തിരുവനന്തപുരം : പ്രളയദുരന്തത്തിൽ നിന്ന് കരകയറുന്ന കേരളത്തിന് കൈത്താങ്ങായി കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണ അവതരിപ്പിക്കുന്ന സംഗീത കച്ചേരി ഇന്ന്. വൈകിട്ട് അഞ്ച് മണിക്ക് യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലാണ് പരിപാടി.മൈത്രീ കലാസന്ധ്യ എന്ന പേരിൽ സംഘടിപ്പിച്ചിരിക്കുന്ന സംഗീത പരിപാടി സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
യൂണിവേഴ്സിറ്റി വൈസ് ചാന്‍സലർ വി.പി മഹാദേവൻപിള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ശബരീനാഥൻ എംഎൽഎ മുഖ്യാതിഥിയായിരിക്കും. സൂഫി സംഗീതത്തെക്കുറിച്ച് ഷബ്നം റിയാസ് എഴുതിയ പുസ്തകം ചടങ്ങിൽ ടി.എം.കൃഷ്ണ പ്രകാശനം ചെയ്യും.
കേരള സർവകലാശാല ടീച്ചേഴ്സ് ഓർഗനൈസേഷനും സർവ്വകലാശാല കലാസാംകാരിക സംഘടനയായ യൂണിസ്റ്റാറും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.പരിപാടിയിൽ നിന്നുള്ള വരുമാനം പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിക്കാൻ ഉപയോഗിക്കും.
Also Read- ടി.എം കൃഷ്ണ ദേശവിരുദ്ധനെന്ന് പ്രചരണം; സംഗീത പരിപാടി റദ്ദാക്കി എയർപോർട്ട് അതോറിറ്റി
കർണാടക സംഗീതജ്ഞനായ കൃഷ്ണ, എഴുത്തുകാരൻ, ഗ്രന്ഥകർത്താവ്, സാമൂഹിക-രാഷ്ട്രീയ ആക്ടിവിസ്റ് എന്നീ നിലകളിലും പ്രശസ്തനാണ്. ആക്ടിവിസ്റ് എന്ന നിലയിൽ പരിസ്ഥിതി, ജാതി വ്യവസ്ഥ, വര്‍ഗ്ഗീയത, മത നവോത്‌ഥാനം തുടങ്ങിയ വിവിധ സാമൂഹിക പ്രശ്നങ്ങളിലും ഇടപെടാറുണ്ട്.
സംഗീതത്തിൽ ശൈലിയിലും ഉള്ളടക്കത്തിലും അനവധി പരീക്ഷണങ്ങൾ നടത്തിയ ടി.എം.കൃഷ്ണ, സംഘ്പരിവാറുകാരുടെ പ്രതിഷേധത്തിന് ഇരയായി വിവാദ നായകനും ആയിട്ടുണ്ട്. 'ദേശവിരുദ്ധന്‍, അല്ലാഹുവിനും ജീസസിനും വേണ്ടി പാടുന്നവന്‍, അര്‍ബന്‍ നക്‌സല്‍' തുടങ്ങിയ ആരോപണങ്ങളാണ് സംഘ്ശക്തികൾ ഇദ്ദേഹത്തിനെതിരെ ഉന്നയിച്ചത്. സംഘ്പരിവാറുകാരുടെ പ്രതിഷേധത്തെയും സൈബർ പ്രചാരണങ്ങളെയും തുടർന്ന് കഴിഞ്ഞ മാസം 17 ന് ഡൽഹിയിൽ എയർപോർട്ട് അതോറിറ്റി നടത്താനിരുന്ന അദ്ദേഹത്തിന്റെ കച്ചേരി റദ്ദു ചെയ്തിരുന്നു.
എന്നാൽ പിന്നീട് ആപ് സർക്കാർ ഇടപെട്ട് പരിപാടി നടത്തുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala, Kerala news, Tm krishna, Tm krishna concert, ടി.എം കൃഷ്ണ സംഗീത പരിപാടി