തൃശൂര്‍: തൃശൂര്‍ പൂരം(Thrissur Pooram) വെടിക്കെട്ടിന് കേന്ദ്ര ഏജന്‍സിയായ പെസോയുടെ അനുമതി വാങ്ങിക്കൊടുത്തത് തന്റെ ഇടപെടലാണെന്ന് സുരേഷ് ഗോപി(Suresh Gopi). ഓസ്ട്രേലിയയിലായിരുന്ന വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ ഏകദേശം രാത്രി പന്ത്രണ്ട് മണിയ്ക്ക് ഒപ്പിടുകയായിരുന്നെന്ന് സുരേഷ് ഗോപി.
താന്‍ പാര്‍ലമെന്റില്‍ അംഗമായിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുമ്പോഴാണ് സുരേഷ് ഗോപി ഇക്കാര്യം അറിയിച്ചത്. പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഈ വിഷയത്തില്‍ ഇടപ്പെട്ടത്. എല്ലാ പൂരപ്രേമികള്‍ക്കും ഭംഗിയായി പൂരം കാണാമെന്നും സുരേഷ്ഗോപി തൃശൂരില്‍ പറഞ്ഞു.
'വളരെ പരിപൂര്‍ണമായി എല്ലാ മര്യാദകളോടുംകൂടി വെടിക്കെട്ടിന്റെ അണുവിടവ്യത്യാസമില്ലാതെ പൂരം പൂര്‍ണരൂപത്തില്‍ സ്പെഷ്യല്‍ എഡിഷനായി 2022 മെയ് മാസത്തില്‍ കാഴ്ചവയ്ക്കാന്‍ തൃശൂര്‍കാര്‍ക്ക് സാധിക്കും' അദ്ദേഹം പറഞ്ഞു. മെയ് പത്തിനാണ് തൃശൂര്‍ പൂരം.
തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി. കേന്ദ്ര ഏജന്‍സിയായ 'പെസോ ' ആണ് അനുമതി നല്‍കിയത്. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് അനുമതിയുള്ളത്. ഇതിന് പുറമെയുള്ള വസ്തുക്കള്‍ വെടിക്കെട്ടിന് ഉപയോഗിക്കരുത്. മെയ് എട്ടിന് സാംപിള്‍ വെടിക്കെട്ടും മേയ് പതിനൊന്നിന് പുലര്‍ച്ചെ പ്രധാന വെടിക്കെട്ടും നടത്തും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തൃശൂര്‍ പൂരം നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പൂരം എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താന്‍ കഴിഞ്ഞിരുന്നില്ല.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.