നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Sabarimala | ശബരിമല: മണ്ഡലകാല വരുമാനം 100 കോടി കവിയുമെന്ന പ്രതീക്ഷയിൽ ദേവസ്വം ബോർഡ്

    Sabarimala | ശബരിമല: മണ്ഡലകാല വരുമാനം 100 കോടി കവിയുമെന്ന പ്രതീക്ഷയിൽ ദേവസ്വം ബോർഡ്

    മണ്ഡലകാലം ആരംഭിച്ച് 28 ദിവസം പിന്നിടുമ്പോൾ, 42 കോടിയുടെ വരുമാനമാണ് ബോർഡിന് ലഭിച്ചത്. അപ്പം അരവണ വിറ്റ ഇനത്തിൽ 18 കോടിയും ലഭിച്ചിട്ടുണ്ട്

    ശബരിമല

    ശബരിമല

    • Share this:
    2018ൽ പ്രളയത്തെ തുടർന്ന് വലിയ വരുമാന നഷ്ടമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് (Travancore Devaswom Board) നേരിട്ടത്. എന്നാൽ 2019ൽ 100 കോടിയുടെ വരുമാനം ലഭിച്ചത് ദേവസ്വം ബോർഡിനെ സംബന്ധിച്ച് ആശ്വാസകരമായി മാറിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ വർഷവും വലിയ തിരിച്ചടി നേരിട്ടു. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നാലര കോടി മാത്രമാണ് കഴിഞ്ഞ മണ്ഡലകാലത്ത് വരുമാനമായി ലഭിച്ചത്.

    വരുമാനത്തിലെ വൻ ഇടിവ് ദേവസ്വം ബോർഡിൻ്റെ ദൈനംദിന പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുകയും ചെയ്തിരുന്നു. അതായത് ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങൾ പോയേക്കാവുന്ന മുന്നറിയിപ്പാണ് മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എൻ. വാസു നൽകിയിരുന്നത്. ഇതിന് പിന്നാലെയാണ് വലിയ പ്രതീക്ഷയോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇത്തവണത്തെ മണ്ഡലകാലത്തെ കണ്ടത്. ഈ പ്രതീക്ഷ തെറ്റിക്കാതെയാണ് ഇത്തവണത്തെ വരുമാന വർദ്ധനവ്.

    മണ്ഡലകാലം ആരംഭിച്ച് 28 ദിവസം പിന്നിടുമ്പോൾ 42 കോടിയാണ് വരുമാനമായി ലഭിച്ചത്. അരവണ വിറ്റ ഇനത്തിൽ 16 കോടിയും അപ്പം വിറ്റ ഇനത്തിൽ 2 കോടിയും ലഭിച്ചു. ആദ്യ ദിനങ്ങളിൽ തീർത്ഥാടകരുടെ എണ്ണം കുറവായിരുന്നെങ്കിൽ പിന്നീട് കൂടുതൽ ഇളവുകൾ നിലവിൽ വന്നതിന് പിന്നാലെ ഭക്തരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായത്.  അതായത് ഡിസംബർ ഒന്ന് മുതൽ പ്രതിദിനം 30,000 ലധികം ഭക്തരാണ് സന്നിധാനത്തേക്ക് എത്തുന്നത്.

    ഇതുവരെ ആറ് ലക്ഷത്തോളം തീർത്ഥാടകരാണ് ഈ മണ്ഡലകാലത്ത് ഭർശനത്തിനായി എത്തിയത്. കഴിഞ്ഞ ദിവസം ശബരിമല തീർത്ഥാടനത്തിന് സംസ്ഥാന സർക്കാർ കൂടുതൽ ഇളവുകൾ അനുവദിച്ചിരുന്നു. പമ്പാ സ്നാനത്തിനൊപ്പം ഭക്തർക്ക് സന്നിധാനത്തെ മുറികളിൽ തങ്ങാനും അനുമതി നൽകിയിട്ടുണ്ട്. ഇത് കൂടാതെ പരമ്പരാഗത പാത വഴിയും തീർത്ഥാടനം അനുവദിക്കുന്നുണ്ട്. ഈ ഇളവുകൾ നിലവിൽ വന്നതിന് പിന്നാലെയാണ് തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായത്.

    കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ വേണമെന്ന ആവശ്യം ദേവസ്വം ബോർഡ് മുന്നോട്ട് വയ്ക്കുന്നുണ്ട്. പ്രതിദിനം 45,000 പേർക്കാണ് ദർശനത്തിന് അനുമതിയുള്ളത്. ഈ പരിധി നീക്കണമെന്നും നെയ്യഭിഷേകത്തിന് അനുമതി വേണമെന്നും ദേവസ്വം ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടായാൽ വരുമാനം 100 കോടി കടക്കുമെന്നാണ് ദേവസ്വം ബോർഡിൻ്റെ വിലയിരുത്തൽ.
    Published by:user_57
    First published:
    )}