• HOME
  • »
  • NEWS
  • »
  • kerala
  • »
  • കുര്‍ബാന ഏകീകരണത്തില്‍ കർദിനാളിന്റെ സർക്കുലർ; ലക്ഷ്യം ക്രിസ്മസ് ദിനത്തിലെ പാതിരാ കുർബാന

കുര്‍ബാന ഏകീകരണത്തില്‍ കർദിനാളിന്റെ സർക്കുലർ; ലക്ഷ്യം ക്രിസ്മസ് ദിനത്തിലെ പാതിരാ കുർബാന

സിനഡ് തീരുമാനിച്ച ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി ഇക്കഴിഞ്ഞ നവംബര്‍ 28ന് പ്രാബല്യത്തിലായെങ്കിലും പൂര്‍ണ അര്‍ഥത്തില്‍ പ്രായോഗികതലത്തില്‍ കൊണ്ടുവരാനായിട്ടില്ല.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കർദിനാൾ മാർ ജോർജ് ആലഞ്ചേരി

  • Last Updated :
  • Share this:
കൊച്ചി: കുര്‍ബാന ഏകീകരണത്തില്‍ കര്‍ശന നിലപാടുമായി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സിനഡ് നിര്‍ദേശപ്രകാരമുളള ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് സഭയിലെ എല്ലാ മെത്രാന്‍മാര്‍ക്കും സര്‍ക്കുലര്‍ നല്‍കി. തര്‍ക്കം നിലനില്‍ക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനക്ക് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ബിഷപ്പ് ആന്റണി കരിയിലിനും നിര്‍ദേശം നല്‍കിയതായും കര്‍ദിനാള്‍ അറിയിച്ചു.

സിനഡ് തീരുമാനിച്ച ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി ഇക്കഴിഞ്ഞ നവംബര്‍ 28ന് പ്രാബല്യത്തിലായെങ്കിലും പൂര്‍ണ അര്‍ഥത്തില്‍ പ്രായോഗികതലത്തില്‍ കൊണ്ടുവരാനായിട്ടില്ല. കർദിനാളിന്റെ പതിവ് ക്രിസ്തുമസ് കുർബാന നിലവിലെ സാഹചര്യത്തിൽ സെന്റ് മേരിസ് ബസിലിക്കയിൽ അർപ്പിക്കാനുള്ള സാധ്യതയും കുറവാണ്. ഈ സാഹചര്യത്തിലാണ് കര്‍ദിനാളിന്റെ പുതിയ സര്‍ക്കുലര്‍ പുറത്ത് വരുന്നത്. സർക്കുലറിലെ നിർദേശം നടപ്പക്കിയാൽ മാത്രമേ കർദിനാളിനു സെന്റ് മേരിസ് ബസിലിക്കയിൽ കുർബാന അർപ്പിക്കാൻ കഴിയുകയുള്ളു.

നിലവിൽ എകീകൃത കുർബാന വേണ്ടെന്ന നിലപാടിലാണ് എറണാകുളം അങ്കമാലി അതിരൂപത. ബിഷപ്പ് ആന്റണി കരിയിൽ ഇത് സംബന്ധിച്ച് നിർദ്ദേശവും നൽകിയിട്ടുണ്ട്. വത്തിക്കാനിൽ നിന്നു വന്ന പുതിയ ഉത്തരവിന് ശേഷവും ആന്റണി കരിയിൽ തീരുമാനം മാറ്റാത്ത സാഹചര്യത്തിലാണ് കർദിനാളിന്റെ സർക്കുലർ വന്നത്.

സിനഡ് നിർദേശിച്ച പ്രകാരം കുർബാന അർപ്പിക്കണമെന്ന് സിറോ മലബാർ സഭയിലെ എല്ലാ മെത്രാൻമാർക്കും കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.പ്രതിഷേധം നിലനില്‍ക്കുന്ന എറണാകുളം- അങ്കമാലി അതിരൂപതയിലും ഏകീകൃത കുർബാനക്ക് സൗകര്യം ഒരുക്കാന്‍  അതിരൂപത മെത്രാൻ ബിഷപ്പ് ആൻറണി കരിയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ അതിരൂപതയിലെ ബഹുഭൂരിഭാഗം പളളികളിലും ഇപ്പോഴും ജനാഭിമുഖ കുര്‍ബാന അര്‍പ്പണമാണ് നടക്കുന്നത്.

ഈസ്റ്ററിന്  മുൻപായി സിറോ മലബാര്‍ സഭയിലെ മുഴുവന്‍ പളളികളും ഏകീകൃത കുര്‍ബാന അര്‍പ്പണരീതി പിന്തുടകരുമെന്ന പ്രതീക്ഷയാണ് സിറോ മലബാര്‍ സഭയ്ക്കുളളത്. ജനാഭിമുഖ കുര്‍ബാന അംഗീരക്കാത്ത കര്‍ദിനാളിനെയും മെത്രാന്‍മാരെയും ബഹിഷ്കരിക്കുമെന്ന് എറണാകുളം - അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധം മറികടന്ന് ഏകീകൃത കുര്‍ബാന ക്രമം എങ്ങനെ കൊണ്ടുവരും എന്നതാണ് സഭയ്ക്ക് മുന്നിലുളള വെല്ലുവിളി.

വത്തിക്കാൻ നിർദ്ദേശിച്ചാലും കുർബാന ഏകീകരണം നടപ്പാക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയതോടെ  എറണാകുളം-അങ്കമാലി അതിരൂപതയിൽ കാര്യങ്ങൾ കൈവിടുകയാണ്. പൗരസ്ത്യ തിരുസംഘം വത്തിക്കാനെ തെറ്റിദ്ധരിപ്പിച്ച് ഉണ്ടാക്കിയ ഉത്തരവാണ് ഇപ്പോൾ വന്നതെന്നാണ് വിമത വിഭാഗത്തിൻറെ പുതിയ വാദം. സീറോ മലബാര്‍ സിനഡിനോടും വത്തിക്കാനിലെ പൗരസ്ത്യ കാര്യാലയത്തോടും സമരം ചെയ്യാനാണ്  അല്മായ മുന്നേറ്റത്തിന്‍റെ തീരുമാനം.

ഐക്യത്തെ നശിപ്പിച്ച് കുര്‍ബാന അര്‍പ്പണത്തില്‍ ഐകരൂപ്യം അടിച്ചേല്പിക്കരുതെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനത്തെ അവഗണിച്ച് മനഃപൂര്‍വം  ഇടവകകളില്‍ വിഭാഗീയതയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുകയാണെന്നും ഇതിന് കാരണക്കാരനായ കര്‍ദിനാള്‍ ആലഞ്ചേരിയെ ഇനി എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരിടവകയിലും കടക്കാന്‍  സമ്മതിക്കില്ലെന്നും വൈദിക പട്ടം കൊടുക്കാനും മറ്റും  ഇടവകകളില്‍ വരുന്ന കര്‍ദിനാളിനെ എന്തു വിലകൊടുത്തും  തടയുമെന്നും വിമത വിഭാഗം പറയുന്നു.
Published by:Naveen
First published: