• HOME
  • »
  • NEWS
  • »
  • kerala
  • »
  • Swapna Suresh| 'ക്ലിഫ് ഹൗസിലേക്ക് കോൺസുലേറ്റിൽ നിന്ന് ബിരിയാണി പാത്രങ്ങൾ, അതിൽ ബിരിയാണി മാത്രമല്ല': സ്വപ്ന സുരേഷിന്റെ ഗുരുതര വെളിപ്പെടുത്തൽ

Swapna Suresh| 'ക്ലിഫ് ഹൗസിലേക്ക് കോൺസുലേറ്റിൽ നിന്ന് ബിരിയാണി പാത്രങ്ങൾ, അതിൽ ബിരിയാണി മാത്രമല്ല': സ്വപ്ന സുരേഷിന്റെ ഗുരുതര വെളിപ്പെടുത്തൽ

''നിരവധി തവണ കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍നിന്ന് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം ബിരിയാണി പാത്രങ്ങള്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. അതില്‍ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നു''

സ്വപ്ന സുരേഷ് (Photo- ANI)

സ്വപ്ന സുരേഷ് (Photo- ANI)

  • Share this:
    കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷ് (Swapna Suresh) കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിന് പിന്നാലെ നടത്തിയത് ഗുരുതരമായ വെളിപ്പെടുത്തലുകൾ. മുഖ്യമന്ത്രി ദുബായില്‍ പോയ സമയത്ത് ഒരു ബാഗില്‍ കറന്‍സി കടത്തിയിരുന്നതായും മുഖ്യമന്ത്രിക്കും കുടുംബത്തിനും ഈ സംഭവത്തില്‍ പങ്കുണ്ടെന്നുമായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. ഇതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും രഹസ്യമൊഴിയായി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സ്വര്‍ണക്കടത്തിലും ഡോളര്‍ക്കടത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രന്‍, മുന്‍മന്ത്രി കെ ടി ജലീല്‍, നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവര്‍ എന്തൊക്കെ ചെയ്തെന്നുമുള്ളതാണ് രഹസ്യമൊഴിയായി നല്‍കിയിരിക്കുന്നതെന്ന് സ്വപ്ന പറഞ്ഞു.

    '2016ല്‍ മുഖ്യമന്ത്രി ദുബായില്‍പോയ സമയത്താണ് ശിവശങ്കര്‍ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. അന്ന് ഞാന്‍ കോണ്‍സുലേറ്റില്‍ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി ബാഗ് മറന്നു, എത്രയുംപെട്ടെന്ന് എത്തിക്കണമെന്നായിരുന്നു ആവശ്യം. കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിന്റെ കൈവശമാണ് ആ ബാഗ് കൊടുത്തുവിട്ടത്. അതില്‍ കറന്‍സിയായിരുന്നു. കോണ്‍സുലേറ്റിലെ സ്‌കാനിങ് മെഷീനില്‍ ആ ബാഗ് സ്‌കാന്‍ ചെയ്തിരുന്നു. അങ്ങനെയാണ് കറന്‍സിയാണെന്ന് മനസിലാക്കിയത്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. നിരവധി തവണ കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍നിന്ന് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം ബിരിയാണി പാത്രങ്ങള്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. അതില്‍ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നു. എന്റെ മൊഴികളില്‍ ഒന്നും വ്യത്യസ്തമായി പറഞ്ഞിട്ടില്ല. ആരെയും വലിച്ചിഴക്കാനോ മറ്റോ എനിക്ക് അജണ്ടയില്ല. അന്വേഷണം കാര്യക്ഷമമാകണം. ഇവരുടെ ഇടപെടല്‍ എല്ലാം കോടതിയാണ് തീരുമാനിക്കേണ്ടത്. ഞാന്‍ എവിടെയും പോകുന്നില്ല, എല്ലാം നിങ്ങളുടെ മുന്നില്‍വന്ന് പറയും. രഹസ്യമൊഴിയിലെ കൂടുതല്‍കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ല'- സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

    Also Read- Swapna Suresh| മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്

    ജീവന് ഭീഷണിയുണ്ടെന്നും രഹസ്യമൊഴി നല്‍കാന്‍ അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി സ്വപ്‌ന നേരത്തെ എറണാകുളം ജില്ലാ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശപ്രകാരമാണ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എറണാകുളം സിജെഎം കോടതിയിലെത്തി രഹസ്യമൊഴി നല്‍കിയത്.

    നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞവര്‍ഷം അവസാനം ജാമ്യം ലഭിച്ച് ജയില്‍മോചിതയായ സ്വപ്നയെ നേരത്തെ ഇഡി കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ഏഴു മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായാണ് ഇതെന്നാണ് അന്വേഷണ സംഘം അന്ന് വ്യക്തമാക്കിയത്. വീണ്ടും സ്വപ്നയെ ചോദ്യംചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. കേസ് നീണ്ടുപോകുന്നതിനിടെയാണ് സ്വപ്ന വീണ്ടും രഹസ്യമൊഴി നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലുകളും വരുംദിവസങ്ങളില്‍ ഏറെ ചര്‍ച്ചയാകും.

    Also Read- Swapna Suresh| 'വിദേശത്തേക്ക് ഒരു പെട്ടി കറൻസി കടത്തി': മുഖ്യമന്ത്രിക്കും ഭാര്യക്കും മകൾക്കുമെതിരെ സ്വപ്നയുടെ വെളിപ്പെടുത്തൽ

    2020 ജൂലായ് അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് വഴി നടത്തിയ സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടികൂടിയത്. യു.എ.ഇ. കോണ്‍സുലേറ്റിന്റെ വിലാസത്തിലെത്തിയ ബാഗേജില്‍ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇത് വിശദമായി പരിശോധിക്കുകയായിരുന്നു. കോണ്‍സുലേറ്റിലെ ജീവനക്കാരനായിരുന്ന സരിത്ത്, സ്വപ്ന സുരേഷ് തുടങ്ങിയവരിലേക്കായി അന്വേഷണം. സംഭവത്തില്‍ കേസെടുത്തതോടെ സ്വപ്നയും സന്ദീപും അടക്കമുള്ളവര്‍ ഒളിവില്‍ പോയി.

    ജൂലായ് 19 നാണ് സ്വപ്ന സുരേഷിനെ ബെംഗളൂരുവില്‍നിന്ന് എന്‍ഐഎ. സംഘം അറസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിലൊടുവിലാണ് ഒളിവില്‍ കഴിഞ്ഞ സ്വപ്നയെ ബെംഗളൂരുവില്‍നിന്ന് പിടികൂടിയത്.

    സ്വപ്നയക്കൊപ്പം സരിത്ത്, സന്ദീപ് നായര്‍ തുടങ്ങിയവരും പിടിയിലായി. ഇവരുടെ ഉദ്യോഗസ്ഥ-രാഷ്ട്രീയ ബന്ധങ്ങള്‍ വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ അറസ്റ്റിലേക്ക് വരെ കാര്യങ്ങള്‍ നീണ്ടു.
    Published by:Rajesh V
    First published: