• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കേരളത്തിൽ സ്കൂൾ തുറക്കാൻ പറ്റിയ സാഹചര്യമാണോ?' സുപ്രീംകോടതിക്കും സംശയം

'കേരളത്തിൽ സ്കൂൾ തുറക്കാൻ പറ്റിയ സാഹചര്യമാണോ?' സുപ്രീംകോടതിക്കും സംശയം

ജസ്റ്റിസ്. ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് സംശയം പ്രകടിപ്പിച്ചത്.

Supreme Court

Supreme Court

  • Share this:
ന്യൂഡൽഹി: കേരളത്തിൽ ഇപ്പോൾ സ്കൂൾ തുറക്കാൻ പറ്റിയ സാഹചര്യമാണോ എന്ന് സംശയം പ്രകടിപ്പിച്ച് സുപ്രീംകോടതി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് സംശയം പ്രകടിപ്പിച്ചത്. ഡൽഹിയിലെ സ്കൂളുകൾ തുറക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. കേരളത്തിലും മഹാരാഷ്ട്രയിലും സ്കൂൾ തുറക്കണമെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു.

സ്‌കൂളുകൾ തുറക്കുന്നതിൽ കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും മാർഗനിർദേശം നൽകണമെന്ന ആവശ്യത്തിൽ ഉത്തരവിറക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സങ്കീർണമായ വിഷയമാണെന്നും, സർക്കാരുകൾ കൈകാര്യം ചെയ്യേണ്ട കാര്യങ്ങളാണെന്നും ബെഞ്ച് നിരീക്ഷിച്ചു. ഭരണനിർവഹണം സുപ്രീംകോടതിക്ക് ഏറ്റെടുക്കാനാകില്ല. തീരുമാനങ്ങൾ സർക്കാരുകൾ എടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി.

ഡൽഹി സ്വദേശിയായ വിദ്യാർത്ഥിയാണ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. കൊറോണ കാരണം കഴിഞ്ഞ വർഷം മാർച്ച്-ഏപ്രിൽ മുതൽ സ്കൂൾ അടച്ചിട്ടിരിക്കുകയാണെന്നും  ഇത് വിദ്യാർത്ഥികളിൽ മാനസികമായ പ്രതിസന്ധികൾ സൃഷ്ടിക്കുനതായും 12 വയസ്സുള്ള അമർ പ്രേം പ്രകാശ് കോടതിയിൽ പറഞ്ഞു.  മാനസിക സമ്മർദ്ദം അനുഭവിക്കുന്ന നിരവധി വിദ്യാർത്ഥികളുണ്ട്. സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകളുണ്ടെങ്കിലും വിദ്യാർത്ഥികൾക്ക് ശരിയായ വിദ്യാഭ്യാസം ലഭിക്കുന്നില്ല.

വിദ്യാർത്ഥികളുടെ ബൗദ്ധിക വികാസം ഓൺലൈൻ വിദ്യാഭ്യാസ രീതിയിലൂടെ സാധ്യമാകുന്നില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് ഇതുവരെ വാക്സിൻ നൽകാത്ത സാഹചര്യത്തിൽ സ്കൂൾ തുറക്കാൻ ഉത്തരവിടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഡൽഹിയിൽ സ്കൂൾ പൂർണമായും തുറക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സർക്കാർ ഉചിതമായ തീരുമാനങ്ങൾ എടുക്കുമെന്നും കോടതി പറഞ്ഞു.

Also Read-വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: 65 സാക്ഷികൾ, മുന്നൂറോളം പേജുള്ള കുറ്റപത്രം സമർപ്പിച്ചു

ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് നവംബർ ഒന്നിന് സ്കൂളുകൾ തുറക്കാൻ തീരുമാനമായത്. ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകളും 10, 12 ക്ലാസുകളും നവംബർ ഒന്നിന് ആരംഭിക്കും. ബാക്കിയുള്ള ക്ലാസുകൾ നവംബർ 15ന് തുടങ്ങും.

സ്കൂൾ തുറക്കാൻ ഒന്നര മാസത്തോളം ബാക്കിയുണ്ടെങ്കിലും മുന്നൊരുക്കങ്ങൾ വളരെ പെട്ടെന്ന് ആരംഭിക്കേണ്ടി വരും വിദ്യാഭ്യാസ വകുപ്പിന്. ഒന്നരവർഷമായി സ്കൂളുകൾ അടഞ്ഞു കിടക്കുന്നതിനാൽ പല സ്കൂളുകളുടെയും കെട്ടിടങ്ങൾ  കാടുപിടിച്ച നിലയിലാണ്. സ്കൂൾ ബസ് അടക്കമുള്ള വാഹനങ്ങളും തുരുമ്പെടുത്തിരിക്കുന്ന സാഹചര്യം. അതിനാൽ അറ്റകുറ്റപ്പണികൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കുമായി വളരെ വലിയ അധ്വാനം തന്നെ വേണ്ടിവരും. തദ്ദേശ സ്ഥാപനങ്ങളുടെ പൂർണ സഹകരണത്തോടെ മാത്രമേ അണുനശീകരണം അടക്കമുള്ള പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ നടത്താൻ കഴിയൂ. കുട്ടികൾക്കായി പ്രത്യേക മാസ്കുകൾ തയ്യാറാക്കേണ്ടതുണ്ട്.

സ്കൂളുകളിൽ വിദ്യാർത്ഥികൾ  കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ   പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തണം. ഒരു ബെഞ്ചിൽ എത്രപേർ, ഷിഫ്റ്റ് സംവിധാനം അടക്കമുള്ള കാര്യങ്ങളിലും തീരുമാനം എടുക്കേണ്ടതുണ്ട്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചേരുന്ന യോഗം ഇക്കാര്യങ്ങളിൽ നിർണായക തീരുമാനങ്ങൾ എടുക്കണം.
Published by:Naseeba TC
First published: