കോട്ടയം: തൃശ്ശൂരിൽ വച്ചാണ് പോലീസ് ഉദ്യോഗസ്ഥനെ കൊണ്ട് രാജ്യസഭാ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപി സല്യൂട്ട് അടുപ്പിച്ചത്. ഈ വിവാദത്തിലാണ് തുറന്ന പ്രതികരണവുമായി സുരേഷ് ഗോപി ഇന്ന് മാധ്യമങ്ങളെ കണ്ടത്. സല്യൂട്ട് അടിക്കുന്ന പരിപാടി തന്നെ നിർത്തണം എന്നാണ് തന്റെ അഭിപ്രായമെന്ന് സുരേഷ്ഗോപി പാലായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എന്നാൽ ജനപ്രതിനിധികൾക്ക് സല്യൂട്ട് അടിക്കേണ്ട എന്ന് ഡിജിപി പറഞ്ഞിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. അങ്ങനെയെങ്കിൽ ഡിജിപിയുടെ സർക്കുലർ കാണിക്കട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു. ഇക്കാര്യത്തിൽ സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് പരാതി ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഇല്ല എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാൽ പോലീസ് അസോസിയേഷൻ രാഷ്ട്രീയം കാണിക്കുന്നു എന്നായിരുന്നു ഈ കാര്യത്തിൽ സുരേഷ് ഗോപിയുടെ മറുപടി. പോലീസ് അസോസിയേഷന്റെ രാഷ്ട്രീയം അംഗീകരിക്കാനാവില്ല. സല്യൂട്ടുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാതി ഉണ്ടെങ്കിൽ രാജ്യസഭാ അധ്യക്ഷന് നൽകുക എന്നായിരുന്നു മറുപടി.
സലൂട്ട് അടിക്കുന്ന കാര്യത്തിൽ കാര്യത്തിൽ ചില വിവേചനങ്ങൾ ഉണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. താൻ ഇതിനെയാണ് ചോദ്യം ചെയ്തത് എന്നും പാലാ ബിഷപ്സ് ഹൗസിൽ മാർ ജോസഫ് കല്ലറങ്ങാട്ടിനെ കണ്ട ശേഷം സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ നാർകോട്ടിക് ജിഹാദ് ലൗജിഹാദ് പരാമർശം ഏറെ വിവാദങ്ങൾക്ക് ആണ് വഴിതെളിച്ചത്. അതിനു പിന്നാലെയാണ് രാജ്യസഭ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപി പാലാ ബിഷപ്സ് ഹൗസിൽ എത്തി ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ നേരിട്ട് കണ്ടത്.
ബിഷപ്പുമായി നടന്നത് സാമൂഹ്യ വിഷയങ്ങളിൽ ഉള്ള ചർച്ച ആണെന്ന് കൂടിക്കാഴ്ചക്കുശേഷം പുറത്തുവന്ന സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
Also Read-
സല്യൂട്ട് വിവാദം: സുരേഷ് ഗോപിയ്ക്ക് ചെരിപ്പു കൊണ്ട് സല്യൂട്ട് നൽകി യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധം
ബിഷപ്പിനെ പൂർണമായും ന്യായീകരിക്കാനും സുരേഷ്ഗോപി തയ്യാറായി. ബിഷപ്പ് സംസാരിച്ചത് തീവ്രവാദിനെതിരെ ഒരു മതത്തിനെതിരെയുമല്ല.അത് ഒരു മതത്തിനെതിരെയാണ് എന്ന് കരുതുന്നത് ശെരിയല്ല. ബിഷപ് പറഞ്ഞതിനെ തുടർന്ന് ഏതെങ്കിലും ഒരു ഭാഗം നേരെ കേറി വന്നു അത് ഏറ്റെടുക്കുന്നത് ശരിയാണോ എന്ന് സുരേഷ് ഗോപി ചോദിച്ചു.
ബിഷപ്പ് ഹൗസിൽ ഒരു മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. രാവിലെ 11 മണിക്ക് ഉള്ള ഒരു പരിപാടിക്ക് വേണ്ടിയാണ് സുരേഷ് ഗോപി പാലായിൽ എത്തിയത്. ബിഷപ്പ് പിന്തുണ ആവശ്യപ്പെട്ടാൽ നൽകുമെന്നായിരുന്നു സുരേഷ് ഗോപി എംപി ഇന്നലെ പ്രതികരിച്ചത്. ഏതായാലും നിയമപരമായി ഈ വിഷയവുമായി മുന്നോട്ടുപോകുമെന്ന സൂചനയാണ് രാജ്യസഭാ എംപി കൂടിയായ സുരേഷ് ഗോപി നൽകുന്നത്. ഇക്കാര്യത്തിൽ കത്തോലിക്കാ സഭാ നേതൃത്വവുമായി പലതവണയും ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പല കാര്യങ്ങളും പരസ്പരം പങ്കു വെക്കാറുണ്ട് എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ഏതായാലും സല്യൂട്ട് വിവാദത്തിൽ കടുത്ത വിമർശനമാണ് ഉയർന്നത്. പാലക്കാട് യൂത്ത് കോൺഗ്രസ് ചെരുപ്പുകൊണ്ട് സുരേഷ് ഗോപിയുടെ ചിത്രത്തിനുമുന്നിൽ സല്യൂട്ട് അടിച്ച് പ്രതിഷേധിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.