ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്ന് പേരെ ലാവ്ലിൻ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ ഹർജി ഇന്ന് പരിഗണിക്കുന്ന കേസുകളിൽ ലിസ്റ്റ് ചെയ്തു സുപ്രീം കോടതി. ഇന്ന് രണ്ട് മണിക്കാണ് കേസ് സുപ്രീം കോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം സുപ്രീം കോടതിയിൽ രാവിലെ മുതൽ ആരംഭിക്കുന്ന ഭരണഘടനാബെഞ്ചിന്‍റെ വാദം ഉച്ചയ്ക്കുശേഷം നീണ്ടുപോയാൽ ലാവലിൻ കേസ് ഇന്ന് പരിഗണിക്കില്ല. നേരത്തേ ഹർജി പരിഗണിക്കില്ലെന്ന് വാർത്തകൾ വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിന് എതിരായ സിബിഐ അപ്പീലാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ചൊവ്വാഴ്ച്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ നിന്ന് ഈ ഹര്‍ജികള്‍ നീക്കം ചെയ്യരുതെന്ന് സുപ്രീം കോടതി ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതിനിടയിലാണ് ഹർജി പരിഗണിക്കില്ലെന്ന് വാർത്തകൾ വന്നത്. ഭരണഘടന ബെഞ്ച് സിറ്റിംഗ് ഇല്ലെങ്കിൽ മാത്രമേ ലാവ്ലിൻ ഉൾപ്പെടെയുള്ള ഹർജികൾ പരിഗണിക്കുകയുള്ളൂവെന്നായിരുന്നു പുതിയതായി വന്ന വാർത്തകൾ.
നാല് വര്‍ഷത്തിനിടെ മുപ്പതിലധികം തവണയാണ് ലാവ്ലിന് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്. 2017 ഓഗസ്റ്റ് 23 നാണ് പിണാറായി വിജയന്‍, മുന്‍ ഊർജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, ഊർജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധി വന്നത്. കേസിലെ പ്രതികളായ കെഎസ്ഇബി ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എഞ്ചിനീയർ കസ്തൂരി രംഗ അയ്യര്‍, കെഎസ്ഇബി മുന്‍ അക്കൗണ്ട്‌സ് മെംബർ കെ ജി രാജശേഖരൻ, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ ശിവദാസന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Also Read- പേ വിഷ ബാധയേറ്റ നായ്ക്കളേയും അക്രമകാരികളായ നായ്ക്കളേയും കൊല്ലാൻ അനുമതി തേടും: മന്ത്രി എംബി രാജേഷ്
പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് 2017 ഡിസംബര്‍ 19 ന് സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ നീണ്ടുപോകുകയായിരുന്നു. ഇതിനിടെ കസ്തൂരിരംഗ അയ്യര്‍ അടക്കമുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന വിധി താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. കേസ് ഇങ്ങനെ അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും കോടതിയുടെ ഉത്തരവുണ്ടാകണമെന്നും അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയൻ കമ്പനിയായ എസ് എൻ സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിന്റെ അടിസ്ഥാനം. ഈ കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താൽപര്യം എടുക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Lavlin case, Snc lavlin, Supreme court