തിരുവനന്തപുരം: കടുത്ത ചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് രണ്ടു പേര് കുഴഞ്ഞുവീണ് മരിച്ചു. സൂര്യാഘാതമാണ് മരണകാരണമെന്നാണ് സംശയം. പാലക്കാട് വടകരപ്പതിയില്‍ തൊഴിലുറപ്പ് തൊഴിലാളിയായ നല്ലൂര് സ്വദേശി ചിന്നമ്മാള്‍, പാറശാലയില്‍ കര്‍ഷകനായ മുറിയതോട്ടം ഭഗവതി വിലാസത്തില്‍ ഉണ്ണികൃഷ്ണന്‍നായര്‍ എന്നിവരാണ് മരിച്ചത്. വയലില്‍ പണി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഉണ്ണിക്കൃഷ്ണനെ നാട്ടുകാര്‍ പാറശാല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കായംകുളത്ത് കശുവണ്ടി ഫാക്ടറി തൊഴിലാളി ഉള്‍പ്പടെ സംസ്ഥാനത്ത് നിരവധി പേര്‍ക്ക് ഇന്നും സൂര്യാതപത്തില്‍ പൊള്ളലേറ്റിട്ടുമുണ്ട്. സൂര്യാതപമേറ്റ 60 പേര് ഉള്‍പ്പെടെ 122 പേര് ഇന്നലെ സംസ്ഥാനത്ത് ചികിത്സ തേടിയിരുന്നു.
Also Read: സൂര്യാതപം: സംസ്ഥാനത്ത് ജാഗ്രാതാനിർദ്ദേശം രണ്ടുദിവസം കൂടി ദീർഘിപ്പിച്ചു
സംസ്ഥാനത്ത് സൂര്യാതപത്തെ തുടര്‍ന്നുള്ള ജാഗ്രതാനിര്‍ദേശം രണ്ടുദിവസം കൂടി ദീര്‍ഘിപ്പിച്ചിട്ടുമുണ്ട്. ഇടുക്കിയും വയനാടും ഒഴികെ ഉള്ള ജില്ലകളില്‍ ചൂട് മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ഇതിനിടെ, കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ വെള്ളം എത്തിച്ചു തുടങ്ങി. വേനല്‍മഴയ്ക്ക് അനുകൂലമായ യാതൊരു സാഹചര്യങ്ങളും ഇല്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അറബിക്കടലിന്റെ പലഭാഗങ്ങളിലും മൂന്ന് ശതമാനം വരെ ചൂടാണ് കൂടിയത്.
വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ ശരാശരിയില്‍ നിന്ന് 2 മുതല്‍ 3 ഡിഗ്രി വരെ ചൂട് കൂടും. ഏപ്രില്‍ ആദ്യവാരം വരെ ഈ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍. എല്ലാ ജില്ലകളിലും കണ്ട്രോള് റൂമുകള്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വിലയിരുത്തുന്നുണ്ട്.
സൂര്യാതപം: സംസ്ഥാനത്ത് ഇന്ന് ചികിത്സ തേടിയെത്തിയത് 122 പേർ
ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാമുന്നറിയിപ്പ് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികളുടെ അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഏപ്രില്‍ പകുതിയോടെ എങ്കിലും വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണ തരംഗത്തിനുള്ള സാധ്യതയും തള്ളികളയാനാവില്ലെന്നാണ് വിലയിരുത്തല്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.