍ക്കുതന്നെ നാണക്കേടാണെന്ന മന്ത്രിയുടെ വാക്കുകള്‍ക്കെതിരേയാണ് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ അടക്കമുള്ളവയുടെ നേതാക്കള്‍ രംഗത്തെത്തിയത്.

    കണ്‍സഷനുമായി ബന്ധപ്പെട്ട മന്ത്രിയുടെ അഭിപ്രായം അപക്വമാണെന്ന് എസ്. എഫ്. ഐ. വിദ്യാർത്ഥി ബസ് കൺസെഷൻ ആരുടെയും ഔദാര്യമല്ലെന്നും അവകാശമാണെന്നും പത്രകുറിപ്പിൽ എസ്.എഫ്.ഐ വ്യക്തമാക്കി.

    നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാർത്ഥികളുടെ അവകാശമാണ് വിദ്യാർത്ഥി ബസ് കൺസഷൻ. അത് വർദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും, അതോടൊപ്പം തന്നെ നിലവിലെ കൺസഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാർഹമാണെന്ന് എസ് എഫ് ഐ വ്യക്തമാക്കി.

    ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ഇടതുപക്ഷ സർക്കാരിന്‍റെ വിദ്യാർത്ഥിപക്ഷ സമീപനങ്ങൾക്ക് കോട്ടം തട്ടുന്നതിന് ഇടയാക്കും. ഇത്തരത്തിലുള്ള പ്രസ്താവനകളും, അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയോട് കൂടി ചെയ്യേണ്ടതായിരുന്നു. അതിനാൽ തന്നെ ഈ അഭിപ്രായം തിരുത്താൻ മന്ത്രി തയ്യാറാകണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് വി എ വിനീഷ്, സെക്രട്ടറി അഡ്വ: കെ. എം സച്ചിൻ ദേവ് എം.എൽ.എ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

     Also Read- 'ബസ്സുകളിലെ കൺസഷൻ നിരക്ക് വിദ്യാർഥികൾക്ക് തന്നെ നാണക്കേട്'; നിരക്ക് കൂട്ടുമെന്ന് മന്ത്രി ആന്റണി രാജു

    മന്ത്രിയുടെ പ്രസ്താവന വിദ്യാർത്ഥി വിരുദ്ധമാണെന്ന് സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫ്. (AISF) അഭിപ്രായപ്പെട്ടു. കേരളത്തിന് നാണക്കേടായ മന്ത്രി നിരുപാധികം മാപ്പ് പറയണമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത യാത്രാവകാശത്തെ പരിഹസിച്ച മന്ത്രിയുടെ പ്രസ്താവന വിദ്യാർത്ഥി സമൂഹത്തെ അപമാനിക്കലാണ്. വിദ്യാർത്ഥി വിരുദ്ധമായ സമീപനത്തിൽ നിന്നും മന്ത്രി പിന്നോട്ട് പോണമെന്നും പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും AISF സംസ്ഥാന പ്രസിഡൻ്റ് പി. കബീറും സെക്രട്ടറി ജെ.അരുൺ ബാബുവും ആവശ്യപ്പെട്ടു.

    പ്രസ്താവന പിന്‍വലിച്ച് വിദ്യാര്‍ത്ഥി സമൂഹത്തോട് ഗതാഗത മന്ത്രി ആന്റണി രാജു മാപ്പ് പറയണമെന്ന് ABVP ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ അവകാശമാണ് ബസ് കണ്‍സെഷന്‍. ബസ് മുതലാളിമാര്‍ക്ക് ഓശാന പാടി വിദ്യാര്‍ത്ഥി കണ്‍സഷന്‍ തോന്നുംപടിയാക്കാമെന്ന് മന്ത്രി ധരിച്ചുവെക്കരുതെന്നും എബിവിപി സംസ്ഥാന സെക്രട്ടറി എന്‍സിടി ഹരി പറഞ്ഞു.

     Also Read- ബസ് ഉടമകളുടെ ആവശ്യം ന്യായം; ബസ് ചാർജ് വർധനവ് ഉണ്ടാകുമെന്ന് മന്ത്രി ആന്റണി രാജു

    എല്ലാം സഹിക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തെ വിഡ്ഢികളാക്കുന്നതാണ്  ഗതാഗത മന്ത്രിയുടെ ഇന്നത്തെ പ്രസ്താവന. തീര്‍ത്തും നിരുത്തരവാദിത്വപരമായ പ്രസ്താവന പിന്‍വലിച്ച് വിദ്യാര്‍ഥിസമൂഹത്തോട് മാപ്പ് പറയാന്‍ മന്ത്രി തയ്യാറാവണം. ധിക്കാരപരമായ നിലപാടുമായിട്ടാണ് മന്ത്രി മുന്നോട്ട് പോകുന്നതെങ്കില്‍ ഗതാഗത മന്ത്രിയെ  എബിവിപി വഴിയില്‍ തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.

    മന്ത്രിയുടെ പ്രസ്താവന വിദ്യാര്‍ഥികളോടുള്ള വെല്ലുവിളിയാണെന്ന് കെ.എസ്.യു. സംസ്ഥാന അധ്യക്ഷന്‍ കെ.എം. അഭിജിത്ത് പ്രതികരിച്ചു. പ്രസ്താവന പിന്‍വലിക്കാന്‍ മന്ത്രി തയ്യാറാകണമെന്നും മന്ത്രി മാളികയില്‍ താമസിക്കുന്ന ആന്റണി രാജു പാവപ്പെട്ടവനെ മറന്ന്, വിദ്യാര്‍ഥി സമൂഹത്തെയും പൊതുസമൂഹത്തെയും വെല്ലുവിളിക്കാനാണ് തയ്യാറാകുന്നതെങ്കില്‍ അത്തരം നടപടികളെ പ്രതിരോധിക്കാന്‍ കെ.എസ്.യു മുന്നിലുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
    Published by:Arun krishna
    First published: