• HOME
 • »
 • NEWS
 • »
 • kerala
 • »
 • പൂമുഖവാതിലിൽ 'ചായ'യുമായി പൊലീസ്; പൊലീസ് സ്റ്റേഷനിലെത്തുന്നവർക്ക് ഇനി മുതൽ 'ചൂട് ചായയും ബിസ്ക്കറ്റും'

പൂമുഖവാതിലിൽ 'ചായ'യുമായി പൊലീസ്; പൊലീസ് സ്റ്റേഷനിലെത്തുന്നവർക്ക് ഇനി മുതൽ 'ചൂട് ചായയും ബിസ്ക്കറ്റും'

കളമശേരി സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ പി.എസ്.രഘുവാണ് പുതിയ ആശയത്തിന് തുടക്കമിട്ടത്.

 • Share this:
  കൊച്ചി: ജനമൈത്രി പൊലീസിനെ കണ്ടിട്ടുണ്ട്.  പക്ഷേ പരാതി പറായാൻ വരുന്നവരെ ചായയും ബിസ്ക്കറ്റുമായി സ്വീകരിക്കുന്ന പൊലീസിനെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കൊച്ചി കളമശേരിയിലേക്ക് വരൂ. ഇവിടെ പൊലീസ് ഇങ്ങനെയാണ് ബ്രോ. കോവിഡ് കാലത്ത് തെരുവിൽ അലയുന്നവർക്കും തെരുവ് നായകൾക്കും ഭക്ഷണം നൽകി മാതൃകയായ അതേ കളമശേരി പൊലീസാണ്  സ്റ്റേഷനിലെത്തുന്നവരെ ചൂട് ചായ നൽകി സ്വീകരിക്കുന്നത്.  ഇതൊന്നും സർക്കാർ സ്ഥാപനങ്ങളിൽ നടക്കില്ലെന്ന് മുൻ വിധി കുറിച്ചവരെയും കളമശേരി പൊലീസ് തിരുത്തുന്നു.

  Also Read-'ഇത് സ്വജന പക്ഷപാത അക്കാദമി'; ചലച്ചിത്ര അക്കാദമി നേതൃത്വത്തെ വിമർശിച്ച് സംവിധായകൻ ഡോ.ബിജു

  കളമശേരി സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ പി.എസ്.രഘുവാണ് പുതിയ ആശയത്തിന് തുടക്കമിട്ടത്. സ്വന്തം പോക്കറ്റിലെ പണവും സുഹൃത്തുക്കളുടെ സഹായവും ഉപയോഗിച്ചാണ് സ്റ്റേഷനിൽ എത്തുന്ന പരാതിക്കാർക്കും സന്ദർശകർക്കും നല്ല ചുടു ചായയും ബിസ്ക്കറ്റും നൽകാൻ സംവിധാനമൊരുക്കിയത്. ഇനി ആർക്കെങ്കിലും തണുത്ത വെള്ളം വേണമെങ്കിൽ ഫ്രിഡ്ജും ഇവിടെയുണ്ട്. ശുദ്ധമായ വെള്ളം കിട്ടാൻ ആർ.ഒ. ട്രീറ്റ്മെൻറ് സംവിധാനവും സജ്ജം.  പോലീസ് ജനങ്ങളുടെ സുഹൃത്തായിമാറണമെന്ന ഡി.ജി.പി ലോക് നാഥ് ബഹ്റയുടെ  നിർദ്ദേശം അനുസരിച്ചാണ് സ്റ്റേഷനിൽ ഈ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

  തെരുവ് നായകള്‍ക്ക് കേരള പൊലിസിന്റെ വക ഭക്ഷണം

  ലോക്ഡൗൺ കാലത്താണ് കളമശേരി പൊലീസ് മിണ്ടാപ്രാണികൾക്ക് സഹായവുമായെത്തിയത്. ഹോട്ടലുകളും വ്യാപാരശാലകളുമില്ലാതെ തെരുവിൽ വിശന്നുവലഞ്ഞ നായകളെ പൊലീസിൻ്റെ കരുതൽ തുണച്ചു. കാക്കിക്കുള്ളിൽ ഇങ്ങനെയും ഒരു മനസുണ്ടെന്ന് മലയാളിയെ കാണിച്ചുതന്നു.

  പിടിപ്പതു പണിയുടെ ഇടയിലാണ്  പൊലീസ് കരുണയുടെ കൈ നീട്ടിയത്. എറണാകുളം കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ രഘു തന്നെയാണ് തെരുവു നായ്ക്കള്‍ക്ക് ഭക്ഷണം നല്കാന്‍ സ്വന്തം കാറുമെടുത്ത് ഇറങ്ങിയത്. കലൂര്‍ ബസ്റ്റാന്‍ഡ്, മണപ്പാട്ടിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെരുവു നായ്ക്കള്‍ക്കുള്ള ഭക്ഷണവുമായി അന്ന്  രഘുവെത്തി.

  Also Read-ഒസാമ ബിൻ ലാദനേയും അബൂബക്കർ അൽ ബാഗ്‌ദാദിയേയും പിടികൂടാൻ അമേരിക്കയെ സഹായിച്ച 'നായ്ക്കൾ' ഇനി കേരളാ പൊലീസിനൊപ്പം

  ഫ്രഞ്ച് യുവതിക്ക് സഹായമെത്തിച്ചതും കളമശേരി പൊലീസ്

  നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തുവെച്ച് കോവിഡ് കാലത്ത്  രാത്രി പണമടങ്ങിയ പഴ്സ് നഷ്ടപ്പെട്ടതോടെയാണ് ഫ്രഞ്ച് യുവതിയുടെയും കുഞ്ഞിന്റെയും കഷ്ടകാലം തുടങ്ങുന്നത്. കൊറോണ ബാധിതരാണെന്ന് നാട്ടുകാർ തെറ്റിദ്ധരിക്കുകകൂടി ചെയ്തതോടെ അവർ ഒറ്റപ്പെട്ടു. ഫ്രഞ്ച് യുവതി ഡെസ്മാസൂർ ഫ്‌ളൂറിനും മകൻ മൂന്നുവയസ്സുള്ള താവോയുമാണ് പണം നഷ്ടപ്പെട്ട് നഗരത്തിൽ കുടുങ്ങിയത്.

  എറണാകുളം മെഡിക്കൽ കോളേജിന്റെ പരിസരത്തുനിന്നാണ് അവരെ കളമശ്ശേരി പോലീസ് കണ്ടെത്തുന്നത്. സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ പി.എസ്.രഘു ആദ്യം ഇവർക്ക് ഭക്ഷണം വാങ്ങിനൽകി. പിന്നീട് ഫ്രഞ്ച് എംബസിയെ അറിയിച്ചു. ഇവർ യുവതിക്ക് പണമയച്ചു നൽകി.

  തിങ്കളാഴ്ച ഉച്ചയ്ക്ക് ഇവരുവരെയും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് ഡൽഹിയിലേക്ക് കയറ്റി അയച്ചശേഷമാണ് പൊലീസ് മടങ്ങിയത്. കളമശ്ശേരി സ്റ്റേഷനിലെ സിപിഒ രഘു നെടുമ്പാശ്ശേരി പൊലീസുമായി ചേർന്ന് പഴ്സ് കണ്ടെത്താനുള്ള ശ്രമം തുടർന്നു.

  സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ഫ്രഞ്ച് യുവതിയും മകനും കയറിയ ഓട്ടോറിക്ഷ കണ്ടെത്തി. ഓട്ടോയുടെ പിൻഭാഗത്തുനിന്ന് പഴ്സ് കണ്ടെടുക്കുകയും ചെയ്തു. പഴ്സിൽനിന്ന് ഏഴായിരത്തിലധികം രൂപയും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും ഡ്രൈവിങ് ലൈസൻസും ശ്രീലങ്കൻ കറൻസിയുമാണു കിട്ടിയത്. പിന്നീട് പണം യുവതിക്ക് അയച്ചു നൽകി. അന്ന് ഡി.ജി.പിയ്ക്കുവേണ്ടി ഐജി വിജയ് സാക്കറെ രഘുവിന് പ്രശസ്തി പത്രവും അയ്യായിരം രൂപ ക്യാഷ് റിവാര്‍ഡും നല്‍കിയിരുന്നു.
  Published by:Asha Sulfiker
  First published: