റെയില്‍വേ ലൈൻ ഇല്ലാത്ത ഇടുക്കി ജില്ലക്കാര്‍ക്ക് പ്രതീക്ഷയേകി തേനി- മധുര റെയില്‍ പാതയിൽ വീണ്ടും ട്രെയിന്‍ ഓടി തുടങ്ങി. 12 വർഷത്തിനു ശേഷമാണ് ഇതുവഴി ട്രെയിന്‍ സർവീസ് നടത്തുന്നത്. ഇടുക്കിയിലെ വിനോദ സഞ്ചാരത്തിനും കാർഷിക മേഖലയ്ക്കും പ്രതീക്ഷ നൽകുന്ന പാതയാണിത്. ട്രെയിൻ സർവീസ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
പീരുമേട്, ഉടുമ്പൻചോല, ദേവികുളം, കട്ടപ്പന താലൂക്കുകളിലുള്ളവർക്ക് ഏറെ സഹായകരമാണ് ഈ റെയില്‍പ്പാത. കുമളി അതിര്‍ത്തിയില്‍ നിന്ന് 60 കിലോമീറ്റര്‍ മാത്രമെ ഇങ്ങോട്ടേക്കുള്ളു. മുന്‍പ് 110 കിലോമീറ്റര്‍ അകലെ കോട്ടയം റെയില്‍വേ സ്റ്റേഷനെ ആശ്രയിച്ചിരുന്ന കുമളിക്കാര്‍ക്ക് യാത്ര ഏറെ എളുപ്പമാകും.
Also Read- കട്ടപ്പനക്കാർക്ക് ട്രെയിൻ കയറാൻ ഇനി 60 കിലോമീറ്റർ മാത്രം ദൂരം
കട്ടപ്പനയില്‍ നിന്ന് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍ ആലുവ,എറണാകുളം, കോട്ടയം എന്നിവയാണ്. കട്ടപ്പനയില്‍ നിന്ന് നിലവിൽ ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷനായ കോട്ടയത്തേക്ക് 112 കിലോമീറ്ററും മൂന്നര മണിക്കൂര്‍ യാത്രയുമുണ്ട്. ആലുവയിലേക്ക് 120 കിലോ മീറ്ററാണ് ദൂരമാണ് ഉള്ളത്. 4 മണിക്കൂറോളം യാത്ര ചെയ്ത് വേണം സ്റ്റേഷനിലെത്താന്‍. എറണാകുളത്തേക്ക് 127 കിലോമീറ്ററും ദൂരമുണ്ട് കട്ടപ്പനയില്‍ നിന്ന്. തേനി സ്റ്റേഷനില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്നതോടെ ദൂരം പകുതിയായി കുറയും.
തേനിയിൽ നിന്ന് ബോഡിനായ്ക്കന്നൂരിലേക്കുള്ള 17 കിലോമീറ്റർ പാതകൂടി പൂർത്തീയാകുന്നതാടെ മൂന്നാറിലേക്കുള്ള യാത്രയും എളുപ്പമാകും. ഒപ്പം ഏലം, കുരുമുളക് ഉൾപ്പെടെയുള്ള സുഗന്ധവ്യജ്ഞനങ്ങളുടെ ചരക്കു നീക്കവും സുഗമമാകും. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ശബരമില തീർഥാടകർക്കും വിനോദ സഞ്ചാരികൾക്കും പ്രയോജനകരമാണ് ഈ പാത.
Also Read- ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഏഴ് മരണം; 19 പേർക്ക് പരിക്ക്
1928 ൽ ബ്രിട്ടിഷുകാർ നിർമിച്ച മീറ്റർ ഗേജ് പാത ബ്രോഡ്ഗേജ് ആക്കാൻ 2010 ഡിസംബർ 31 നാണ് ട്രെയിൻ സർവീസ് നിർത്തിയത്. 450 കോടി രൂപ ചെലവഴിച്ചാണ് മധുരയിൽ നിന്ന് തേനി വരെയുള്ള പണികൾ പൂർത്തിയാക്കിയത്. രാവിലെ 8.30 നാണ് മധുരയിൽ നിന്നും പന്ത്രണ്ട് ബോഗികളിൽ യാത്രക്കാരെയുമായി ട്രെയിൻ ഓടിത്തുടങ്ങിയത്. പത്തുമണിയോടെ തേനി സ്റ്റേഷനിലെത്തി. കേരള-തമിഴ്നാട് അതിർത്തിയായ ലോവർ ക്യാംപ് വരെ റെയില്‍പാത നീട്ടണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
മധുര - ബോഡിനായ്ക്കന്നൂർ റെയിൽപാതയിൽ ആണ്ടിപ്പെട്ടി മുതൽ തേനി വരെയുള്ള 17 കിലോ മീറ്റർ ഭാഗത്തു ട്രെയിനിന്റെ അതിവേഗ പരീക്ഷണ ഓട്ടം ഏപ്രിലില്‍ വിജയകരമായി പൂർത്തിയാക്കിയിരുന്നു.മധ്യ റെയിൽവേ സുരക്ഷാ കമ്മീഷണർ മനോജ് അറോറയുടെ നേതൃത്വത്തിലുള്ള സംഘം പാളത്തിൽ പരിശോധനയും നടത്തിയിരുന്നു.120 കിലോമീറ്റർ വേഗത്തിൽ 4 ബോഗികൾ ഘടിപ്പിച്ച ട്രെയിൻ കടന്നുപോയപ്പോൾ നാട്ടുകാർ ആവേശത്തോടെയാണു വരവേറ്റത്.
മധുര - ബോഡിനായ്ക്കന്നൂർ പാതയുടെ പണികൾ പൂർത്തിയായാൽ ഇടുക്കി ശാന്തൻ പാറയിൽ നിന്ന് 30 കിലോമീറ്റർ സഞ്ചരിച്ചാൽ ബോഡിനായ്ക്കന്നൂരിലെത്തി ട്രെയിൻ യാത്ര നടത്താം. നിലവിൽ ഇടുക്കിക്കാർക്ക് ട്രെയിനിൽ കയറാൻ അങ്കമാലിയിലോ കോട്ടയത്തോ എത്തണം. മധുര- ബോഡിനായ്ക്കന്നൂർ പാത യാഥാർത്ഥ്യമാകുന്നതോടെ ഇതിന് മാറ്റം വരും. കേരളത്തിൽ നിലവിൽ ഇടുക്കി കൂടാതെ വയനാട് ജില്ലയിൽ മാത്രമാണ് റെയിൽവേ പാതയില്ലാത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.