തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് പ്രയോഗിച്ച കണ്ണീര് വാതക ഷെല്‍ വീടിനുള്ളില്‍ പതിച്ചെന്നും ശരീരിക അസ്വസ്ഥത നേരിട്ടെന്നും ആരോപിച്ച് യുവതി രംഗത്ത്. വിമാനത്താവളത്തിന് സമീപം താമസിക്കുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്.
വീട്ടുവളപ്പിലാണ് ഷെല്‍ വീണതെന്നും വീട്ടിലുണ്ടായിരുന്ന പ്രായമായ അമ്മയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും ഇവര്‍ പറയുന്നു. രോഗിയായ അമ്മയ്ക്ക് കണ്ണ് തുറക്കാന്‍ വയ്യെന്നും ശ്വാസതടസമുണ്ടായെന്നും ഇവര്‍ പറഞ്ഞു. ബാരിക്കേഡ് വയ്ക്കുന്ന കാര്യം പറഞ്ഞിരുന്നില്ല. വീടുകള്‍ മാത്രമുള്ള സ്ഥലത്ത് എന്തിനാണ് ബാരിക്കേഡുകള്‍ സ്ഥാപിച്ചെന്നും അധികാരികള്‍ ഉത്തരം പറയണമെന്നും അവര്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂരില്‍നിന്ന് വിമാനമാര്‍ഗം തിരുവനന്തപുരത്ത് തിരിച്ചെത്തുന്നതിന് മുന്നോടിയായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി വിമാനത്താവളത്തിലേക്ക് എത്തിയത്. വിമാനത്താവളത്തിന് സമീപം പോലീസ് തടഞ്ഞതോടെയാണ് പോലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിയ്ക്കെതിരെ വലിയ പ്രതിഷേധമാണ് സംഘടിപ്പിക്കുന്നത്. പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. കറുത്ത ഷര്‍ട്ടും കറുത്ത ബലൂണുകളുമായാണ് പ്രവര്‍ത്തകര്‍ മാര്‍ച്ചിന് എത്തിയത്. ഷാഫി പറമ്പില്‍ എം എല്‍ എ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലുക്ക്ഔട്ട് നോട്ടീസുമായായിരുന്നു കൊച്ചിയില്‍ യൂത്ത് ലീഗിന്റെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ ചിത്രവും വിവരണങ്ങളും ഉള്ള ലുക്ക്ഔട്ട് നോട്ടീസ് പൊലീസ് ബാരിക്കേഡില്‍ വരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഒട്ടിച്ചു.
കണ്ണൂരിലും കരിങ്കൊടി പ്രതിഷേധവുമായി യുവജന സംഘടനകള്‍ രംഗത്തെത്തി. കണ്ണൂര്‍ ഗസ്റ്റ് ഹൗസിന് മുമ്പിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. മുഖ്യമന്ത്രിയുടെ മാര്‍ഗമധ്യേ തളാപ്പില്‍വെച്ച് യുവമോര്‍ച്ച പ്രവര്‍ത്തകരും മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.