• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'നിർമാണത്തിനിടെ പി. ജയരാജന്റെ മകന്റെ കൈയിലിരുന്ന് ബോംബ് പൊട്ടി': ആരോപണവുമായി സണ്ണി ജോസഫ് എംഎൽഎ

'നിർമാണത്തിനിടെ പി. ജയരാജന്റെ മകന്റെ കൈയിലിരുന്ന് ബോംബ് പൊട്ടി': ആരോപണവുമായി സണ്ണി ജോസഫ് എംഎൽഎ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നത് വർഗീയ ശക്തികളാണെന്നും കോണ്‍ഗ്രസ് ബോധപൂർവ്വം ആ ഭാഗം ഒഴിവാക്കുന്നുവെന്നും മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു

 • Share this:
  തിരുവനന്തപുരം: കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവം നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. സണ്ണി ജോസഫ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകിയത്. കൊലപാതകത്തിനു തുല്യമായ നരഹത്യയാണ് ഇരിട്ടിയിൽ നടന്നതെന്നും ആരാണ് മാരകശക്തിയുള്ള സ്ഫോടക വസ്തുക്കൾ നിർമ്മിച്ചതെന്നും കണ്ടെത്തണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ഇതിനുപിന്നിൽ അതിശക്തമായ ഗൂഢാലോചനയുണ്ട്. ഏത് സംഘടനയുടെ, രാഷ്ട്രീയ പാർട്ടിയുടെ ഒത്താശ ഉണ്ടെന്ന് കണ്ടെത്തണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

  ഒരു സ്ഥലത്ത് മാത്രമല്ല ഇത്തരത്തിലുള്ള സ്ഫോടനം ഉണ്ടായത്. സിപിഎം കേന്ദ്രങ്ങളിലും നേരത്തെ സ്ഫോടനം നടന്നിട്ടുണ്ട്. സിപിഎം നേതാവായ അധ്യാപകന്റെ ബാഗ് താഴെ വീണ സ്ഫോടനം ഉണ്ടായ സംഭവം ഉണ്ടായി. പോലീസ് ബോംബ് പിടിച്ച നൂറിലേറെ കേസുകൾ കഴിഞ്ഞ 10 വർഷത്തിനിടയിൽ ഉണ്ടായി. ഇതിൽ ആർക്കുവേണ്ടി ബോംബ് നിർമ്മിച്ചു എന്ന പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല ആർഎസ്എസും എസ്ഡിപിഐയും ഉൾപ്പെടെയുള്ള വർഗീയ ശക്തികൾ ബോംബ് നിർമ്മിച്ച ഉപയോഗിക്കുന്നുണ്ട്. എന്നാൽ കണ്ണൂരിലെ ബോംബ് നിർമാണത്തിൽ സിപിഎമ്മിന് ഒഴിഞ്ഞുമാറാൻ കഴിയില്ല. പി ജയരാജൻ ബോംബ് നിർമ്മിക്കുമ്പോൾ മകൻറെ കയ്യിൽ വച്ച് ബോംബ് പൊട്ടിയിട്ടുണ്ടെന്നും സണ്ണി ജോസഫ് ആരോപിച്ചു.

  എന്നാൽ, സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നത് വർഗീയ ശക്തികളാണെന്നും കോണ്‍ഗ്രസ് ബോധപൂർവ്വം ആ ഭാഗം ഒഴിവാക്കുന്നുവെന്നും മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത്യാവശ്യം കൂടെ കൂട്ടാൻ കഴിയുന്ന ആളുകളാണ് ഈ ശക്തികൾ എന്ന മനസ്സിലാക്കിക്കൊണ്ടുള്ള നിലപാടാണ് കേരളത്തിലെ കോൺഗ്രസ് സ്വീകരിക്കുന്നത്. സമാധാന അന്തരീക്ഷം തകർക്കാൻ കൃത്യമായ ആസൂത്രത്തോടെ പ്രവർത്തിക്കുന്ന വർഗീയ ശക്തികളെക്കുറിച്ച് ഒരു സംശയവും പ്രതിപക്ഷത്തിന് ഇല്ല. അന്ധമായ സിപിഎം വിരോധത്തിന് കാരണം എൽഡിഎഫ് സർക്കാരിന് വലിയ തോതിലുള്ള ജനപിന്തുണ ലഭ്യമാകുന്നു എന്നുള്ളതാണ്. അത് ഇല്ലാതാക്കാൻ വഴിവിട്ട ശ്രമങ്ങൾ നടത്തുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിങ്ങൾക്ക് സംഭവിക്കുന്നത് നല്ലതുപോലെ മനസ്സിൽ കരുതണം. ഇവിടെ നിങ്ങൾക്ക് ഇന്നത്തെ നിലയിൽ ഇങ്ങനെ നിലനിൽക്കാൻ കഴിയുന്നത് കേരളത്തിലെ എൽഡിഎഫിന്റെ കരുത്ത് കൊണ്ടാണ്.
  ഇവിടുത്തെ കോൺഗ്രസ് ബിജെപിയെക്കൂടെ കൂട്ടി എൽഡിഎഫിനെ തകർക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

  കേരളത്തിൻറെ ഇന്നത്തെ അവസ്ഥയിൽ ബിജെപിക്ക് കരുത്താർജ്ജിക്കാൻ കഴിയാത്തത് എൽഡിഎഫിന്റെ കരുത്തുകൊണ്ടാണ് അതുകൊണ്ട് എൽഡിഎഫിനെ ദുർബലപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നത്. കോൺഗ്രസും അതിന് ഒപ്പം നിൽക്കുന്നു. കോൺഗ്രസിന്റെ മാനസികാവസ്ഥ വർഗീയതയോട് സമരസപ്പെട്ട് പോകുന്നതാണ്. അതുകൊണ്ട് ബിജെപിയോട് സമരസപ്പെടാനും അവരുടെ പ്രത്യേക പരിപാടികൾ വരുമ്പോൾ പൊരുത്തപ്പെടാനും ഒരു പ്രയാസവും കോൺഗ്രസിന് ഇല്ല. 'എനിക്ക് തോന്നിയാൽ ഞാൻ ഈ പറയുന്ന വിഭാഗത്തിലേക്ക് പോകുമെന്ന്' പരസ്യമായി പ്രഖ്യാപിച്ച വലിയൊരു നേതാവിനെ മുന്നിൽ നിർത്തിയാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നത്. കണ്ണൂരിൽ കൂടുതൽ അക്രമങ്ങൾ നടത്തുന്നത് ആർഎസ്എസ്, എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘങ്ങളാണ്. 9 സിപിഎം പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഏതെങ്കിലും ഒരു കൊലപാതകത്തെ കോൺഗ്രസ് അപലപിച്ചോ? 9 ൽ അഞ്ചും യുഡിഎഫാണ് നടത്തിയത്.
  ധീരജിന്റെ കൊലപാതകം നടന്നപ്പോൾ ഇരന്ന് വാങ്ങിയ കൊലപാതകം എന്നല്ലേ കോൺഗ്രസ് പറഞ്ഞതെന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിന്റെ ക്രമസമാധാന നില ഭദ്രമാണെന്നും മുഖ്യമന്ത്രി മറുപടി നൽകി.

  കേരളത്തിലെ മുഖ്യമന്ത്രിക്ക് ഇതൊരു വിഷയമെ അല്ലെന്നും മുഖ്യമന്ത്രി കേൾക്കാൻ ആവശ്യമുള്ളത് മാത്രം കേട്ടാൽ എന്ത് ചെയ്യാനാകുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. വിഷയ ദാരിദ്ര്യം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കോൺഗ്രസ് ഇവിടെ നിൽക്കുന്നത് എൽഡിഎഫ് കാരണമാണെന്ന മഹത്തായ കണ്ടുപിടുത്തം കൂടി മുഖ്യമന്ത്രി നടത്തി. ആര് ബോംബ് പൊട്ടിച്ചാലും ആരാണ് അത് ഉണ്ടാക്കിയെന്നും പ്രതികൾ ആരെന്നും കണ്ടുപിടിക്കണ്ടേ? പ്രതികളെ പിടിക്കാത്ത എത്ര കേസുകൾ ഉണ്ട്? എത്ര നിരപരാധികളായ മനുഷ്യരാണ് കൊലചെയ്യപ്പെടുന്നത്. പാർട്ടിക്കാർ മാത്രമല്ല. ചന്ദ്രശേഖരനെ കൊന്നത് എങ്ങനെയാണ്? അദ്ദേഹത്തിൻറെ വിധവ അല്ലേ ഇവിടെ ഇരിക്കുന്നത്. എന്നിട്ട് അവരെയും നിങ്ങൾ അപമാനിക്കുന്നു.
  52 വെട്ടു വെട്ടി മുഖം വികൃതമാക്കിയല്ലേ അദ്ദേഹത്തെ കൊന്നത്. അതൊന്നും ഒരു മലയാളിയുടെയും മനസ്സിൽ നിന്ന് മായില്ല. എത്ര നിരപരാധികളെയാണ് നിങ്ങൾ ക്രൂരമായി കൊലപ്പെടുത്തിയത്. എന്നിട്ട് മുഖ്യമന്ത്രി കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്നു- വി ഡി സതീശൻ പറഞ്ഞു.

  ''ആർഎസ്എസ് നേതാക്കളുമായി ഒന്നിച്ച് വേദി പങ്കിട്ട് ജയിച്ച് നിയമസഭയിൽ വന്ന എംഎൽഎ അല്ലേ നിങ്ങൾ. ഒരു യുഡിഎഫുകാരനും ഒരു കോൺഗ്രസുകാരനും ആർഎസ്എസിന്റെ വോട്ട് നേടി സഭയിൽ വന്നിട്ടില്ല''- പ്രതിപക്ഷ നേതാവ് പറഞ്ഞു.
  Published by:Rajesh V
  First published: