നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സപ്ളൈകോ ഓണകിറ്റ് വിതരണം പ്രതിസന്ധിയിൽ

  സപ്ളൈകോ ഓണകിറ്റ് വിതരണം പ്രതിസന്ധിയിൽ

  ഇന്നലെ വരെ വിതരണം ചെയ്തത് എട്ട് ലക്ഷം കിറ്റ് മാത്രം, റേഷൻ കടകളിൽ സമയബന്ധിതമായി കിറ്റ് ലഭിക്കാത്തതാണ് വിതരണം തടസ്സപ്പെടാൻ കാരണം

  • Share this:
  തിരുവനന്തപുരം: റേഷൻ കടകൾ വഴി സൗജന്യമായി നൽകുന്ന ഓണക്കിറ്റ് വിതരണം മന്ദഗതിയിൽ. മുൻഗണനാ വിഭാഗം കാർഡ് ഉടമകൾക്കു പോലും പൂർണമായി വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇന്നലെവരെ എട്ട് ലക്ഷം പേർക്ക് മാത്രമാണ് ഓണക്കിറ്റ് വിതരണം ചെയ്തത്.

  39 ലക്ഷത്തിലേറെ വരുന്ന മുൻഗണനാ മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്കുള്ള ഓണക്കിറ്റ് വിതരണം ഈ മാസം ഏഴിന് മുൻപ് പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ അഞ്ച് ലക്ഷത്തോളം പേർക്ക് മാത്രമാണ് വിതരണം ചെയ്യാനായത്. പിഎച്ച്എച്ച് വിഭാഗത്തിലെ മൂന്ന് ലക്ഷത്തിലധികം കാർഡുകൾക്ക് ഉൾപ്പെടെ ആകെ എട്ട് ലക്ഷം പേർക്കാണ് ഇന്നലെവരെ കിറ്റ് നൽകിയത്.

  ആദ്യദിവസത്തെ വിതരണം മുൻഗണനാ കാർഡുകൾക്കാണ് എന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും മുൻഗണന ഇതര വിഭാഗത്തിലെ 19,942 കാർഡ് ഉടമകൾക്കും കിറ്റ് നൽകിയിട്ടുണ്ട്. നീല കാർ‍ഡ് ഉടമകളായ 12,275 പേരും വെള്ള കാർഡുള്ള 7667 പേരുമാണ് ഇങ്ങനെ കിറ്റ് വാങ്ങിയത്.

  ഈ മാസം 18 ന് മുൻപ് കിറ്റ് വിതരണം പൂർണമായും പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇനി ശേഷിക്കുന്ന എട്ട് ദിവസം കൊണ്ട് കിറ്റ് വിതരണം പകുതിപോലും പൂർത്തിയാക്കാൻ കഴിയില്ലെന്ന് ഉറപ്പാണ്. കിറ്റ് വാങ്ങാനെത്തുന്നവർ റേഷൻ കടകളിൽ എത്തി പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്ന് തിരുവനന്തപുരത്തെ റേഷൻ വ്യാപാരി സജിത്ത് പറഞ്ഞു.

  ഒരു ദിവസം അഞ്ച് ലക്ഷം കിറ്റ് തയ്യാറാക്കുകയായിരുന്നു ലക്ഷ്യമെങ്കിലും പകുതി പോലും പാക്ക് ചെയ്യാനാകാത്ത സ്ഥിതിയാണ്. കശുവണ്ടി പരിപ്പ്, ഏലയ്ക്ക എന്നിവയുടെ ലഭ്യതക്കുറവും സമയബന്ധിതമായി കിറ്റ് തയ്യാറാക്കുന്നതിന് തടസമായിട്ടുണ്ട്. 90.67 ലക്ഷം കാർഡ് ഉടമകളിൽ എല്ലാവർക്കും കിറ്റ് ലഭിക്കും. മുൻകാലങ്ങളിലെ കണക്ക് പ്രകാരം 80 ലക്ഷത്തോളം പേർക്കാണ് കിറ്റ് വിതരണം ചെയ്യേണ്ടത്.

  ജൂലൈ 31നാണ് സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഓണ കിറ്റുകളുടെ വിതരണം ആരംഭിച്ചത്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല വിതരണ ഉദ്ഘാടനം ഭക്ഷ്യ മന്ത്രി ജി ആർ അനിലാണ് നിർവഹിച്ചത്. തുണി സഞ്ചി ഉൾപ്പെടെ 16 ഇനങ്ങളാണ് ഓണക്കിറ്റിലുള്ളത്. 570 രൂപയുടെ കിറ്റാണ് കാർഡ് ഉടമയ്ക്ക് ലഭിക്കുക.

  ഒരു കിലോ പഞ്ചസാര, 500 മില്ലി വെളിച്ചെണ്ണ, 500 ഗ്രാം ചെറുപയർ, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം വീതം തേയില, മുളകുപൊടി, മഞ്ഞൾ, ഒരു കിലോ ശബരി പൊടിയുപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി എന്നിവയടങ്ങിയ പാക്കറ്റ്, 50 ഗ്രാം കശുവണ്ടിപ്പരിപ്പ്, ഒരു പാക്കറ്റ്(20 ഗ്രാം) ഏലക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശർക്കര വരട്ടി/ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, തുണി സഞ്ചി എന്നിങ്ങനെ 16 ഇനം സാധനങ്ങളാണ് ഭക്ഷ്യ കിറ്റിൽ ഉണ്ടാവുക.

  കുട്ടികൾക്കായി ക്രീം ബിസ്കറ്റ് നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഒഴിവാക്കുകയായിരുന്നു. 16 ഇനം സാധനങ്ങള്‍ അടങ്ങുന്ന കിറ്റിലെ ശര്‍ക്കരവരട്ടിയും ഉപ്പേരിയും നല്‍കുന്നത് കുടുംബശ്രീയാണ്. കുടുംബശ്രീയുടെ കീഴിലുള്ള വിവിധ കാര്‍ഷിക സൂക്ഷ്മ സംരംഭ യൂണിറ്റുകള്‍ തയ്യാറാക്കിയ ശര്‍ക്കരവരട്ടിയും ചിപ്‌സും സപ്ലൈകോയ്ക്ക് നല്‍കിയിരുന്നു.
  Published by:Naveen
  First published:
  )}