തിരുവനന്തപുരം: കൂളിങ് ഫിലിം, സര്‍ക്കാര്‍ വണ്ടികളായാലാും വെറുതെ വിടില്ലെന്നും കണ്‍സെഷന്റെ കാര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്റെ ഉറപ്പ് .
കണ്സെഷന്, സര്‍വീസ് റദ്ദാക്കല്‍, ഗതാഗത നിയമലംഘനങ്ങള്‍ക്കുളള പിഴ... ഈ മൂന്ന് വിഷയത്തിലും നിയമസഭയില്‍ ഭരണ പ്രതിപക്ഷ ഭേദമന്യേയാണ് എംഎല്‍എമാര്‍ ഗതാഗത മന്ത്രിയോട് ചോദ്യങ്ങള്‍ നിരത്തി. കൂളിങ് സ്റ്റിക്കര്‍ ഒട്ടിക്കുന്നതിന് സാധാരണക്കാര്‍ക്കെതിരെ പിഴ ഉള്‍പ്പടെയുളള നടപടികള്‍ തുടരുമ്പോഴും സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഈ നിയമങ്ങളൊന്നും ബാധകമല്ലെന്ന രീതിയിലാണ് കാര്യങ്ങള്‍. പല സര്‍ക്കാര്‍ വാഹനങ്ങളിലും ഇപ്പോഴും കറുത്ത സ്റ്റിക്കറോ, കര്‍ട്ടനോ ഉപയോഗിക്കുന്നുണ്ട്. ഇകാര്യം നിയമസഭയില്‍ ഗതാഗത മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത് ആലുവ എംഎല്‍എ അന്‍വര്‍ സാദത്താണ്.
വകുപ്പുകള്‍ക്ക് ഗതാഗത വകുപ്പ് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ നിയമം പാലിക്കപ്പെടുന്നില്ല. സര്‍ക്കാര്‍ വാഹനമായാലും നിയമലംഘനം തുടര്‍ന്നാല്‍ കര്‍ശന നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പ് നല്കി.
Also Read
നഗരസഭ സ്ഥലം നൽകിയില്ല; നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിച്ചത് പൊലീസ്
വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്റെ കാര്യത്തിലും ഭരണ പ്രതിപക്ഷ ഭേദമന്യേ എംഎല്‍എമാര്‍ മന്ത്രിയെ വട്ടം ചുറ്റിച്ചു. കണ്സെഷന് പരിമിതപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. തീര്‍പ്പാക്കാത്ത എല്ലാ കണ്സഷന് അപേക്ഷകളും ഉടന്‍ തീര്‍പ്പാക്കും. അര്‍ഹത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നതിലെ കാലതാമസമാണ് കണ്സഷന് വൈകുന്നതിന് കാരണമെന്നാണ് മന്ത്രിയുടെ വിശദീകരണം.
കണ്സഷന് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ കെ എസ് ആര് ടി സി ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ വര്‍ഷം കണ്സഷന് നല്കിയ ഇനത്തില്‍ 124.26 കോടി രൂപയുടെ ബാധ്യത കെഎസ്ആര്‍ടിസിക്ക് ഉണ്ടായി. യാത്രാ നിരക്കിന്റെ ശരാശരി 17.32 ശതമാനമാണ് കെഎസ്ആര്‍ടിസിയില്‍ കണ്‍സഷനായി ഈടാക്കുന്നത്. 40 കിലോമീറ്ററില്‍ കൂടുതല്‍ ദൂരപരിധി ആവശ്യപ്പെട്ട അപേക്ഷകളും കെ എസ് ആര്‍ടിസി നാമമാത്രമായി ഓടുന്ന സ്ഥലങ്ങളിലേക്കുളള കണ്സഷന് ടിക്കറ്റുകളുടെ അപേക്ഷകളും ചീഫ് ഓഫീസ് തലത്തില്‍ പ്രത്യേക അനുമതി നല്കി തീര്‍പ്പാക്കും.
സര്‍വീസുകള്‍ വെട്ടിചുരുക്കുന്നതിനെ ചൊല്ലിയായി അടുത്ത ആക്രമണം. സര്‍വീസുകള്‍ റദ്ദാക്കുന്നത് വസ്തുതയാണെന്ന് മന്ത്രി സമ്മതിച്ചു. ശരാശരി 355 സര്‍വീസുകള്‍ ഒരു ദിവസം റദ്ദാക്കേണ്ടി വരുന്നു. യാത്രക്കാര്‍ കുറവുള്ളതും വരുമാനം കുറഞ്ഞതുമായ ഷെഡ്യൂളുകളാണ് റദ്ദാക്കുന്നത്. എന്നാല്‍ ഡ്രൈവര്ക്ഷാമത്തെ തുടര്‍ന്ന് സര്‍വീസുകള്‍ റദ്ദാക്കിയതിനാൽ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ കുറവുണ്ടായിട്ടില്ലെന്നാണ് മന്ത്രിയുടെ വാദം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.