• HOME
  • »
  • NEWS
  • »
  • kerala
  • »
  • സുപ്രീം കോടതി വിധി വിജയമെന്ന് കർമ്മസമിതി: ശനിയാഴ്ച വൈകിട്ട് നാമജപയാത്ര

സുപ്രീം കോടതി വിധി വിജയമെന്ന് കർമ്മസമിതി: ശനിയാഴ്ച വൈകിട്ട് നാമജപയാത്ര

കേസ് കൊടുത്തവരും അതിനെ പിന്തുണച്ചവരും വടി കൊടുത്ത് അടി മേടിച്ചു വെന്ന് ശബരിമല കർമ്മസമിതി

  • Share this:
    ശബരിമല വിശ്വാസ സംരക്ഷണത്തിനു വേണ്ടിയുള്ള നിയമ പോരാട്ടത്തിന്റെ രണ്ടാംഘട്ട വിജയം സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ ഭൂരിപക്ഷ വിധിയോടെ വിശ്വാസികൾ നേടിക്കഴിഞ്ഞതായി ശബരിമല കർമ്മസമിതി. ഇതിന്റെ വിജയാഘോഷത്തിൻറെ ഭാഗമായി നവംബർ 16ന് വൈകിട്ട് കേരളത്തിന്റെ തെരുവീഥികൾ സമാധാനപരമായ അയ്യപ്പ മന്ത്ര നാമജപ ഘോഷയാത്രകൾ സംഘടിപ്പിക്കും. വിശ്വാസ സംരക്ഷണത്തിനായി പ്രവർത്തിച്ച എല്ലാ ഭക്തജനങ്ങളെയും സാമുദായിക, സാംസ്കാരിക, ധാർമ്മിക സംഘടനകളെയും ഇതിൽ പങ്കെടുപ്പിക്കുമെന്ന് ശബരിമല കർമ്മസമിതിക്കു വേണ്ടി സംസ്ഥാന ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ നടത്തിയ പ്രസ്താവനയിൽ പറയുന്നു.

    Also Read- 'ഞങ്ങളുടെ ശബരിമല വിധി വായിക്കൂ; വിധിന്യായങ്ങൾ കൊണ്ട് കളിക്കരുതെന്ന് സർക്കാരിനോട് പറയൂ ' : സൊളിസിറ്റർ ജനറലിനോട് ജസ്റ്റിസ് നരിമാൻ

    പ്രസ്താവനയിൽ നിന്ന്:

    കോടാനുകോടി അയ്യപ്പഭക്തരുടെ പ്രാർത്ഥനയുടെ ഫലമായി ശ്രീ അയ്യപ്പസ്വാമിയുടെ അനുഗ്രഹത്താൽ ശബരിമലയുടെ മാത്രമല്ല മറ്റു ക്ഷേത്രങ്ങളിൽ നിലനിന്നുപോരുന്ന വിശ്വാസങ്ങളെയും എല്ലാ മതവിഭാഗങ്ങളുടെ വിശ്വാസങ്ങളെത്തന്നെയും പൂർണ്ണമായും കോടതിയുടെ ഇടപെടലുകളിൽ നിന്നും മുക്തമാക്കുന്ന നടപടികളിലേക്ക് വരെ എത്തിച്ചേരാനുള്ള സാധ്യത ഈ വിധിയിൽ തെളിഞ്ഞു കാണുന്നുണ്ട്.

    ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതും കോടതി തീർപ്പ് കൽപ്പിക്കേണ്ട ഒരു വിഷയമാണോ എന്നു പോലും ചിന്തിക്കേണ്ട ഒരു വിഷയത്തെ സംബന്ധിച്ച ഒരു കേസ് ഒരു അഞ്ചംഗ ഭരണഘടനാ ബെഞ്ചാണോ തീർപ്പ് കൽപ്പിക്കേണ്ടത് എന്ന വളരെ പ്രസക്തമായ ഒരു നിരീക്ഷണവും ഈ വിധിയിലുണ്ട്. ഇത് കണക്കിലെടുത്താണ് ഏഴോ അതിലധികമോ അംഗങ്ങളുള്ള ബെഞ്ച് ഈ കേസിന്റെ വാദം കേൾക്കണമെന്ന നിഗമനത്തിലേക്ക് കോടതി എത്തിച്ചേർന്നത്.

    1950 ൽ സുപ്രീം കോടതിയിൽ ആകെ 7 ജഡ്ജിമാർ മാത്രമുണ്ടായിരുന്നപ്പോൾ സ്ഥാപിതമായ അഞ്ചംഗങ്ങൾ ഉള്ള ഭരണഘടനാ ബഞ്ച് ഇപ്പോൾ നിലവിലുള്ള സുപ്രീം കോടതി ജഡ്ജിമാരുടെ അംഗസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ സുപ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിന്റെ അനൗചിത്യവും ഈ വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ നിരീക്ഷണം 2018 സെപ്തംബർ 28 ന് സ്ത്രീ പ്രവേശനത്തിന് അനുകൂലമായി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയുടെ പോരായ്മയെ തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്.

    ഏത് കാരണത്താലാണോ ശബരിമല കേസിൽ ഭക്തജനങ്ങളുടെ വിശ്വാസത്തെ തീർത്തും അവഗണിച്ചു കൊണ്ട് യുവതീ പ്രവേശനം നടത്താമെന്ന അഞ്ചംഗ ബഞ്ച് ഭൂരിപക്ഷ വിധി പ്രസ്താവിച്ചത് അതേ സാഹചര്യം നിലനിൽക്കുന്ന മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളും ഉണ്ട് എന്നും ഇത്തരം വിഷയങ്ങളിൽ സുപ്രീം കോടതിയിൽ വത്യസ്തങ്ങളായ കേസുകൾ നില നിൽക്കുമ്പോൾ അത് വെവ്വേറെ പരിഗണിക്കുന്നതിലുള്ള അസാംഗത്യവും ഈ വിധിയിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു.

    സുപ്രീം കോടതി തന്നെ മുമ്പ് പ്രസ്താവിച്ചിട്ടുള്ള പല വിധികളേയും ചൂണ്ടിക്കാണിച്ചു കൊണ്ട് മതപരമായ വിശ്വാസങ്ങളുടെ വിഷയങ്ങളിൽ കോടതികളാണോ തീരുമാനങ്ങൾ എടുക്കേണ്ടത് അതോ ആ മതത്തിൽപ്പെട്ടവർ ആണോ എന്ന ഒരു പുനർവിചിന്തനത്തിനും ഈ വിധി വഴി തുറക്കുന്നു.

    ഇത്തരത്തിൽ സുപ്രീം കോടതിയുടെ അടിസ്ഥാന ഘടനെയും ഇടപെടേണ്ട വിഷയങ്ങളുടെ പരിധിയേയും മാറ്റിമറിക്കാൻ സാധ്യതയുള്ള ചരിത്രത്തിൽ തന്നെ വളരെ സുപ്രധാനമായ ഒരു വിധിയായിട്ടും അതിനു വേണ്ടി കലിയുഗവരദനായ ശ്രീ അയ്യപ്പസ്വാമി തുറന്നു തന്ന ഒരു വഴിയായിട്ടും വേണം ഈ വിധിയെ കാണാൻ. ചുരുക്കിപ്പറഞ്ഞാൽ കേസ് കൊടുത്തവരും അതിനെ പിന്തുണച്ചവരും വടി കൊടുത്ത് അടി മേടിച്ചു.

    വിശ്വാസ സംരക്ഷണത്തിന്റെ ഒരു പുതുയുഗപ്പിറവിക്ക് നാന്ദിക്കുറിക്കുന്ന ഈ വിധി ശ്രീ അയ്യപ്പസ്വാമിയുടെ ശക്തിയുടെ വിജയമാണ്, ഭക്തജനങ്ങളുടെ വിജയമാണ്, ശരീരവും മനസ്സും പൂർണ്ണമായി അർപ്പിച്ച് വിശ്വാസ സംരക്ഷണത്തിനായി നാമജപം നടത്തിയും പ്രക്ഷോഭങ്ങളിൽ പങ്കെടുത്തും പോലീസിന്റെ ക്രൂരമായ മർദ്ദനങ്ങളും ജയിൽ വാസവും ഏറ്റുവാങ്ങുകയും ബലിദാനികളാകുകയും ചെയ്തിട്ടുള്ള സാധാരക്കാരായ വിശ്വാസികളുടെ വിജയമാണ്, വിശിഷ്യാ തെരുവീഥികളിൽ മന്ത്രജപവുമായി നാടിനെ ഉണർത്തിയ അമ്മമാരുടെ വിജയമാണ്.

    നിയമ നടപടികളിൽ ലഭിച്ച വിജയാഘോഷത്തോടൊപ്പം ഈ വരുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമലയിൽ ശാന്തിയും സമാധാനവും നിലനിർത്താനും വിശ്വാസധ്വംസനം സ്വപ്നം കണ്ടിരിക്കുന്ന ആസുരിക ശക്തികൾക്ക് സൽബുദ്ധി നൽകാനും ഉള്ള പ്രാർത്ഥനയോടെ നടത്തുന്ന ഈ നാമജപ ഘോഷയാത്രയിൽ എല്ലാ വിശ്വാസികളുടെയും സഹകരണവും സാന്നിദ്ധ്യവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
    First published: