ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ രേഖാ രാജിനെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. സര്‍വകലാശാലയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയത്. എംജി സര്‍വകലാശാല നടത്തിയ നിയമന രീതി ശുദ്ധ അസംബന്ധമാണെന്നും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇതുവരെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാത്ത മറ്റ് നിയമനങ്ങള്‍ക്ക് ഈ വിധി ബാധകമായിരിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഗാന്ധിയന്‍ സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള രേഖാ രാജിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി റാങ്ക് പട്ടികയില്‍ രണ്ടാമതെത്തിയ നിഷ വേലപ്പന് നായര്‍ക്ക് ഉടന്‍ നിയമനം നല്‍കണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇന്റര്‍വ്യൂവിന് മാര്‍ക്ക് നല്കിയ മാനദണ്ഡങ്ങള്‍ നിയമാനുസൃതമല്ലെന്ന് ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയിരുന്നു. നിയമനം ശരിവച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീലായിരുന്നു ഡിവിഷന് ബെഞ്ച് പരിഗണിച്ചത്. ഇതിനെതിരെ മഹാത്മാ ഗാന്ധി സര്‍വകലാശാലയും രേഖാ രാജുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
Also Read-
എംജി സർവകലാശാല: രേഖാ രാജിന്റെ നിയമനം റദ്ദാക്കിയ ഉത്തരവിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞതെന്ത്?ഹര്‍ജികളിലെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിയമന വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കാന്‍ സര്‍വകലാശാലയ്ക്ക് അധികാരം ഉണ്ടെന്ന് ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും അഭിഭാഷക കോടതിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല.
രേഖാ രാജിനും നിഷ വേലപ്പന് നായര്‍ക്കും പിഎച്ച്ഡി ഉണ്ടായിട്ടും ഒരാള്‍ക്ക് മാത്രം എന്തുകൊണ്ട് നിയമനത്തിന് പിഎച്ച്ഡി യുടെ മാര്‍ക്ക് കണക്കാക്കിയെന്ന് കോടതി ആരാഞ്ഞു. നെറ്റ് ആണ് അടിസ്ഥാന യോഗ്യതയെന്നും നെറ്റ് ഇല്ലാത്തതിനാലാണ് നിഷ വേലപ്പന് നായര്‍ക്ക് പിഎച്ച്ഡിയുടെ മാര്‍ക്ക് കണക്കാക്കാത്തതെന്നും സര്‍വകലാശാലയുടെ അഭിഭാഷക സാക്ഷി കക്കര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ കെ മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
യുജിസിയുടെ അംഗീകാരം ഇല്ലാത്ത ജേര്‍ണലിലില്‍ പ്രസിദ്ധീകരിച്ച രേഖ രാജിന്റെ ലേഖനങ്ങള്‍ക്ക് ഇന്റര്‍വ്യൂ ബോര്‍ഡ് മാര്‍ക്ക് നല്‍കിയതിനെയും കോടതി വിമര്‍ശിച്ചു. എന്നാല്‍ ലേഖനങ്ങള്‍ സര്‍വകലാശാല അംഗീകരിച്ച ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് രേഖ രാജിന്റെ അഭിഭാഷകന് സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. രേഖ രാജിന് വേണ്ടി പി വി ദിനേശും സുല്‍ഫിക്കര്‍ അലി പി എസ്സും ഹാജരായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.