തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയെന്നത് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള അടവ് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണോ ഉദ്യോഗാര്‍ത്ഥികളുടെ ആശങ്കകളെയും ദുരിതത്തെയും കുറിച്ച് സര്‍ക്കാരിന് ബോധോദയമുണ്ടായതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷനോടാലോചിച്ച് വേണ്ടത് ചെയ്യുമെന്ന സര്‍ക്കാരിന്റെ അവകാശവാദം തട്ടിപ്പാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി ഇനി ഒരു കാര്യവും ചെയ്യാന്‍ ഈ സര്‍ക്കാരിന് കഴിയില്ല. എന്നാല്‍ കഴിയുമായിരുന്ന സമയത്ത് അതിനായി ചെറുവിരല്‍ അനക്കാന്‍ ഈ സര്‍ക്കാര്‍ കൂട്ടാക്കിയില്ല. പി എസ് സി ലിസ്റ്റുകളുടെ കാലാവധി വര്‍ധിപ്പിക്കണമെന്നതായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ പ്രധാന ആവശ്യം. എന്നാല്‍ കാലാവധി നീട്ടിയില്ലന്ന് മാത്രമല്ല അവയെല്ലാം റദ്ദാക്കുകയും ചെയ്തു. ഇതു വഴി ഉദ്യോഗാര്‍ത്ഥികളുടെ വിലാപങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ വാതിലുകള്‍ കൊട്ടിയടക്കുകയായിരുന്നു. അതോടൊപ്പം സെക്രട്ടറിയേറ്റ് നടയില്‍ പൊരിവെയിലത്ത് ദിവസങ്ങളോളം സമരം ചെയ്ത പെണ്‍കുട്ടികള്‍ അടക്കമുള്ള ഉദ്യോഗാര്‍ത്ഥികളെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തു.
Also read-
മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങള്‍ അംഗീകരിച്ചു, സമരം അവസാനിപ്പിച്ച് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്ഥികള്ഉദ്യോഗാര്ത്ഥികളുമായി ഒരു കാരണവശാലും ചര്‍ച്ച നടത്തില്ലന്ന് മുഖ്യമന്ത്രി പറഞ്ഞു. പിന്നീട് ചര്‍ച്ചക്കായി ഡി വൈ എഫ് ഐ നേതാക്കന്മാരെ അയച്ച് ഉദ്യേഗാര്‍ത്ഥികളെ അപമാനിച്ചു. പിന്നെ എ ഡി ജി പിയെപ്പോലുള്ള ഉദ്യോഗസ്ഥന്മാരെ ചര്‍ച്ചക്ക് വിട്ട് ഉദ്യോഗാര്‍ത്ഥികള്‍ക്കുണ്ടായ മുറിവില്‍ സര്‍ക്കാര്‍ ഉപ്പ് തേച്ചു. അവസാനം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും, സര്‍ക്കാരിന് മുഖം രക്ഷിക്കാന്‍ വേറെ മാര്‍ഗമൊന്നുമില്ലന്ന് വരികയും ചെയ്തപ്പോള്‍ മന്ത്രി തല ചര്‍ച്ച തട്ടിക്കൂട്ടി ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിക്കാനുള്ള കുറുക്ക് വഴി തേടുകയാണ് സര്‍ക്കാര്‍ ചെയ്തത്. യാതൊരു ആത്മാര്‍ത്ഥതയും സര്‍ക്കാരിന് ഈ വിഷയത്തില്‍ ഇല്ലായിരുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ ഒത്ത് തീര്‍പ്പ് നാടകമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ഒരു മാസത്തോളമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയ പി.എസ്.സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ സമരം നേരത്തെ അവസാനിപ്പിച്ചിരുന്നു. മന്ത്രി എ.കെ ബാലനുമായി ഇന്ന് നടത്തിയ ചർച്ചയിൽ ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ അറിയിച്ചത്. നിയമമന്ത്രി എകെ ബാലൻ, മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഉദ്യോഗാര്‍ഥികളുമായി ഞായറാഴ്ച ചേംബറിൽ ചർച്ച നടത്തിയത്. ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ വിശദമായ ചര്‍ച്ചയാണ് നടന്നത്. ചർച്ചയ്ക്കു പിന്നാലെ സമരം അവസാനിപ്പിക്കാനാണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.
വാച്ച്മാന്മാരുടെ ജോലി സമയം 8 മണിക്കൂറായി നിജപ്പെടുത്താനും നൈറ്റ് വാച്ച്മാന് ഒഴിവുകളിലേക്ക് നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുന്നതിനുള്ള ശുപാര്‍ശ നിയമപ്രകാരം നടത്തുമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായി ഉദ്യോഗാർത്ഥികൾ അറിയിച്ചു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്ത് അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടികള്‍ ഉണ്ടാവുമെന്ന് മന്ത്രി ഉറപ്പ് നല്കി. അതേസമയം സി.പി.ഒ റാങ്കിലിസ്റ്റുലുള്ളവര്‍ സമരം ശക്തമായി തുടരുമെന്ന് അറിയിച്ചു. സര്‍ക്കാരിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടു. രേഖാമൂലം ഉറപ്പ് കിട്ടിയാല്‍ സമരം നിര്‍ത്തുമെന്ന് സി.പിഒ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു. കഴിഞ്ഞതവണ നടന്ന ചർച്ചയിൽ ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യുന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയിരുന്നു. കാലാവധി അവസാനിച്ച ലിസ്റ്റ് പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം ചർച്ചയിൽ ഉന്നയിക്കുമെന്നും സി പി ഒ ഉദ്യോഗാർത്ഥികൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.