ന്യൂഡൽഹി: എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട എ രാജക്ക് ആശ്വാസം. ഹൈക്കോടതി വിധിക്ക് ഉപാധികളോടെ സുപ്രീംകോടതി സ്റ്റേ അനുവദിച്ചു. കേസ് പരിഗണിക്കുന്ന ജൂലൈ വരെ സുപ്രീം കോടതിയാണ് സ്റ്റേ അനുവദിച്ചത്. അതുവരെ രാജയ്ക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാം. അതേസമയം, വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അലവൻസിനും ആനുകൂല്യങ്ങൾക്കും അവകാശമുണ്ടായിരിക്കില്ല.
രാജ ഹിന്ദുവാണെന്ന് എങ്ങിനെ തെളിയിക്കുമെന്ന് ചോദിച്ച സുപ്രീംകോടതി, ഹൈക്കോടതി വിധിക്കെതിരായ രാജയുടെ ഹർജി അന്തിമ വാദത്തിനായി മേയ് 12ലേക്ക് മാറ്റി.
രാജ ക്രൈസ്തവനായതിനാൽ പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്തുനിന്നു മത്സരിക്കാൻ യോഗ്യതയില്ലെന്ന് വ്യക്തമാക്കിയാണ് തിരഞ്ഞെടുപ്പ് അസാധുവാക്കി ഹൈക്കോടതി മാർച്ച് 20ന് ഉത്തരവിട്ടത്. വ്യാജ ജാതി സർട്ടിഫിക്കറ്റ് നൽകിയാണു രാജ മത്സരിച്ചതെന്നു ചൂണ്ടിക്കാട്ടി എതിർ സ്ഥാനാർഥി കോൺഗ്രസിലെ ഡി കുമാർ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.
Also Read- എ. രാജയുടെ ജാതി തെളിയിക്കുന്ന പള്ളിയിലെ രേഖകൾ മായ്ച്ച ശേഷം തിരുത്തലുകൾ വരുത്തിയെന്ന് ആരോപണം
ഉത്തരവിലെ സ്റ്റേ നീട്ടി നൽകണമെന്നാവശ്യപ്പെട്ട് എ രാജ നൽകിയ ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു. സ്റ്റേ നീട്ടണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ വീണ്ടും സാങ്കേതികമായി എ രാജ എംഎൽഎ അല്ലാതായി.
നേരത്തെ, സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ 10 ദിവസത്തേക്ക് വിധിക്ക് സ്റ്റേ അനുവദിച്ചിരുന്നു. സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും അപ്പീലിലെ പിഴവ് മൂലം പരിഗണിച്ചില്ല. തുടർന്നാണു സ്റ്റേ കാലാവധി 20 ദിവസം കൂടി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ വീണ്ടും ഹർജി നൽകിയത്. എന്നാൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയ സാഹചര്യത്തിൽ ആവശ്യം പരിഗണിക്കാനാകില്ലെന്നു വിലയിരുത്തി ജസ്റ്റിസ് പി സോമരാജൻ ഹർജി തള്ളുകയായിരുന്നു. ഇതോടെയാണ് അപ്പീൽ സുപ്രീംകോടതി പരിഗണിക്കുന്നതു വരെ രാജയ്ക്ക് കാത്തിരിക്കേണ്ടി വന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.