HOME » NEWS » Kerala » TAIWAN INTERNATIONAL ENVIRONMENT AWARD FOR LAKE CONSERVATIONIST RAJAPPAN

കായൽ സംരക്ഷകൻ രാജപ്പന് അന്താരാഷ്ട്ര പുരസ്കാരം; പ്രധാനമന്ത്രി പരാമർശിച്ച കേരളത്തിന്റെ അഭിമാനം

കായലുകൾ മലിനമാകുന്നത് കണ്ടാണ് രാജപ്പൻ വള്ളത്തിൽ പ്ലാസ്റ്റിക് കവറുകളും കുപ്പികളും പെറുക്കുന്നതിനായി ഇറങ്ങിയത്. രാവിലെ തോട്ടിൽ കെട്ടിയിട്ട വള്ളത്തിനരികിലേക്ക് നിരങ്ങിയെത്തും. ഇതുമായി കായലിലേയ്ക്കിറങ്ങും

News18 Malayalam | news18-malayalam
Updated: June 4, 2021, 5:14 PM IST
കായൽ സംരക്ഷകൻ രാജപ്പന് അന്താരാഷ്ട്ര പുരസ്കാരം; പ്രധാനമന്ത്രി പരാമർശിച്ച കേരളത്തിന്റെ അഭിമാനം
രാജപ്പൻ
  • Share this:
കോട്ടയം: മൻ കി ബാത്തിൽ പ്രധാനമന്ത്രി പരാമർശിച്ച കുമരകത്തെ കായൽ സംരക്ഷകൻ രാജപ്പന് അന്താരാഷ്ട്ര പുരസ്കാരം. ഉപജീവനത്തിനൊപ്പം ജലാശയ സംരക്ഷണവും ജീവിതവ്രതമായി ഏറ്റെടുത്ത രാജപ്പനെത്തേടി തായ്‌വാന്റെ പുരസ്‌കാരമാണ് ലഭിച്ചത്. ആർപ്പൂക്കര പഞ്ചായത്തിലെ മഞ്ചാടിക്കരി നിവാസിയായ എൻ എസ്. രാജപ്പനാണ് തായ്‌വാൻ സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇന്റർനാഷണലിന്റെ വേൾഡ് പ്രൊട്ടക്ഷൻ അവാർഡ് ലഭിച്ചത്. 10,000 യുഎസ് ഡോളറും (7,30,081 രൂപ) പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

അരയ്ക്കുതാഴേക്ക് തളർന്ന രാജപ്പൻ വള്ളത്തിൽ സഞ്ചരിച്ച് ജലാശങ്ങളിൽ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്‌ ശേഖരിക്കുന്ന വാർത്ത നേരത്തെ ന്യൂസ് 18 അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ കുപ്പികൾ വിറ്റാണ് അദ്ദേഹം ഉപജീവനത്തിനുള്ള വഴി കണ്ടെത്തുന്നത്. വില്ലൂന്നി സ്വദേശിയായ കെ എസ് നന്ദുവാണ് ചിത്രം എടുക്കുന്നതും മാധ്യമങ്ങളെ അറിയിക്കുന്നതും. പിന്നാലെ വലിയ പരിസ്ഥിതി പ്രവർത്തനമാണ് രാജപ്പൻ നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻകി ബാത്തിൽ പ്രശംസിച്ചിരുന്നു.

സ്‌ക്രാപ്പ് മർച്ചന്റ്‌സ് അസോസിയേഷൻ രാജപ്പന്റെ, സ്വന്തമായൊരു വള്ളവും എൻജിനുമെന്ന സ്വപ്നം സഫലമാക്കി. കിടപ്പാടമെന്ന സ്വപ്നസാക്ഷാത്കാരത്തിനായി പ്രവാസി മലയാളികൾ ആദ്യ ധനസഹായവും ചെയ്തു. പ്രതികൂലസാഹചര്യങ്ങളെ അവഗണിച്ചുള്ള രാജപ്പന്റെ സേവനം മാതൃകയാണെന്നും പുഴകൾ സംരക്ഷിക്കപ്പെടുന്നതിലൂടെ ഭൂമിയെത്തന്നെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും തായ്‌വാൻ പ്രശംസാപത്രത്തിൽ പറയുന്നു.

Also Read- ലോക്ഡൗണിനിടെ റിസോർട്ടിൽ സീരിയൽ ചിത്രീകരണം; 18 പേർക്കെതിരെ കേസെടുത്തു

മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരാമര്‍ശിച്ചതോടെയാണ് രാജപ്പന്‍ കൂടുതൽ ശ്രദ്ധേയനാകുന്നത്. ചെറിയ വള്ളത്തില്‍ നിറയെ പ്ലാസ്റ്റിക് കുപ്പികളുമായി പോകുന്ന രാജപ്പന്‍ കുമരകത്തെ സ്ഥിരം കാഴ്ചയാണ്. കുമരകം മഞ്ചാടിക്കരി സ്വദേശിയായ രാജപ്പന്റെ രണ്ടു കാലുകളും ചെറുപ്പത്തിൽ പോളിയോ ബാധിച്ച് തളർന്നതാണ്. മീനച്ചിലാറും കായലും കണ്ടാണ് രാജപ്പൻ വളർന്നത്.

ജലസ്രോതസുകൾ മലിനമാകുന്നത് കണ്ടാണ് രാജപ്പൻ വള്ളത്തിൽ പ്ലാസ്റ്റിക് കവറുകളും കുപ്പികളും പെറുക്കുന്നതിനായി ഇറങ്ങിയത്. രാവിലെ തോട്ടിൽ കെട്ടിയിട്ട വള്ളത്തിനരികിലേക്ക് നിരങ്ങിയെത്തും. ഇതുമായി കായലിലേയ്ക്കിറങ്ങും. രാജപ്പന്റെ എല്ലാ ദിവസവും തുടങ്ങുന്നത് ഇങ്ങനെയാണ്. കുമരകം മുതൽ കോട്ടയം വരെ മീനച്ചിലാറ്റിലും തോടുകളിലും കായലിലുമെല്ലാം രാജപ്പനെത്തും. വൈകുന്നേരമാവുന്നതോടെ കുപ്പികൾ പെറുക്കി മടങ്ങും. ഒരു കിലോക്ക് 12 രൂപ വരെയാണ് കിട്ടുക. പ്ലാസ്റ്റിക് കുപ്പികളായതിനാൽ വലിയ തൂക്കമുണ്ടാവില്ല. കടവിൽ കൂട്ടിയിട്ട് കുറച്ചധികം കുപ്പികളാകുമ്പോഴെ
വിൽക്കൂ.

വേമ്പനാട് കായൽ, മണിയാപറമ്പ്, 900, പരിപ്പ്, കൈപ്പുഴമുട്ട്, നീണ്ടൂർ, മാന്നാനം, പുലിക്കുട്ടിശേരി, കരീമഠം, ചീപ്പുങ്കൽ, ചെങ്ങളം എന്നിവിടങ്ങളിൽ വള്ളത്തിലെത്തി കുപ്പികൾ ശേഖരിച്ചു വരുന്നു. ഞായറാഴ്ച്ച ഒഴികെ എല്ലാ ദിവസവും കായലിൽ പോകുന്നുണ്ട്. പുലർച്ചെ ഇറങ്ങിയാൽ രാത്രി ഒൻപതിനാണ് മടങ്ങിയെത്തുന്നത്. വീടിനു സമീപത്തെ കടവിൽ വള്ളം അടുപ്പിച്ചതിനു ശേഷം വള്ളത്തിൽ നിന്നും ചെറിയ പലക കരയിലേക്കിട്ട് അതിലൂടെ നിരങ്ങിയാണ് വീട്ടിലേക്ക് എത്തുന്നത്. ശേഖരിക്കുന്ന കുപ്പികൾ മറ്റും മറ്റുള്ളവരുടെ സഹായത്തിലാണ് കരയിലേക്ക് ഇറക്കിവെക്കുന്നത്. ശേഖരിച്ച് വെയ്ക്കുന്ന കുപ്പികൾ കച്ചവടക്കാർക്ക് നൽകുകയാണ് ചെയ്യുന്നത്.
Published by: Rajesh V
First published: June 4, 2021, 5:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories