കേരളത്തിലെ വര്‍ധിച്ചുവരുന്ന തെരുവ് നായ ആക്രമണങ്ങള്‍ക്കെതിരായ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത്. അഭിഭാഷകനായ വി കെ ബിജുവാണ് കേരളത്തിലെ തെരുവുനായ പ്രശ്നം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം നായ്ക്കളുടെ സ്വന്തം നാടായി മാറിയെന്ന് ഹര്‍ജിയില്‍ ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
പേവിഷബാധ തടയുന്നതിനുള്ള പ്രതിരോധ കുത്തിവെയ്പിന്റെ ലഭ്യത കുറവും കേരളത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. പേവിഷബാധയുടെ ദുരിതം നേരിടുന്നത് പാവപ്പെട്ടവരും കുട്ടികളുമാണ്. അതിനാല്‍ തെരുവുനായ പ്രശ്നത്തില്‍ സുപ്രീംകോടതി തന്നെ നിയോഗിച്ച ജസ്റ്റിസ് സിരിജഗന് കമ്മിറ്റിയില്‍ നിന്ന് വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടു.
Also Read :- പത്തനംതിട്ട റാന്നിയില്‍ തെരുവുനായയുടെ കടിയേറ്റ 12 കാരി മരണത്തിന് കീഴടങ്ങി
അഞ്ചുവര്‍ഷത്തിനിടെ നായ്ക്കളിലെ പേവിഷബാധയില്‍ ഇരട്ടിയിലധികം വര്‍ധനവുണ്ടായെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനാഫലം വ്യക്തമാക്കുന്നത്. വളര്‍ത്തുനായ്ക്കള്‍, ചത്ത നായ്ക്കള്‍ അടക്കം പരിശോധനയ്ക്കായി എടുത്ത 300 സാമ്പിളുകളില്‍ 168 എണ്ണവും പോസിറ്റീവ് ആണ്. വന്ധ്യംകരണംത്തിന് ഒപ്പം തെരുവുനായ്ക്കളില്‍ നടത്തിയിരുന്ന പ്രതിരോധ കുത്തിവെയ്പ് മുടങ്ങിയത് പേവിഷബാധ കൂടാന്‍ കാരണമായതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
പത്തനംതിട്ട റാന്നിയില്‍ തെരുവുനായയുടെ കടിയേറ്റ പന്ത്രണ്ടുകാരി മരിച്ച സംഭവമാണ് ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പെരുനാട് സ്വദേശിനി അഭിരാമി ആണ് മരിച്ചത്.കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പേ വിഷബാധയ്ക്ക് എതിരെ മൂന്നു ഡോസ് വാക്സീന് എടുത്തിട്ടും കുട്ടി അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
ഓഗസ്റ്റ് 14 നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമിക്ക് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ശരീരത്തില്‍ ഏഴിടത്ത് അഭിരാമിക്ക് കടിയേറ്റിരുന്നു. പല്ലിനു പുറമേ നഖം കൊണ്ടുള്ള മുറിവുകളും ഉണ്ടായിട്ടുണ്ട്.
രണ്ടുദിവസം മുമ്പ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാട്ടിയതിനെ തുടര്‍ന്ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം ചികിത്സയ്ക്കാരി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala, Stray dog attack, Supreme court