ഇടുക്കി: ചിന്നക്കനാലിൽ നിന്ന് കാടുകടത്തിയ അരിക്കൊമ്പൻ മേഘമലയിൽ എത്തിയതോടെ വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി തമിഴ്നാട്. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് അരിക്കൊമ്പൻ ജനവാസമേഖലയിലേക്കെത്തിയത്. മേഘമലയിലെ അരിക്കൊമ്പന്റെ സാന്നിധ്യത്തെ തുടർന്ന് ഇവിടെ താമസിച്ചിരുന്ന വിനോദസഞ്ചാരികളെ വനംവകുപ്പ് മടക്കിയയച്ചു.
അരിക്കൊമ്പന്റെ നീക്കം സംബന്ധിച്ച് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ വിവരങ്ങൾ കേരളം വിവരം കൈമാറുന്നില്ലെന്ന് തമിഴ്നാട് വനംവകുപ്പ് പറയുന്നു. അതേസമയം നിരോധനാജ്ഞ പ്രഖ്യാപിച്ചെന്ന പ്രചാരണം തമിഴ്നാട് വനംവകുപ്പ് നിഷേധിച്ചു. റേഡിയോ കോളർ കണ്ടതോടെയാണ് അരിക്കൊമ്പനാണെന്ന് തിരിച്ചറിഞ്ഞത്.
അരിക്കൊമ്പന്റെ റേഡിയോ കോളർ സിഗ്നൽ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകാത്തതിനെ തുടർന്ന് ആനയുടെ നീക്കം നിരീക്ഷിക്കാൻ ബുദ്ധമുട്ടുന്നതായി ചിന്നമന്നൂർ റേഞ്ച് ഒഫീസർ പറയുന്നു. നിലവിൽ ജനവാസമേഖലയിൽ നിന്ന് ആനയെ ഓടിച്ച് കാട്ടിലേക്ക് ഓടിച്ചിട്ടുണ്ട്. 120 പേരടങ്ങുന്ന സംഘത്തെതമിഴ്നാട് വനംവകുപ്പും അരിക്കൊമ്പനെ തുരത്താനായി നിയോഗിച്ചിട്ടുണ്ട്.
മേഘമലയിലും പരിസര പ്രദേശങ്ങളിലും അരീക്കൊമ്പന്റെ സഞ്ചാരം കണക്കിലെടുത്ത് തേനി ജില്ലാ ഫോറസ്റ്റ് ഓഫീസറും തേനി ജില്ലാ പോലീസ് സൂപ്രണ്ടും നേരിട്ട് മേഘമലയിൽ പരിശോധന നടത്തി. മേഘമല പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arikkomban, Forest department, Idukki, Tamil nadu, Wild Elephant