ന്യൂഡല്‍ഹി: അബ്ദുള്‍ നാസര്‍ മഅദനിയ്ക്ക് കേരളത്തിലേക്ക് അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണവും ചെലവും വെട്ടിക്കുറയ്ക്കാന്‍ നിര്‍ദേശിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബേല എം ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. അകമ്പടി സംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
പൊലീസ് അകമ്പടിയുടെ ചെലവായി മാസം 20 ലക്ഷം രൂപ കെട്ടിവയ്ക്കണം എന്നായിരുന്നു കർണാടക പൊലീസിന്റെ ആവശ്യം. തുക വെട്ടിക്കുറയ്ക്കാനാവില്ലെന്ന് കർണാടക പൊലീസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ജൂലൈ 8 വരെയുള്ള സുരക്ഷാ കാര്യങ്ങൾക്ക് 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെതിരെ മഅദനി നൽകിയ അപേക്ഷയിലാണ് ബെംഗളൂരു തീവ്രവാദ വിരുദ്ധ സെൽ എതിർ സത്യവാങ്മൂലം നൽകിയത്.
Also Read- മഅദനിയുടെ കേരള യാത്ര: കൊല്ലത്ത് കർണാടക പൊലീസിന്റെ പരിശോധന
മഅദനിക്കുള്ള സുരക്ഷാഭീഷണി, റിസ്ക് അസസ്മെന്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥരെ തീരുമാനിച്ചിട്ടുള്ളതെന്നു സത്യവാങ്മൂലത്തിലുണ്ട്. ഇതേക്കുറിച്ചു റിപ്പോർട്ട് തയാറാക്കാൻ ക്രൈം ഡിസിപി യതീഷ് ചന്ദ്ര അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. അവർ കേരളത്തിലെ വിവിധ സ്ഥലങ്ങളിലെത്തി പരിശോധിച്ചു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുക തീരുമാനിച്ചത്.
Also Read- മഅദനിയുടെ ചികിത്സയ്ക്കും നിയമപോരാട്ടത്തിനും സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് മുസ്ലിം സംഘടനകള്‍
കോടതി ഉത്തരവ് അനുസരിക്കാതിരുന്നിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ജാമ്യ ഇളവ് നൽകിയ തങ്ങളുടെ ഉത്തരവു മറികടക്കാനാണോ ഈ രീതിയെന്നു നേരത്തേ മഅദനിയുടെ അപേക്ഷ പരിഗണിക്കുമ്പോൾ കോടതി ചോദിച്ചിരുന്നു. മഅദനിക്കുള്ള സുരക്ഷയ്ക്ക്, 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നാണ് കർണാടക പൊലീസ് ആവശ്യപ്പെടുന്നത്. പ്രതിമാസം 20.23 ലക്ഷം രൂപയാണ് ചെലവെന്നും വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Abdul nasar madani, Supreme court