• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കേരളത്തിൽ പോലും ഈ താലിബാൻ വിജയം മതതീവ്രവാദത്തിലേക്ക് വഴിതെറ്റി പോകുന്നവരുടെ എണ്ണം കൂട്ടാം' എം.എ.ബേബി

'കേരളത്തിൽ പോലും ഈ താലിബാൻ വിജയം മതതീവ്രവാദത്തിലേക്ക് വഴിതെറ്റി പോകുന്നവരുടെ എണ്ണം കൂട്ടാം' എം.എ.ബേബി

'ഇപ്പോൾത്തന്നെ വിശ്വരൂപം കാണിക്കുന്ന ഭൂരിപക്ഷവർഗീയവാദത്തിന് ഇത് ഇന്ധനം പകരുകയും ചെയ്യും'

എം.എ ബേബി

എം.എ ബേബി

  • Share this:
    തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിൽ താലിബാൻ നേടിയ വിജയം മതതീവ്രവാദത്തിലേക്ക് വഴിതെറ്റി പോകുന്നവരുടെ എണ്ണം കൂട്ടാമെന്ന് സിപിഎം പിബി അംഗം എം എ ബേബി. ഇപ്പോൾത്തന്നെ വിശ്വരൂപം കാണിക്കുന്ന ഭൂരിപക്ഷവർഗീയവാദത്തിന് ഇത് ഇന്ധനം പകരുകയും ചെയ്യുമെന്നും എം എ ബേബി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഈ രണ്ടു പ്രതിഭാസങ്ങളും കൂടെ ഇന്ത്യയിലെ തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ജീവിതം കൂടുതൽ ദുഷ്കരമാക്കും. തൊഴിലാളി രാഷ്ട്രീയത്തിന്റെ ശക്തിക്ഷയം നമ്മുടെ ഭരണ വർഗ്ഗത്തിന്റെ സാമ്രാജ്യവിധേയത്വം കൂടുതൽ പ്രകടമാക്കാൻ അവസരം നല്കുമെന്നും എം എ ബേബി ചൂണ്ടിക്കാട്ടി.

    എം എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

    അഫ്ഘാനിസ്ഥാനിൽ അമേരിക്ക നാണംകെട്ട ഒരു തോൽവിയാണ് നേരിട്ടത്. ഇരുപതു വർഷം മുമ്പ് അവർ മറിച്ചിട്ട താലിബാൻ വീണ്ടും രാജ്യത്തിൻറെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നു. അഫ്ഘാനിസ്ഥാനിൽ അമേരിക്കയും നാറ്റോ കൂട്ടാളികളും ചേർന്നുണ്ടാക്കിയ അഷറഫ് ഘാനി സർക്കാരിൻറെ പതനം സാമ്രാജ്യത്വശക്തികളുണ്ടാക്കിയ സൈന്യവും ഭരണകൂടവും എത്ര പൊള്ളയായിരുന്നു എന്നത് വ്യക്തമാക്കുന്നു.

    അമേരിക്കൻ സാമ്രാജ്യത്വവും താലിബാൻറെ മതഭികരവാദവും സ്ത്രീവിരുദ്ധ യാഥാസ്ഥിതികത്വവും
    ചേർന്ന് അഫ്ഘാനിസ്ഥാനിലെ ജനങ്ങളുടെ ജീവിതം വലിയൊരു പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
    ദക്ഷിണ ഏഷ്യയിലെന്നു മാത്രമല്ല ലോകമെങ്ങും ഇത് ആശങ്ക പരത്തിയിരിക്കുന്നു.
    സാമ്രാജ്യത്വ താല്പര്യങ്ങൾ മതതീവ്രവാദത്തെ കൂടുതലായി ഉപയോഗിച്ച് മനുഷ്യജീവിതത്തെ ദുസ്സഹദുരിതത്തിലാക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

    അഫ്ഘാനിസ്ഥാൻറെ കാര്യത്തിൽ ഇന്ത്യാ സർക്കാർ അമേരിക്കൻ നയങ്ങളെ അന്ധമായി പിന്തുടരുകയായിരുന്നു. ഇന്ത്യയെ അത് ഈ മേഖലയിൽ ഒറ്റപ്പെടുത്തുകയും നമ്മുടെ രാജ്യത്തിനു മുന്നിലുള്ള സാധ്യതകൾ പരിമിതപ്പെടുത്തുകയും ചെയ്തു.

    1990കളിലെ താലിബാൻ ഭരണകൂടം തീവ്ര മതതീവ്രവാദസമീപനത്താൽ നിയന്ത്രിക്കപ്പെട്ടതായിരുന്നു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും കലയ്ക്കും സംസ്ക്കാരത്തിനും
    ആ ദുഷിച്ച ഭരണം അടിച്ചമർത്തലിൻറേതായിരുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന വാഴ്ച ഇത്തരത്തിലുള്ള നയം സ്വീകരിക്കില്ല എന്നതിന് ഇതുവരെ വ്യക്തതയില്ല. സ്ത്രീകൾ തൊഴിൽ എടുക്കരുത്, പെൺകുട്ടികൾ വിദ്യാലയത്തിൽ പോകരുത്, പുരുഷന്മാരുടെ കൂടെ അല്ലാതെ സ്ത്രീകൾ പുറത്തിറങ്ങരുത് എന്നൊക്കെ ആയിരുന്നു ചട്ടങ്ങൾ. ഇസ്‌ലാമിനെക്കുറിച്ച് താലിബാൻ നടത്തിയ വളരെ യാഥാസ്ഥിതികമായ ദുർവ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിൽ ആണ് അവർ ഭരണകൂടം നടത്തിയത്.

    ഇസ്ലാമിക് സ്റ്റേറ്റ്, അൽ ക്വെയ്ദ തുടങ്ങിയ ഭീകരസംഘടനകൾക്ക് അഫ്ഘാനിസ്ഥാൻ ഒരു താവളം ആവുമോ എന്ന ആശങ്കയും ലോകമെമ്പാടും ഉയരുന്നുണ്ട്. ഇന്ത്യയിലും, കേരളത്തിൽ പോലും ഈ താലിബാൻ വിജയം മതതീവ്രവാദത്തിലേക്ക് വഴിതെറ്റി പോകുന്നവരുടെ എണ്ണം കൂട്ടാം. ഇപ്പോൾത്തന്നെ വിശ്വരൂപം കാണിക്കുന്ന ഭൂരിപക്ഷവർഗീയവാദത്തിന് ഇത് ഇന്ധനം പകരുകയും ചെയ്യും. ഈ രണ്ടു പ്രതിഭാസങ്ങളും കൂടെ ഇന്ത്യയിലെ തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ജീവിതം കൂടുതൽ ദുഷ്കരമാക്കും. തൊഴിലാളി രാഷ്ട്രീയത്തിന്റെ ശക്തിക്ഷയം നമ്മുടെ ഭരണ വർഗ്ഗത്തിന്റെ സാമ്രാജ്യവിധേയത്വം കൂടുതൽ പ്രകടമാക്കാൻ അവസരം നല്കും.

    സാമ്രാജ്യതാല്പര്യത്തിനും താലിബാൻ മട്ടിലുള്ള മതമൗലികവാദത്തിനുമെതിരായ സമരം ജനജീവിതപ്രശ്നങ്ങളെമുൻനിർത്തിയുള്ള സമരവുമായി കൂട്ടിയോജിപ്പിച്ച് മുന്നോട്ടുകൊണ്ടുപോവുകയാണ് ഈ സാഹചര്യത്തിൽ നമ്മുടെ കടമ.
    Published by:Anuraj GR
    First published: