ന്യൂഡല്‍ഹി: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയ്ക്ക്(Bineesh Kodiyeri) സുപ്രീംകോടതി(Supreme Court) നോട്ടീസ്. ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(Enforcement Directorate) നല്കിയ ഹര്‍ജിയിലാണ് നോട്ടീസ്. ജസ്റ്റിസുമാരായ ബി ആര് ഗവായ്, എ എസ് ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ച ഉത്തരവിനെതിരെ ബംഗളുരുവിലെ ഇ ഡി ഡെപ്യൂട്ടി ഡയറക്ടറാണ് സുപ്രീം കോടതിയെ സമീപച്ചത്. കള്ളപ്പണ ഇടപാടില്‍ ബിനീഷിനെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് ഇ.ഡിക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് വാദിച്ചു.
സാമ്പത്തിക സ്രോതസ് സംബന്ധിച്ച് ബിനീഷിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ഇഡി പറയുന്നു. കൂടാതെ കേസില്‍ ഇനിയും ചിലരെ ചോദ്യം ചെയ്യാനുണ്ട്. അതിനാല്‍ ബിനീഷിന് ജാമ്യം നല്‍കിയത് കേസിനെ ബാധിക്കുമെന്ന് ഹര്‍ജിയില്‍ ഇഡി പറയുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ലഹരിക്കടത്ത് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദുമായി ചേര്‍ന്ന് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ഇ.ഡി.യുടെ കണ്ടെത്തല്‍. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി. അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് ബിനീഷിനു ജാമ്യം ലഭിച്ചത്.
ബാങ്ക് അക്കൗണ്ടുകളില്‍ കള്ളപ്പണം ഇല്ലെന്നും, പച്ചക്കറി, മല്‍സ്യ കച്ചവടത്തില്‍ നിന്നുള്ള പണമാണ് അക്കൗണ്ടില്‍ ഉള്ളതെന്നുമായിരുന്നു കര്‍ണാടക ഹൈക്കോടതിയില്‍ ബിനീഷിന്റെ വാദം. കേസിലെ ഒന്നാം പ്രതി അനൂപ് മുഹമ്മദുമായി നടത്തിയ പണമിടപാടാണ് ബിനീഷ് കോടിയേരിക്കെതിരെയുള്ള ആരോപണത്തിന് അടിസ്ഥാനം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.