മലപ്പുറം: കറുത്തമാസ്ക് ധരിച്ച് തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടന ചടങ്ങിനെത്തിയവരെ പൊലീസ് തടഞ്ഞു. കറുത്ത മാസ്ക് ധരിച്ചെത്തിയവര്‍ക്ക് പൊലീസ് മഞ്ഞ മാസ്ക് നല്കി. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കെത്തിയ ആളുകളുടെ കറുത്ത മാസ്കാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചത്. മാസ്ക് മാറ്റിയ നടപടിക്ക് എതിരെ കളക്ടര്‍ക്ക് പരാതി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.
അതേസമയം ഇന്നലെ കോട്ടയത്തെയും കൊച്ചിയിലെയും മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്ക് വിലക്കിയിരുന്നു. എന്നാല്‍ കറുത്ത മാസ്കിന് വിലക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. പ്രതിഷേധ സാധ്യത കണക്കിലെടുത്ത മുഖ്യമന്ത്രിയ്ക്ക് മലപ്പുറത്ത് കനത്ത് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന രണ്ടു പരിപാടികളുടെ സുരക്ഷക്ക് 700 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. എസ് പി നേരിട്ട് സുരക്ഷക്ക് മേല്‍നോട്ടം വഹിക്കും. മുഴുവന്‍ ഡിവൈഎസ്പിമാരും മുഖ്യമന്ത്രിയുടെ പരിപാടിക്ക് സുരക്ഷ ഒരുക്കും. 20 സിഐ മാര്‍ക്കാണ് ചുമതല നല്‍കിയിട്ടുള്ളത്.
അസാധാരണമായ രീതിയില്‍ മുഖ്യമന്ത്രി കടന്ന് പോകുന്ന വഴികളിലുടനീളം റോഡടച്ച് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുളളത്. മുഖ്യമന്ത്രി താമസിക്കുന്ന തൃശൂര്‍ രാമനിലയത്തിന് മുന്നിലെ പാലസ് റോഡ് അടച്ചു. പൊന്നാനി തീരദേശ റോഡ് അടച്ചിടും.
ഉദ്ഘാടനവേദിയിലേക്ക് ഒന്‍പത് മണിക്ക് ശേഷം പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ഒന്‍പത് മണിക്ക് ശേഷം കുറ്റിപ്പുറം പൊന്നാനി റോഡ് അടച്ച് ബദല്‍ ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം വേദിക്ക് സമീപത്തേക്ക് യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.