തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ വിവാദമായ ബയോ വെപ്പൺ പരാമർശത്തിന് ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താനയെ പ്രേരിപ്പിച്ചത് അവർക്ക് പിന്നിലെ ഭീകര സംഘടനയെന്ന് യുവമോർച്ചാ നേതാവ് അഡ്വ. ബി ജി വിഷ്ണു. കേസ് അന്വേഷിക്കുന്ന ലക്ഷദ്വീപ് കവരത്തി പൊലീസ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിഷ്ണു. ചർച്ചയ്ക്കിടെ വിവാദ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നു എന്നാണ് ഐഷ സുൽത്താന പറഞ്ഞത്. പരാമർശം പിൻവലിക്കാൻ പറഞ്ഞിട്ടും തയാറായില്ല. ഇതിനെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കേരള പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. ചർച്ചയിൽ നടന്ന കാര്യങ്ങൾ വ്യക്തമായി കവരത്തി പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും വിഷ്ണു പ്രതികരിച്ചു.
ഇന്ന് രാവിലെയാണ് കവരത്തി എസ് ഐ അമീർ ദിൻ മുഹമ്മദ്, പൊലീസുകാരായ നിസാർ, റിയാസ് എന്നിവർ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലേക്ക് വിഷ്ണുവിനെ വിളിച്ചു വരുത്തി മൊഴിയെടുത്തത്. വിവാദ പരാമർശം ഉണ്ടാകാനിടയായ സാഹചര്യം സംബന്ധിച്ച് സംഘം വ്യക്തമായി ചോദിച്ചറിഞ്ഞു. രാജ്യദ്രോഹ കുറ്റം ചുമത്തുന്ന ഇന്ത്യ ശിക്ഷാ നിയമം 124 (എ), 153 (ബി) എന്നീ വകുപ്പുകളിട്ടാണ് ഐഷയ്ക്കെതിരെ കവരത്തി പൊലീസ് കേസെടുത്തിട്ടുള്ളത്.
ബയോ വെപ്പൺ എന്നവാക്ക് വലിയ പ്രശ്നം ആന്നെന്ന് അറിയില്ലായിരുന്നുവെന്നും പരാമർശം നടത്തിയതിൽ ഖേദം പ്രകടിപ്പിച്ചുവെന്നുമാണ് ഐഷ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. വിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. ഇപ്പോൾ നടക്കുന്നത് വ്യക്തിപരമായ ആക്രമണമാണെന്നും ഐഷ വ്യക്തമാക്കുന്നു. എന്നാൽ ഐഷയുടെ വാദങ്ങളെ എതിർക്കുന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. ചാനലിൽ ഐഷ നടത്തിയത് വിമർശനം അല്ല. ഇന്ത്യയെ ചൈനയുമായി താരതമ്യം ചെയ്തു. കേന്ദ്രസർക്കാർ ദ്വീപിൽ ബയോ വെപ്പൺ ഉപയോഗിച്ചു എന്ന് ആവർത്തിച്ചു പറഞ്ഞു. ഒരു സ്കൂൾ കുട്ടിക്ക് പോലും വിഘടന ചിന്ത ഉണ്ടാക്കുന്ന പരാമർശമാണ് ഐഷ നടത്തിയതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.
അതേസമയം ഐഷ സുൽത്താനയ്ക്ക് ആവശ്യമെങ്കിൽ നിയമപരമായ സഹായവും നൽകാനാണ് ഇടതു യുവജന സംഘടനകളുടെ തീരുമാനം. ഇപ്പോൾ നടക്കുന്നത് നിയമപരമായ ചോദ്യം ചെയ്യൽ അല്ലെന്നും ബോധ പൂർവ്വമായ വേട്ടയാടൽ ആണെന്നുമാണ് ഡി വൈ എഫ് ഐ നിലപാട്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.