HOME /NEWS /Kerala / മാലി കുടിവെളളം ചോദിച്ചു; സുഷമ പകരം ചോദിച്ചത് ജയചന്ദ്രന്‍ മാഷിന്റെ മോചനം

മാലി കുടിവെളളം ചോദിച്ചു; സുഷമ പകരം ചോദിച്ചത് ജയചന്ദ്രന്‍ മാഷിന്റെ മോചനം

sushama swaraj

sushama swaraj

ജയചന്ദ്രന്റെ മോചനം സാധ്യമായത് അന്ന് വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജിന്റെ ഇടപെടല്‍ മൂലമാണ്. മാലി ഇന്ത്യയോട് കുടിവെള്ളം ആവശ്യപ്പെട്ടപ്പോള്‍ പകരം സുഷമ സ്വരാജ് ആവശ്യപ്പെട്ടത് ജയചന്ദ്രന്‍ മാഷിന്റെ മോചനമായിരുന്നു

 • Share this:

  ജയചന്ദ്രന്‍ മൊകേരി- മലയാളികള്‍ അത്രപെട്ടെന്ന് മറക്കുന്ന ഒരു പേരല്ല അത്. മാലിയില്‍ അധ്യാപകനായിരുന്ന ജയചന്ദ്രന്‍ അവിടെ ജയിലിലടയ്ക്കപ്പെടുകയും കൊടിയദുരിതമനുഭവിക്കുകയും ചെയ്തിരുന്നു. ജയചന്ദ്രന്റെ മോചനം സാധ്യമായത് അന്ന് വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജിന്റെ ഇടപെടല്‍ മൂലമാണ്. മാലി ഇന്ത്യയോട് കുടിവെള്ളം ആവശ്യപ്പെട്ടപ്പോള്‍ പകരം സുഷമ സ്വരാജ് ആവശ്യപ്പെട്ടത് ജയചന്ദ്രന്‍ മാഷിന്റെ മോചമായിരുന്നു. ഇതേക്കുറിച്ച് പ്രമുഖ കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനുമായ സുധീര്‍നാഥ് എഴുതിയ കുറിപ്പ്

  സുധീര്‍നാഥിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം

  'മോളേ, ജയചന്ദ്രന്‍ എനിക്ക് സ്വന്തം മകനെ പോലാണ്. ഓരോ പ്രവാസിയും എന്റെ മക്കളാണ്. അവരുടെ രക്ഷയ്ക്കും, സുരക്ഷയ്ക്കും ഞാനുണ്ടാകും...' ഡല്‍ഹിയില്‍ പാര്‍ലമെന്റിലെ വിദേശകാര്യമന്ത്രിയുടെ മുറിയില്‍ മാലി ജയിലില്‍ അന്യായമായി തടവില്‍ കഴിഞ്ഞിരുന്ന ജയചന്ദ്രന്‍ മൊകേരിയുടെ ഭാര്യ ജ്യോതി ടീച്ചറെ ചേര്‍ത്ത് നിര്‍ത്തി സുഷമ സ്വരാജ് പറഞ്ഞത് ഓര്‍ക്കുന്നു. പി. രാജീവ് അന്ന് രാജ്യസഭാ അംഗമായിരുന്നു. രാജീവായിരുന്നു ജയചന്ദ്രന്‍ മാഷിന്റെ മോചനത്തിന് കാരണമായ ഈ മുഖാമുഖത്തിന് അവസരം ഒരുക്കിയത്. സാക്ഷിയായി എം. പി. അച്ചുതന്‍, ടി. എന്‍ സീമ എന്നീ പാര്‍ലമെന്റ് അംഗങ്ങളും ഉണ്ടായിരുന്നു.

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  സുഷമ സ്വരാജ് ഭംഗിവാക്ക് പറഞ്ഞതായിരുന്നില്ല. മാലിയിലേയ്ക്ക് കുടിവെള്ളം ആവശ്യപ്പെട്ട അവിടുത്തെ ഭരണകൂടത്തോട് ജയചന്ദ്രനെ അവര്‍ ആവശ്യപ്പെട്ടു. ജയചന്ദ്രന്‍ മോചിതനായ വിവരം ആദ്യം അറിയിച്ചത് പി. രാജീവിനെ ആയിരുന്നു. (പലരും ജയചന്ദ്രന്‍ മാഷിന്റെ മോചനത്തില്‍ അവകാശം ഉന്നയിച്ചിട്ടുണ്ട്. സുഷമ സ്വരാജും, പി. രാജീവും ഒഴിച്ച്. അതുകൊണ്ടാകും 'തക്കിജ്ജ' എന്ന ജയില്‍ ജീവിത കഥയില്‍ ജയചന്ദ്രന്‍ മൊകേരി മാഷ് ഈ സംഭവം വിട്ടു പോയത്)

  കക്ഷിരാഷ്ട്രീയത്തിന് അതീതയായി സര്‍വ്വസമ്മതമായ വ്യക്തിത്വമാണ് സുഷമ സ്വരാജിന്റേത്. അവരുടെ ഭര്‍ത്താവ് സുപ്രീം കോടതി അഭിഭാഷകന്‍ സ്വരാജ് കൗശില്‍ നടത്തിയിരുന്ന പ്രസിദ്ധീകരണത്തില്‍ വരയ്ക്കാന്‍ പലവട്ടവും മയൂര്‍ വിഹാര്‍ ഒന്നിലെ അവരുടെ ഫ്‌ളാറ്റില്‍ പോയിട്ടുണ്ട്. അവിടെ വെച്ച് പലവട്ടവും സുഷമാജിയുമായി സംസാരിക്കാന്‍ എത്രയോ അവസരം ലഭിച്ചിരിക്കുന്നു.

  ഇന്ത്യക്ക് നഷ്ടമായത് വലിയ മനസുള്ള നേതാവിനെയാണ്: ആദരാഞ്ജലികള്‍...

  'എയ്ഡ്സ് ബാധിതരായ ആ കുട്ടികളെ മാറോട് ചേർത്ത സുഷമ സ്വരാജിനെ മറക്കുവാൻ സാധിക്കില്ല'; ഡോ: ഷിനു ശ്യാമളൻ

  ജയചന്ദ്രന്‍ മൊകേരി

  വിദ്യാര്‍ഥിയെ ശിക്ഷിച്ചതിന്റെ പേരിലാണ് മാലിയില്‍ അധ്യാപകനായിരുന്ന മൊകേരി സ്വദേശിയായ ജയചന്ദ്രന്‍ മാഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എട്ടുമാസത്തോളം ജയിലില്‍ കഴിഞ്ഞ ജയന്ദ്രന്‍ മൊകേരിയുടെ ജീവിതത്തില്‍ ഏറെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു അത്. ജയില്‍ മോചനം നീണ്ടതോടെ ഫേസ്ബുക്ക് കൂട്ടായ്മയുടെ ശ്രമഫലമായി ഇടപെടല്‍ നടത്തി. തുടര്‍ന്നാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയുമൊക്കെ സമീപിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും മാലിയിലെ മലയാളികളുടെയും ശ്രമഫലമായി 2014-ലെ ക്രിസ്മസിന് തൊട്ടുമുമ്പാണ് ജയചന്ദ്രന്റെ മോചനം സാധ്യമായത്. സ്‌കൂള്‍ മാനേജ്‌മെന്റ് കള്ളക്കേസില്‍ കുടുക്കിയതാണെന്നായിരുന്നു കേരളത്തില്‍ മടങ്ങിയെത്തിയ ജയചന്ദ്രന്‍ മാഷ് പറഞ്ഞത്. പിന്നീട് ജയില്‍ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം രചിച്ച തക്കിജ്ജ എന്ന കൃതി ഏറെ ശ്രദ്ധേയമായിരുന്നു. ഈ പുസ്തകത്തിന് 2019ലെ ജീവചരിത്രം/ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

  First published:

  Tags: Jayahchandran mokeri issue, Sudheernath, Sushama swaraj, ജയചന്ദ്രൻ മൊകേരി, സുഷമ സ്വരാജ്