കോഴിക്കോട്: വിദ്യാർഥികൾക്ക് വേണ്ടി പരീക്ഷ എഴുതിയ അധ്യാപകർക്കും കൂട്ടുനിന്ന പ്രിൻസിപ്പലിനും സസ്പെൻഷൻ. കോഴിക്കോട് മുക്കം നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലാണ് സംഭവം. അധ്യാപകർക്ക് എതിരെ ആൾമാറാട്ടത്തിന് പരാതി നൽകും. സ്കൂളിന് വിജയശതമാനം കൂട്ടാനായിരുന്നു ആൾമാറാട്ടം എന്നാണു സംശയം.
ഉത്തരകടലാസുകളുടെ മൂല്യനിർണയത്തിനിടെ കൈ അക്ഷരത്തിൽ സംശയം തോന്നിയതിനെ തുടർന്നായിരുന്നു പരിശോധന. തുടർന്ന് നടത്തിയ ഹിയറിങ്ങിലാണ് ഗുരുതര ആൾമാറാട്ടം തെളിഞ്ഞത്. കോഴിക്കോട് ജില്ലയിൽ മുക്കം നഗരസഭാപരിധിയിലെ നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പല കുട്ടികൾക്ക് വേണ്ടിയും പരീക്ഷ എഴുതിയത് അധ്യാപകരാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
അധ്യാപകനായ നിഷാദ് വി മുഹമ്മദ് ആണ് സ്കൂളിലെ രണ്ട് വിദ്യാർഥികൾക്ക് വേണ്ടി ഓഫീസിലിരുന്ന് ഇംഗ്ലീഷ് പരീക്ഷ എഴുതിയത്. പരീക്ഷാനടത്തിപ്പിൽ അഡീഷണൽ ഡെപ്യൂട്ടി ചീഫുമായിരുന്നു നിഷാദ് വി മുഹമ്മദ്. ആൾമാറാട്ടത്തിന് ഒത്താശ ചെയ്ത പരീക്ഷാ ഡെപ്യൂട്ടി ചീഫും ചേന്നമംഗലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനുമായ പി കെ ഫൈസൽ, പരീക്ഷാ ചീഫ് സൂപ്രണ്ടും നീലേശ്വരം സ്കൂളിലെ പ്രിൻസിപ്പലുമായ കെ റസിയ എന്നിവരെ സർക്കാർ സർവീസിൽ നിന്ന് നീക്കി. ഇവർക്കെതിരെ ആൾമാറാട്ടത്തിനുൾപ്പെടെ പൊലീസിൽ പരാതി നൽകും.
സ്കൂളിലെ മുഴുവൻ വിദ്യാർഥികളുടെയും ഉത്തരക്കടലാസ് കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കി. പ്ലസ് വൺ പരീക്ഷയിൽ ഇതേ സ്കൂളിലെ 32 ഉത്തരക്കടലാസുകളിൽ തിരുത്തലുകൾ വരുത്തിയതായും കണ്ടെത്തി. അടിയന്തിര ഹിയറിങിന് വിളിച്ചിട്ടും വിദ്യാർഥികൾ ഹാജരായില്ല. സ്കൂളിന്റെ പരീക്ഷാ ഫലം തടഞ്ഞുവച്ചിട്ടുണ്ട്. സംഭവത്തിൽ സമഗ്രാന്വേഷണത്തിന് നിർദേശം നൽകി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.