ന്യൂഡല്‍ഹി: കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി നല്കിയ പുതിയ സ്കീം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് സുപ്രീം കോടതി തേടി.ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജെ. കെ. മഹേശ്വരി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഹൈക്കോടതി വിധി മരവിപ്പിച്ചത്.
മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും കാല്‍നട യാത്രക്കാരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന പരസ്യങ്ങള്‍ ഇനിമുതല്‍ ബസുകളില്‍ പതിക്കില്ലെന്ന് വ്യക്തമാക്കുന്ന സ്കീമാണ് കെഎസ്ആര്‍ടിസി സുപ്രീം കോടതിക്ക് കൈമാറിയത്.
മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പാലിച്ച് ബസുകളുടെ വശങ്ങളിലും പിന്‍ഭാഗത്തും മാത്രമേ പരസ്യംപതിക്കുന്നുള്ളുവെന്നും സ്കീമില്‍ കെഎസ്ആര്‍ടിസി വ്യക്തമാക്കിയിട്ടുണ്ട്. ഈ സ്കീമിനെ കുറിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് സുപ്രീം കോടതി തേടിയത്. പരസ്യം പതിപ്പിക്കുന്നത് നിരോധിച്ച ഹൈക്കോടതി ഉത്തരവ് കനത്ത സാമ്പത്തിക നഷ്ടമാണ് മാനേജ്മെന്റിന് ഉണ്ടാക്കിയത്. ഈ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി സുപ്രീംകോടതിയെ സമീപിച്ചത്.
സ്കീമിലെ മറ്റ് നിര്‍ദേശങ്ങള്‍
പരസ്യങ്ങള്‍ പരിശോധിക്കുന്നതിനും അനുമതി നല്‍കുന്നതിനും എംഡിയുടെ അധ്യക്ഷതയില്‍ സമിതി രൂപീകരിക്കും. പതിച്ച പരസ്യങ്ങള്‍ക്ക് എതിരായ പരാതി പരിശോധിക്കുന്നതിന് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയില്‍ മറ്റൊരു സമിതിക്ക് രൂപം നല്‍കുമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.
പരസ്യം പതിക്കുന്നതിന് ലഭിക്കുന്ന അപേക്ഷകളില്‍ പരിശോധനയും അനുമതിയും നല്‍കുന്നതിന് എംഡിയുടെ അധ്യക്ഷതയില്‍ നാല് അംഗ സമിതിക്ക് രൂപം നല്‍കും. കെഎസ്ആര്‍ടിസിയുടെ ചീഫ് ലോ ഓഫീസര്‍. സീനിയര്‍ മാനേജര്‍ എന്നിവര്‍ക്ക് പുറമെ ഒരു സാങ്കേതിക അംഗവും ഉള്‍പ്പെടുന്നതാണ് സമിതി. ഡെപ്യുട്ടി ഡയറക്ടര്‍ തസ്തികയില്‍ നിന്ന് വിരമിച്ച ഐ ആന്‍ഡ് പിആര്‍ഡി ഡയറക്ടറോ മാധ്യമ പ്രവര്‍ത്തകരോ ആകും സാങ്കേതിക സമിതി അംഗം.
പതിക്കുന്ന പരസ്യം സംബന്ധിച്ച് പൊതു ജനങ്ങള്‍ക്കുള്ള പരാതി പരിശോധിക്കുന്നതിന് പ്രത്യേക സെല്‍ രൂപീകരിക്കും. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി നേതൃത്വം നല്കുന്ന ഈ സമിതിയിലേക്ക് കെഎസ്ആര്‍ടിസിയിലെ ചീഫ് ലോ ഓഫീസറും സീനിയര്‍ മാനേജറും അംഗമായിരിക്കും. പരാതികളില്‍ സമിതി സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കുമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറിയ സ്കീമില്‍ വിശദീകരിച്ചിട്ടുണ്ട്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.