• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ ക്ഷേത്രത്തിലെ ഉച്ചഭാഷിണി ഓഫ് ചെയ്തു: പരാതിയുമായി ക്ഷേത്രഭരണസമിതിയും സിപിഎമ്മും

മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ ക്ഷേത്രത്തിലെ ഉച്ചഭാഷിണി ഓഫ് ചെയ്തു: പരാതിയുമായി ക്ഷേത്രഭരണസമിതിയും സിപിഎമ്മും

ഉത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്ന് ക്ഷേത്ര ഭരണസമിതി. ശരണം വിളി ഗൂഢാലോചനയെന്ന് സിപിഎം

malayalam.news18.com

malayalam.news18.com

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിൽ നിന്ന് നാമജപം മുഴങ്ങുകയും തുടർന്ന് ഉച്ചഭാഷിണി ഓഫാക്കുകയും ചെയ്ത സംഭവത്തിൽ പരാതിയുമായി ക്ഷേത്രം ഭരണസമിതിയും സിപിഎമ്മും. ഉത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും ക്ഷേത്ര ഭരണസമിതി പരാതി നൽകി. ക്ഷേത്രത്തിലെ ശരണം വിളി ഗൂഢാലോചനയെന്നാണ് സിപിഎമ്മിന്റെ പരാതി.

    തിങ്കളാഴ്ച ആറ്റിങ്ങല്‍ മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥി എ സമ്പത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാട്ടക്കടയില്‍ നടന്ന യോഗത്തിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. രാവിലെയാണ് മുഖ്യമന്ത്രി കാട്ടാക്കടയിൽ പ്രസംഗിക്കാനെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി കാട്ടാൽ ഭദ്രകാളി ക്ഷേത്രത്തിൽ തൂക്ക ഉത്സവം നടക്കുകയാണ്. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ക്ഷേത്രത്തിൽ നിന്ന് ഉച്ചഭാഷിണിയിലൂടെ നാമജപം തുടങ്ങി. സംഭവമെന്താണെന്ന് അന്വേഷിച്ചശേഷം മുഖ്യമന്ത്രി പ്രസംഗം തുടർന്നു. ഇതോടെ വേദിയിലുണ്ടായിരുന്ന ഐ ബി സതീഷ് എംഎല്‍എയും വി ശിവൻകുട്ടിയും അടക്കമുള്ള നേതാക്കള്‍ ക്ഷേത്രത്തിലെത്തി ക്ഷേത്രഭാരവാഹികളോട് യോഗ സ്ഥലത്തിനടുത്തുള്ള ഉച്ചഭാഷിണി നിർത്തണം എന്നാവശ്യപ്പെട്ടു. ഇതിനിടെ ചില പ്രവര്‍ത്തകരെത്തി ഉച്ചഭാഷിണിയിലേക്കുള്ള വൈദ്യുതബന്ധം വിഛേദിക്കുകയായിരുന്നു . ഇത് പകര്‍ത്താൻ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

    ക്ഷേത്രാചാരങ്ങളുടെ ഭാഗമായുള്ള തോറ്റം പാട്ടിനു പകരം റെക്കോർഡ് ചെയ്ത അയ്യപ്പ നാമജപം കേൾപ്പിച്ചതും യോഗസ്ഥലത്തിനടുത്ത് ഉച്ചഭാഷണി വച്ചതും മനഃപൂർവമാണെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. സിപിഎം മനപൂർവം ആഘോഷം അലങ്കോലപ്പെടുത്താൻ ശ്രമിച്ചുവെന്ന് ക്ഷേത്രം ഭാരവാഹികളും പറയുന്നു. മുഖ്യമന്ത്രിയുടെ പരിപാടി തീരും വരെ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കരുതെന്ന ആവശ്യം ആരും ഉന്നയിച്ചിരുന്നില്ലെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത് . മൈക്ക് ഉപയോഗിക്കാൻ രണ്ട് കൂട്ടർക്കും പൊലീസ് അനുമതി നൽകിയിരുന്നു.

    First published: