നടൻ സുരേഷ് ഗോപി ബി.ജെ.പി. വിട്ടുപോകുമെന്നത് അഭ്യൂഹം മാത്രം. 'ആ വാർത്തകൾ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം ഇത് എന്തിനു വേണ്ടിയായിരുന്നുവെന്ന്. ബി.ജെ.പി. വിട്ട് എങ്ങോട്ടുമില്ല. നരേന്ദ്ര മോദിയ്ക്കും അമിത് ഷായ്ക്കും ജെ.പി.നദ്ദയ്ക്കും രാജ്നാഥ് സിങ്ങിനും ഉറച്ച പിന്തുണ നൽകും' എന്നുമാണ് സുരേഷ് ഗോപി മനോരമ ന്യൂസിനോട് പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ന്യൂസ് ചാനലാണ് സുരേഷ് ഗോപിയും ബി.ജെ.പിയുമായി അകൽച്ചയിലാണെന്നും അദ്ദേഹം പാർട്ടി വിടുമെന്നും റിപ്പോർട്ട് ചെയ്തത്. സംഭവം ട്വിറ്ററിലെ ചർച്ചകൾക്ക് വഴിതെളിക്കുകയും ചെയ്തു.
സുരേഷ് ഗോപിയെ നടനായും രാഷ്ട്രീയ നേതാവായും ആദരിക്കുന്ന പലരും ഒരു നെടുവീർപ്പോടെ ഈ ട്വീറ്റുകൾ പോസ്റ്റ് ചെയ്യുകയും, പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പിന്നിലെ സത്യം തേടി പലരും എത്തി.
ബി.ജെ.പിയുടേ സജീവ പ്രവർത്തനങ്ങളിൽ നിന്നും സുരേഷ് ഗോപി പിന്മാറുന്നു എന്നാണ് വാർത്തയുടെ ഉള്ളടക്കം. ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചും കഴിഞ്ഞു എന്നാണു വാർത്ത. പാർട്ടി പ്രവർത്തകർ കൂടിക്കാഴ്ച നടത്തിയെങ്കിലും പാർട്ടി പ്രവർത്തനത്തിൽ സജീവമാകണമെന്ന അഭ്യർത്ഥന അദ്ദേഹം നിരാകരിക്കുകയായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു.
'സുരേഷ് ഗോപി ബി.ജെ.പി. വിട്ടു... ഇനി ഒന്നിനുമില്ല' എന്ന തലക്കെട്ടോടെയാണ് വീഡിയോ വാർത്ത.
മിമിക്രി കലാകാരന്മാർക്ക് താൻ വാക്കുകൊടുത്ത പോലെ രണ്ടു ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹം കുറച്ചു ദിവസങ്ങൾക്കു മുൻപ് നാദിര്‍ഷായ്ക്ക് കൈമാറിയിരുന്നു. രണ്ട് വർഷം മുൻപു നടത്തിയ പ്രഖ്യാപനം അദ്ദേഹം ഓരോ സിനിമ ചെയ്യുമ്പോഴും അതിന്റെ അഡ്വാൻസ് തുകയിൽ നിന്നും നീക്കിയിരിപ്പായി നൽകാറുണ്ട്,
സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ഒന്നിച്ചെത്തുന്ന 'പാപ്പൻ' എന്ന ചിത്രം റിലീസിനെത്തുകയാണ്. ജോഷി സംവിധാനം നിർവഹിക്കുന്നു. 'കാവൽ' ആണ് സുരേഷ് ഗോപിയുടെ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം.
'ഒറ്റക്കൊമ്പൻ' ആണ് മറ്റൊരു ചിത്രം. കൂടാതെ 'മേ ഹൂം മൂസ' എന്ന സിനിമയിലും വേഷമിടുന്നുണ്ട്. ഛായാഗ്രാഹകനും സംവിധായകനുമായ ജിബു ജേക്കബുമായി അദ്ദേഹം സഹകരിക്കുന്ന സിനിമയാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.