• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കോടിയേരിയുടെ കുടുംബത്തിന് ഇത്രയധികം പണം എവിടെ നിന്ന് ലഭിച്ചു; അധികാരത്തിലെത്തിയാൽ അന്വേഷിക്കും': കെ സുധാകരൻ

'കോടിയേരിയുടെ കുടുംബത്തിന് ഇത്രയധികം പണം എവിടെ നിന്ന് ലഭിച്ചു; അധികാരത്തിലെത്തിയാൽ അന്വേഷിക്കും': കെ സുധാകരൻ

മുഖ്യമന്ത്രിയുടെ മകളുടെ ഐടി ബിസിനസിന്റെ മൂലധനം എവിടെ നിന്നാണെന്നും സുധാകരന്‍

കെ. സുധാകരൻ, കോടിയേരി ബാലകൃഷ്ണൻ

കെ. സുധാകരൻ, കോടിയേരി ബാലകൃഷ്ണൻ

  • Share this:
    പാലക്കാട്: അവധിയിൽ പോയ സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിനെതിരെ വിമർശനവുമായി കെ. സുധാകരൻ എം.പി. കോടിയേരിയുടെ കുടുംബത്തിന് ഇത്രയധികം പണം എവിടെ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു. ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട ഐഫോൺ വിവാദത്തിൽ കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ.

    മുഖ്യമന്ത്രിയുടെ മകളുടെ ഐടി ബിസിനസിന്റെ മൂലധനം എവിടെ നിന്നാണെന്നും സുധാകരന്‍ ചോദിച്ചു. വിനോദിനിക്ക് ഐ ഫോണ്‍ ലഭിച്ചതിനെക്കുറിച്ച്‌ പുറത്തുവന്ന വാര്‍ത്തകള്‍ ചെറിയ പടക്കം മാത്രമാണെന്നും വലിയ പടക്കങ്ങള്‍ പൊട്ടാനിരിക്കുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

    Also Read 'എനിക്കെതിരെ കോടിയേരി ആരോപിക്കുമ്പോൾ സ്വന്തം ഭാര്യ അത് ഉപയോഗിക്കുകയായിരുന്നു'; രമേശ് ചെന്നിത്തല

    'ഏത് പശ്ചാത്തലത്തിലാണ് കോടിയേരി ബാലൃഷ്ണന്‍ അവധിയെടുത്തത്? അദ്ദേഹത്തിന്റെ അനാരോഗ്യം മൂലമോ, രോഗം മൂര്‍ച്ഛിട്ടോ അല്ല. വിദഗ്ധ ചികിത്സയ്ക്ക് പോകുന്നുവെന്ന് പറഞ്ഞിട്ട് ഒരു വിദഗ്ധ ചികിത്സയ്ക്കും അദ്ദേഹം പോയിട്ടില്ല. ഇത് ഒരു ചെറിയ പടക്കമാണ് വലിയ പടക്കം ഇതിന് പിറകേ പൊട്ടാനുണ്ട്. പിണറായിക്കെതിരേയും ഇ.പി.ജയരാജനെതിരേയും ഇന്നല്ലെങ്കില്‍ നാളെ ആരോപണങ്ങള്‍ ഉയരും'-സുധാകരൻ പറഞ്ഞു

    Also Read ഐഫോണുകളിൽ ഒന്ന് കൈവശം വെച്ച കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും

    യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഇവരുടയെല്ലാം അവിഹിത സമ്പാദ്യത്തെ കുറിച്ചുളള അന്വേഷണവും നടപടിയും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ഇതിനിടെ തനിക്കെതിരായ ഐ ഫോൺ വിവാദത്തിൽ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.  സന്തോഷ് ഈപ്പൻ നൽകിയ ഫോൺ ഭാര്യ ഉപയോഗിക്കുമ്പോഴാണ് കോടിയേരി തനിക്കാണ് സന്തോഷ് ഈപ്പൻ ഫോൺ നൽകിയതെന്ന അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ചത്.  ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കുമെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ഇപ്പോൾ  ശരിയെന്നു വ്യക്തമാവുകയാണ്. കേരളത്തില്‍ സിപിഎം-ബിജെപി ഒത്തുകളിയാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

    സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതിപക്ഷ ആരോപണം ഇപ്പോൾ ശരിയാണെന്ന് വ്യക്തമായിരിക്കുകയാണ്. പ്രതിപക്ഷം പറഞ്ഞ എല്ലാകാര്യങ്ങളും സത്യമായി വരുകയാണ്. നേരത്തെ മൗനം പാലിച്ച കേന്ദ്ര ഏജന്‍സികള്‍ ഇപ്പോള്‍ തലപൊക്കുന്നത് ദുരൂഹമാണെന്നും ചെന്നിത്തല ആരോപിച്ചു.

    Also Read 'പിഎസ്‌സി വഴി ഭാര്യമാരെ തിരുകിക്കയറ്റിയ സിപിഎം ഇപ്പോള്‍ ഭാര്യമാര്‍ക്ക് സീറ്റു നല്‍കി ഭാര്യാവിലാസം പാര്‍ട്ടിയായി': കെ.സുരേന്ദ്രൻ

    മുഖ്യമന്ത്രി അറിയാതെ ഇതൊന്നും നടക്കില്ല. കേരളത്തില്‍ സിപിഎം-ബിജെപി ഒത്തുകളിയാണ് നടക്കുന്നത്. മുഖ്യമന്ത്രിയും മൂന്ന് മന്ത്രിമാരും സ്പീക്കറും അറിഞ്ഞുകൊണ്ടാണ് ഡോളര്‍ കച്ചവടം നടന്നതെന്ന് കേസിലെ ഒന്നാംപ്രതി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. സ്പീക്കര്‍ക്കെതിരേയുള്ള കണ്ടെത്തലുകള്‍ കേരള ചരിത്രത്തില്‍ ആദ്യമാണ്. മുഖ്യമന്ത്രിക്ക് പുറമേ സ്വര്‍ണക്കടത്തില്‍ പങ്കുള്ള മറ്റു മൂന്ന് മന്ത്രിമാര്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

    മാന്യതയുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണം. മുഖ്യപ്രതിയുടെ രഹസ്യമൊഴിയിൽ പറയുന്ന മൂന്നു മന്ത്രിമാർ ആരെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
    ഐഫോണ്‍ വിവാദത്തില്‍ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയും യൂണിടാക് ഉടമ സന്തോഷ് ഈപ്പനും രംഗത്തെത്തി. സന്തോഷ് ഈപ്പനെ അറിയില്ലെന്നും തനിക്ക് സന്തോഷ് ഈപ്പന്‍ ഫോണ്‍ തന്നിട്ടില്ലെന്നുമാണ് വിനോദിനി  പറയുന്നത്. അതേസമയം താൻ സ്വപ്ന സുരേഷിനാണ് ഫോൺ നൽകിയതെന്നാണ് സന്തോഷ് ഈപ്പനും വ്യക്തമാക്കുന്നത്.

    കസ്റ്റംസിന്റെ ഭാഗത്ത് നിന്ന് ചോദ്യം ചെയ്യാനായി ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും ഐ ഫോൺ സംബന്ധിച്ച വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും വിനോദിനി ബാലകൃഷ്ണൻ വ്യക്തമാക്കി. അതേസമയം ഫോൺ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കൈമാറിയോയെന്നു തനിക്കറിയില്ലെന്ന് സന്തോഷ് ഈപ്പൻ ന്യൂസ് 18 നോട് വ്യക്തമാക്കി. സ്വപ്ന ആവശ്യപ്പെട്ട പ്രകാരം ഫോൺ വാങ്ങി നൽകുകയായിരുന്നു. ആകെ നൽകിയത് ആറ് ഫോണുകളാണെന്നും സന്തോഷ്‌ ഈപ്പൻ പറഞ്ഞു.
    Published by:Aneesh Anirudhan
    First published: