ISRO ചാരക്കേസ് ഗൂഢാലോചനയിൽ (ISRO espionage case) നാല് മുൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സിബിഐയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ. എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്.
കേരള പൊലീസിലെ ഉദ്യോഗസ്ഥരായിരുന്ന എസ്. വിജയൻ, തമ്പി എസ്. ദുർഗാദത്ത്, മുൻ ഐ.ബി ഡെപ്യൂട്ടി ഡയറക്ടറായ ആർ.ബി. ശ്രീകുമാർ, റിട്ടയേർഡ് ഐ.ബി. ഉദ്യോഗസ്ഥൻ പി.എസ്. ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് സിബിഐയുടെ ആവശ്യം.
ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സിബിഐയുടെ ആവശ്യം കഴിഞ്ഞ തവണ സുപ്രീം കോടതി തള്ളിയിരുന്നു. എന്നാൽ, നാല് പേർക്കും കോടതി നോട്ടീസ് അയച്ചു. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് കേന്ദ്ര ഏജൻസിയുടെ ആവശ്യം. ദേശീയ പ്രാധാന്യമുള്ള കേസാണ്. ഗുരുതരമായ ആരോപണങ്ങളിലാണ് അന്വേഷണം. പ്രതികൾ ജാമ്യത്തിൽ കഴിയുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സിബിഐയുടെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
1994ലെ ഐഎസ്ആർഒ ചാരക്കേസിൽ വിദേശത്തു നിന്നുള്ളവർ ഉൾപ്പെട്ട വലിയ ഗൂഢാലോചന നടന്നേക്കാമെന്ന് പോയവാരം സി.ബി.ഐ. സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
കേസിൽ നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞന്റെ പേരുൾപ്പെട്ടതും രാജ്യത്തിൻറെ ക്രയോജനിക് എഞ്ചിൻ വികസിപ്പിക്കാനുള്ള സാങ്കേതിക വിദ്യ മുടങ്ങുകയും രാജ്യത്തിന്റെ ബഹിരാകാശ പദ്ധതി കുറഞ്ഞത് ഒന്നോ രണ്ടോ പതിറ്റാണ്ടുകളോളം പിന്നോട്ട് പോകുകയും ചെയ്ത സംഭവമാണുണ്ടായത്.
മുൻ പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ഉൾപ്പെടെ നാലുപേർക്ക് മുൻകൂർ ജാമ്യം അനുവദിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി സമ്മതിച്ച സാഹചര്യത്തിലാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ.) ഇക്കാര്യം അറിയിച്ചത്.
സിബിഐയുടെ ഹർജി ജസ്റ്റിസുമാരായ എ. എം. ഖാൻവിൽക്കർ, സി. ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ എത്തുകയും നോട്ടീസ് അയച്ച് നവംബർ 29ന് വാദം കേൾക്കാനായി മാറ്റുകയായിരുന്നു. ആഗസ്റ്റ് 13ന് ഗുജറാത്ത് മുൻ ഡി.ജി.പി. ആർ. ബി. ശ്രീകുമാറിനും രണ്ട് പ്രതികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
മുൻകൂർ ജാമ്യം അനുവദിക്കുന്നത് കേസിന്റെ അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്ന് സിബിഐക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി) എസ്.വി. രാജു സുപ്രീം കോടതിയെ അറിയിച്ചു.
Summary: Supreme Court will hear the petition of CBI to cancel anticipatory bail issued to four former investigative officers in ISRO espionage case. The high court on August 13 granted anticipatory bail to four accused- a former Gujarat DGP R.B. Sreekumar, two former Kerala police officers S. Vijayan and Thampi S Durga Dutt, and a retired intelligence official P.S. Jayaprakashഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.