• HOME
  • »
  • NEWS
  • »
  • kerala
  • »
  • ട്രേഡ് യൂണിയൻ നേതാവ് തൊഴിലാളിയെ തല്ലി; മലപ്പുറത്തെ വസ്ത്രനിർമാണ കമ്പനി കോയമ്പത്തൂരിൽ എത്തി

ട്രേഡ് യൂണിയൻ നേതാവ് തൊഴിലാളിയെ തല്ലി; മലപ്പുറത്തെ വസ്ത്രനിർമാണ കമ്പനി കോയമ്പത്തൂരിൽ എത്തി

സുമിക്സ് കേരളം വിട്ടത് കഴിഞ്ഞ വർഷം.നാട് വിടേണ്ടി വന്നത് ചില തൊഴിലാളി സംഘടന നേതാക്കൾ കാരണം എന്ന് സംരഭക ബീന മുരളീധരൻ

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
മലപ്പുറം: കിറ്റക്സിനെ പോലെ കേരളം വിട്ട് മറുനാട്ടിലേക്ക് പ്രവർത്തനം മാറ്റിയ ഒരു സ്ഥാപനം മലപ്പുറത്ത് ഉണ്ട്. മഞ്ചേരി തിരുവാലിയിൽ പ്രവർത്തിച്ചിരുന്ന ബേബി ഡ്രസ്സ് നിർമാണ കമ്പനി ആയ സുമിക്‌സ്. ഐഎൻടിയുസി പ്രവർത്തകനും ചില മുതിർന്ന നേതാക്കളും ചേർന്ന് നടത്തിയ നീക്കങ്ങൾ കൊണ്ടാണ് സ്ഥാപനം മാറ്റേണ്ടി വന്നത് എന്ന് ഉടമ ബീന മുരളീധരൻ പറയുന്നു.

കുട്ടികൾക്ക് ഉള്ള ഉടുപ്പുകൾ, ടർക്കി തുടങ്ങി വിവിധ ഉത്പന്നങ്ങൾ തിരുവാലിയിലെ ഈ പ്ലാന്റിൽ നിന്ന് ആയിരുന്നു സൂമിക്സ് നിർമിച്ചിരുന്നത്. ഇന്നാട്ടിലെ 500 ലേറെ പേർക്ക് നേരിട്ടും അത്ര തന്നെ ആളുകൾക്ക് പരോക്ഷമായും ഈ സ്ഥാപനം തൊഴിൽ നൽകിയിരുന്നു. കഴിഞ്ഞ വർഷം മാർച്ച് മുതൽ സുമിക്‌സ്‌ യൂണിറ്റ് കോയമ്പത്തൂരാണ് പ്രവർത്തിക്കുന്നത്. എന്തുകൊണ്ട് ഇവിടെ നിന്ന് പോയി എന്ന ചോദ്യത്തിന് ബീന മുരളീധരൻ ഇങ്ങനെ പറയുന്നു.." ഐ എൻ ടി യു സി യുടെ പ്രവർത്തകൻ എന്നായിരുന്നു ഈ ജീവനക്കാരൻ പറഞ്ഞിരുന്നത്. ഇയാൾ സ്ഥാപനത്തിലെ മറ്റൊരു സ്റ്റാഫിനെ തല്ലി. തുടർന്ന് ഇയാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വന്നു. പിന്നീട് തിരിച്ചെടുത്തു എങ്കിലും  വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. പിന്നെ ഒഴിവാക്കേണ്ടി വന്നു. അതോടെ ചില പ്രാദേശിക നേതാക്കളെ കൂട്ട് പിടിച്ച് എല്ലാ വകുപ്പുകളിലും പരാതി നൽകാൻ തുടങ്ങി. ഒരു കാരണവശാലും പ്രശ്നക്കാരനെ തിരിച്ചെടുക്കാൻ ആകില്ല എന്നും നഷ്ടപരിഹാരം നൽകാൻ പറ്റില്ല എന്നും ഉള്ള നിലപാടിൽ ഞാൻ ഉറച്ച് നിന്നു ".

ഐ എൻ ടി യു സി പ്രവർത്തകനും ജില്ലയിലെ പ്രമുഖനായ ഒരു കോൺഗ്രസ് നേതാവും ചേർന്ന് നടത്തിയ നീക്കങ്ങൾ കാരണം ഉദ്യോഗസ്ഥ സംഘങ്ങൾ സദാ ഫാക്ടറി കയറി ഇറങ്ങാൻ തുടങ്ങി. ആർക്കും ഒരു പ്രശ്നവും കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് ബീന പറയുന്നു. പക്ഷേ ജീവനക്കാരുടെ ജോലി സമയം നഷ്ടമാകുന്നതും സ്ഥാപനത്തിന്റെ അച്ചടക്കം നഷ്ടമാകുന്നതും തുടർന്ന സാഹചര്യത്തിൽ പ്ലാന്റ് ഇവിടെ നിന്നും മാറ്റാൻ തീരുമാനിക്കുക ആയിരുന്നു.

You may also like:പെൺകുട്ടി കിണറ്റിൽ വീണു; രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ 30 പേർ കിണറ്റിൽ വീണു; 4 മരണം

"ഒരു വകുപ്പിനും ഒരു പ്രശ്നവും ഇവിടെ കണ്ടെത്താൻ ആയില്ല. പക്ഷേ ലേബർ ഡിപാർട്മെന്റ് തുടർച്ചയായി സ്ഥാപനത്തിൽ പരിശോധനകൾ നടത്തി കൊണ്ടിരുന്നു. ജീവനക്കാരെ ചോദ്യം ചെയ്തു കൊണ്ടേയിരുന്നു. ഈ നടപടികൾ ആണ് ശരിക്കും പ്രതിസന്ധി ഉണ്ടാക്കിയത്. ജീവനക്കാർ തുടർച്ചയായി രണ്ട് ദിവസം ലീവ് എടുത്താൽ അത് ചോദിക്കാൻ പോലും തൊഴിലുടമക്ക് കഴിയാത്ത സാഹചര്യം. ചോദിച്ചപ്പോൾ അതെല്ലാം വേണമെങ്കിൽ ലേബർ ഡിപാർട്മെന്റിൽ ഞാൻ അറിയിക്കാം എന്ന്. ഇങ്ങനെ ഒരു സാഹചര്യത്തിൽ എങ്ങനെ മുന്നോട്ട് പോകും? ആ ഘട്ടത്തിൽ ആണ് പ്ലാന്റ് ഇവിടെ നിന്നും മാറ്റാൻ നിശ്ചയിച്ചത്. സർക്കാരിന്റെ ഭാഗത്ത് നിന്നും ഉള്ള പ്രശ്നങ്ങൾ അല്ല, മറിച്ച് ചില ആളുകളുടെ, സംഘടനകളുടെ നീക്കങ്ങൾ ആണ് പ്രതിസന്ധി ഉണ്ടാക്കിയത് " ബീന പറഞ്ഞു നിർത്തുന്നു.എന്നാൽ  തിരുവാലി സുമിക്‌സിൽ ഐഎൻടിയുസിക്ക് രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ല എന്ന്  സംഘടനയുടെ ജില്ല നേതൃത്വം പറയുന്നു. വ്യക്തിപരമായ ഇടപെടൽ ആയിരിക്കാം അവിടെ ഉണ്ടായത്. യൂണിറ്റ് കേരളത്തിൽ നിന്ന് മാറ്റുന്നതിൽ മറ്റ് പല കാരണങ്ങളും ഒരുപക്ഷെ ഉണ്ടയിരിക്കാമെന്നും  ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് വി ടി ഫിറോസ് പറയുന്നു.

സുമിക്സിന്റെ കെട്ടിടവും പ്ലാന്റും ഇപ്പോൾ മറ്റൊരു സ്ഥാപനത്തിന് വാടകക്ക് നൽകിയിരിക്കുകയാണ്. സുമിക്സ് കോയമ്പത്തൂരിൽ പ്രവർത്തനം സജീവമാക്കുകകയും  ചെയ്തു. പക്ഷേ സ്ത്രീകളടക്കമുള്ള നിരവധി പേർക്കാണ് ഇതോടെ തൊഴിൽ നഷ്ടമായത്.
Published by:Naseeba TC
First published: