കൊച്ചി: കോൺഗ്രസ് വേദിയിൽ പാർട്ടിക്കെതിരെ രൂക്ഷവിമർശനവുമായി മലയാളത്തിന്റെ കഥാകാരൻ ടി പദ്മനാഭൻ. ഒരു തവണ തോറ്റ ശേഷവും സ്മൃതി ഇറാനി അമേത്തിയിൽ പോയി മത്സരിച്ച് രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു ടി പദ്മനാഭന്റെ വിമർശനം. താൻ സ്മൃതി ഇറാനിയുടെ ആരാധകനല്ലെന്നും, ഇനിയൊട്ട് ആവുകയുമില്ലെന്നും, എന്നാൽ തോറ്റശേഷവും അമേത്തിയിൽ പോയി വിജയം നേടിയ കാര്യത്തിൽ അവരെ നമിക്കുന്നുവെന്നും ടി പദ്മനാഭൻ പറഞ്ഞു. എറണാകുളം ഡിസിസി സംഘടിപ്പിച്ച സബർമതി പഠനകേന്ദ്രത്തിന്റെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ടി പദ്മനാഭൻ.
തോറ്റതിന് ശേഷവും നിത്യവും അവർ ആ മണ്ഡലത്തിൽ പോയി. അതിന്റെ ഫലം അഞ്ച് വർഷത്തിനുള്ളിൽ അവർക്ക് കിട്ടി. അതോടെയാണ് ബഹുമാന്യനായ രാഹുൽജി വയനാട്ടിലേക്ക് വരാൻ കാരണമായത്. ഒരു കൂട്ടർ തീരുമാനിച്ചാൽ കോൺഗ്രസിനെ തോൽപ്പിക്കാനും പാടെ തൂത്തുവാരി മാറ്റാനും സാധിക്കും. അത്തരക്കാർ അതിന് വേണ്ടി അവിരാമം പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. അത് മറ്റാരുമല്ല കോൺഗ്രസുകാർ തന്നെയാണ്. അട്ടയെപ്പോലെ ചിലർ അധികാരത്തിൽ കടിച്ചുതൂങ്ങുന്നത് വലിയ ദാരുണമാണെന്നും ടി പദ്മനാഭൻ പറഞ്ഞു.
Also Read-
Congress| 'റോബർട്ട് വദ്രയുടെ കുറവു കൂടിയേ കോൺഗ്രസിനുള്ളൂ'; കോണ്‍ഗ്രസ് വേദിയില്‍ രാഹുല്‍ ഗാന്ധിയെ അടക്കം വിമര്‍ശിച്ച് ടി.പദ്മനാഭന്
ഗാന്ധി കുടുംബത്തിനെതിരെയും ടി പദ്മനാഭൻ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. റോബർട്ട് വദ്ര രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന വാർത്തകൾ വന്നിരുന്നു. ഇനി വാദ്ര കൂടി കോൺഗ്രസിലേക്ക് വരേണ്ട കുറവ് മാത്രമെയുള്ളുവെന്നും ടി പദ്മനാഭൻ പരിഹസിച്ചു. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, എം എം ഹസൻ, എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് എന്നീ മുതിർന്ന നേതാക്കൾ വേദിയിൽ ഇരിക്കുമ്പോഴാണ് ടി പദ്മനാഭൻ കോൺഗ്രസിനെതിരായ പരാമർശങ്ങൾ നടത്തിയത്.
എന്നാൽ 1940 മുതൽ താൻ കോൺഗ്രസുകാരനാണെന്നും ഇത്രയും കാലത്തെ പരിചയമുള്ളത് കൊണ്ടാണ് ഇത്തരമൊരു വിമർശനം ഉന്നയിക്കുന്നതെന്നും ടി പദ്മനാഭൻ പറഞ്ഞു.
അമേഠിയിലെ വിജയത്തിനുശേഷം രാഹുല്‍ ഗാന്ധിയെ പിന്നെ കണ്ടത് അഞ്ചുവര്‍ഷത്തിനുശേഷം വയനാട്ടിലാണ്. എന്നാല്‍ തോല്‍വിയ്ക്ക് ശേഷം സ്മൃതി ഇറാനി അഞ്ചുവര്‍ഷവും മണ്ഡലത്തില്‍ ചിലവഴിച്ച് വിജയം നേടി. തനിയ്ക്ക് സ്മൃതി ഇറാനിയെ ഇഷ്ടമാണ്. 94 ാം വയസിലും താന്‍ കോണ്‍ഗ്രസുകാരനാണ് മരിക്കുമ്പോള്‍ മൂവര്‍ണ്ണക്കൊടി പൊതിച്ച് പൊതുശ്മശാനത്തില്‍ സംസ്കരിയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
Also Read-
എറണാകുളം ഡിസിസി ഓഫീസിൽ ഇഎംഎസും നരേന്ദ്രമോദിയും; കോൺഗ്രസ് ഓഫീസിലെ പുസ്തകശാല
സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ടി.പദ്മനാഭന്റെ വിമര്‍ശനങ്ങളെ തുറന്ന മനസോടെ സ്വീകരിയ്ക്കുന്നതായി ചടങ്ങില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വ്യക്തമാക്കി. വിമര്‍ശനങ്ങളോട് പാര്‍ട്ടിയ്ക്ക് വിരോധമില്ല. എന്നാല്‍ പാര്‍ട്ടി ചട്ടക്കൂടില്‍ ഒതുങ്ങി നിന്നാവണം വിമര്‍ശനം. ഗാന്ധിജിയിടെയും നെഹ്റുവിന്റയുമടക്കം ഓര്‍മ്മകള്‍ പോലും ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിയ്ക്കുന്നതെന്നും അദ്ദഹം പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് യോഗത്തില്‍ അധ്യക്ഷനായി.
കേരളത്തില്‍ ആദ്യമായാണ് ഒരു കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുജനത്തിന് കൂടി ഉപയോഗിയ്ക്കാവുന്ന രീതിയില്‍ ലൈബ്രറി സജ്ജമാക്കിയിരിയ്ക്കുന്നത്. 25,000 പുസ്തങ്ങളുമായാണ് എറണാകുളം ഡിസിസി ഓഫീസിലെ പോള്‍ പി മാണി മെമ്മോറിയല്‍ ലൈബ്രറി. സബര്‍മതി പഠന ഗവേഷണ കേന്ദ്രത്തില്‍ ഇനി തുറന്ന ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.