തിരുവനന്തപുരം: നിയമന ഉത്തരവ് ലഭിച്ച അധ്യാപകർക്ക് ജൂലൈ 15 മുതൽ ജോലിയിൽ പ്രവേശിക്കാം. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസവകുപ്പ് പുറത്തിറക്കി. പി എസ് സിയുടെ നിയമന ഉത്തരവു ലഭിച്ച് ഒന്നര വർഷമായിട്ടും അധ്യാപകരെ ജോലിയിൽ പ്രവേശിപ്പിക്കാത്തത് വിവാദമായിരുന്നു. സ്കൂൾ തുറക്കുന്ന വേളയിൽ മാത്രമേ അധ്യാപകരെ ജോലിയിൽ പ്രവേശിക്കാൻ കഴിയൂ എന്ന നിലപാടാണ് സർക്കാർ ആദ്യഘട്ടത്തിൽ സ്വീകരിച്ചിരുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉദ്യോഗാർഥികളുടെ അടക്കം ഭാഗത്തുനിന്ന് ഉയർന്നത്. പ്രതിപക്ഷം ഇക്കാര്യം നിയമസഭയിൽ ചൂണ്ടിക്കാട്ടിയപ്പോഴും സർക്കാർ നിലപാടിൽ ഉറച്ചുനിന്നു.
എന്നാൽ പിന്നീട് സർക്കാർ നിലപാടിൽ അയവു വരുത്തുകയും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നിയമന ഉത്തരവ് ലഭിച്ച അധ്യാപകർക്ക് ജോലിയിൽ പ്രവേശിക്കാമെന്ന തീരുമാനം കൈക്കൊള്ളുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തത വരുത്തി ഉത്തരവ് പുറത്തിറക്കിയത്. നിയമന ഉത്തരവു ലഭിച്ച അധ്യാപകർക്ക് ഈ മാസം 15ന് ജോലിയിൽ പ്രവേശിക്കാം.
അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിയമനം ലഭിക്കുക നിയമന ഉത്തരവ് ലഭിച്ച 2828 പേർക്കും നിയമന ശുപാർശ ലഭ്യമായ 888 പേർക്കും ജോലിയിൽ പ്രവേശിക്കാം . അധ്യാപക തസ്തികകളിലും, ലാബ് അസിസ്റ്റന്റ് തസ്തികകളിലും ആണ് നിയമനം. പി എസ് സി നിയമനം കൊടുക്കുന്നവർക്കും എയ്ഡഡ് നിയമനം കൊടുക്കുന്നവർക്കും ഈ മാസം 15 മുതൽ ജോലിയിൽ പ്രവേശിക്കാവുന്നതാണ്.
സർക്കാര്‍ വിദ്യാലയങ്ങളില്‍ നിയമന ഉത്തരവ് ലഭിച്ച 2828 പേരിൽ ഹയര്‍ സെക്കന്ററി അധ്യാപകര്‍ (ജൂനിയര്‍) വിഭാഗത്തിൽ 579 പേരും ഹയര്‍ സെക്കന്ററി അധ്യാപകര്‍ (സീനിയര്‍) വിഭാഗത്തിൽ 18 പേരും ലാബ് അസിസ്റ്റന്റ് വിഭാഗത്തിൽ 224 പേരും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിൽ അധ്യാപക തസ്തികയിൽ 3 പേരും ഹൈസ്കൂള്‍ ടീച്ചര്‍ വിഭാഗത്തിൽ 501 പേരും യു.പി സ്കൂള്‍ ടീച്ചര്‍ വിഭാഗത്തിൽ 513 പേരും എല്‍.പി സ്കൂള്‍ ടീച്ചര്‍ വിഭാഗത്തിൽ 709 പേരും മറ്റ് അധ്യാപക തസ്തികകളിൽ 281പേരും ഉൾപ്പെടുന്നു.
ഇത് കൂടാതെ നിയമന ശുപാർശ ലഭ്യമായ 888 തസ്തികളിലേക്കും നിയമനം നടത്തും. ഇതിൽ ഹൈസ്കൂൾ ടീച്ചർ വിഭാഗത്തിൽ 213 പേരും യു.പി.സ്കൂൾ ടീച്ചർ വിഭാഗത്തിൽ 116 പേരും എൽ.പി സ്കൂൾ ടീച്ചർ വിഭാഗത്തിൽ 369 പേരും മറ്റ് അധ്യാപക തസ്തികകളിൽ 190 പേരും നിയമിക്കപ്പെടും.
സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 2019- 20 വർഷത്തെ സ്റ്റാഫ് ഫിക്സേഷൻ തന്നെ ഈ വർഷത്തിലും തുടരും. പുതിയ അധ്യയന വർഷം എയ്ഡഡ് സ്‌കൂളുകളിൽ റഗുലർ തസ്തികകളിൽ ഉണ്ടാകുന്ന ഒഴിവുകളിൽ ഈ മാസം 15 മുതൽ മാനേജർമാർക്ക് നിയമനം നടത്താവുന്നതാണ്. അത് അത് ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസർമാർ ഒരു മാസത്തിനുള്ളിൽ തന്നെ ഈ നിയമന അംഗീകാര ശുപാർശകൾ തീർപ്പാക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: General Education, Kerala Education, Kerala government, Teacher Appointment