കൊച്ചി: കെ.ടി ജലീലിനെതിരെ (KT Jaleel) ആരോപണങ്ങള്‍ ശക്തമാക്കി സ്വർണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് (Swapna Suresh). സ്വർണക്കടത്തുകേസിൽ ജലീലിന് ക്ലീൻചിറ്റ് നൽകിയിട്ടില്ല. ജലീലിനെതിരായ തെളിവുകൾ നേരത്തെ തന്നെ ഇ ഡിക്ക് നൽകിയതാണ്. മുഖ്യമന്ത്രി അടക്കം പലരും പ്രോട്ടോക്കോൾ ലംഘിച്ചിട്ടുണ്ട്. കാന്തപുരം അബൂബക്കർ മുസ്ലിയാരും പ്രോട്ടോക്കോൾ ലംഘനം നടത്തുകയും മർക്കസിനു വേണ്ടി കോൺസൽ ജനറലിന്റെ ഓഫീസ് വഴി സ്യൂട്ട്‌കേസുകൾ കോഴിക്കോട്ടേക്ക് എത്തിച്ചിട്ടുണ്ടെന്നും സ്വപ്‌ന ആരോപിച്ചു. 'മാധ്യമം' പത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് യുഎഇ അധികൃതർക്ക് അയച്ച കത്തുമായി ബന്ധപ്പെട്ട് കെ.ടി ജലീൽ നടത്തിയ വിശദീകരണത്തോട് പ്രതികരിക്കുകയായിരുന്നു സ്വപ്ന.
മാധ്യമം എങ്ങനെയെങ്കിലും പൂട്ടിക്കണമെന്ന് പറഞ്ഞ് ജലീല്‍ നിരന്തരം വിളിക്കാറുണ്ടായിരുന്നു. മാധ്യമത്തിനെതിരെ യുഎഇ അധികൃതർക്ക് നൽകിയ കത്തിന്റെ കാര്യത്തിനു വേണ്ടി ജലീൽ നിരന്തരം വിളിച്ചിരുന്നു. തുടര്‍ന്ന് ജലീലിന്റെ കത്ത് കോൺസൽ ജനറലിന്റെ ഔദ്യോഗിക മെയിലിൽനിന്ന് യുഎഇ പ്രസിഡന്റിന് അയച്ചു. സ്വർണക്കടത്തുകേസ് വന്നതോടെ പിന്നീട് അതുമായി ബന്ധപ്പെട്ട് ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നുവെന്നും സ്വപ്‌ന പറഞ്ഞു.
Also Read-
കേരള പൊലീസിൽ വീണ്ടും പട്ടിയെ കുളിപ്പിക്കൽ വിവാദം; SPയുടെ നിർദേശപ്രകാരം പൊലീസുകാരനെ സസ്പെൻഡ് ചെയ്തു''മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും കെ ടി ജലീലുമെല്ലാം പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടുണ്ട്. നിരവധി രഹസ്യ കൂടിക്കാഴ്ചകളാണ് കോൺസൽ ജനറലുമായി കെ ടി ജലീൽ നടത്തിയത്. ഇതിന്റെയെല്ലാം തെളിവുകൾ ഞാൻ ശേഖരിക്കുന്നുണ്ട്. ഇ-മെയിലും ആശയവിനിമയങ്ങളും അടക്കം ഒരുപാട് തെളിവുകളിൽ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. എൻഐഎ എന്റെ എല്ലാ തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്. അവർ ഒരുപാട് തെളിവുകൾ നശിപ്പിച്ചിട്ടുണ്ട്. എന്റെ കേസുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകളെല്ലാം എൻഫോഴ്‌സ്‌മെന്റിന് നൽകിയിട്ടുണ്ട്. സ്‌പേസ് പാർക്കിൽ ജോലി തന്നത് മുഖ്യമന്ത്രിയും ശിവശങ്കറും ചേർന്നാണ്.''- സ്വപ്ന പറഞ്ഞു.
ജലീലിന് സമാനമായി ശൈഖ് കാന്തപുരം അബൂബക്കറും പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള ഇ-മെയിലിന്റെ തെളിവുണ്ട്. മുഖ്യമന്ത്രി, കെ ടി ജലീൽ, എം ശിവശങ്കർ, കടകംപള്ളി സുരേന്ദ്രൻ, കാന്തപുരം അബൂബക്കർ എന്നിവർ അടങ്ങിയ വിവിഐപി സംഘം ഷേയ്ഖ് സായിദ് ഇന്റർനാഷനൽ പീസ് കോൺഫറൻസിനു വേണ്ടി എത്തുമെന്ന് മർക്കസ് ഞങ്ങളെ അറിയിച്ചു.
വിദേശകാര്യ മന്ത്രാലയം അറിയാതെയാണ് ഇങ്ങനെയൊരു നിർദേശം ലഭിച്ചത്. അവിടത്തെ നമ്മുടെ കോൺസൽ ജനറലിന്റെ ഓഫീസ് ഉപയോഗിച്ച് സ്യൂട്ട്‌കേസ് തിരുവനന്തപുരത്തെത്തിച്ചു. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് കാന്തപുരത്തിനു വേണ്ടി എത്തിച്ചു. അതിനു വേണ്ട പൊലീസ് എസ്‌കോർട്ടിനു വേണ്ടി പൊലീസ് എഡിജിപിയോടും ശിവശങ്കറിനോടും മുഖ്യമന്ത്രിയുടെ ഓഫീസിനോടുമെല്ലാം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.