ഐഎഎസ് നേടാൻ തലശ്ശേരി സബ് കളക്ടർ ആസിഫ് കെ യൂസഫ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് അന്വേഷണ റിപ്പോർട്ട്. എറണാംകുളം ജില്ലാ കളക്ടർ എസ് സുഹാസ് നടത്തിയ അന്വേഷണത്തിലാണ് ഐഎഎസ് ലഭിക്കുന്നതിനായി ആസിഫ് കെ യൂസഫ് ഹാജരാക്കിയത് വ്യാജ സർട്ടിഫിക്കറ്റ് ആണെന്ന് കണ്ടെത്തിയത്. അന്വേഷണ റിപ്പോർട്ട് കളക്ടർ ചീഫ് സെക്രട്ടറിക്കു കൈമാറി ക്രീമിലിയർ ഇതരവിഭാഗത്തിലെ ആനുകൂല്യം ലഭിക്കാൻ ആദായ നികുതി അടയ്ക്കുന്ന വിവരം ആസിഫ് മറച്ചുവെച്ചുവെന്ന് കളക്ടർ എസ് സുഹാസ് ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. കേന്ദ്രസർക്കാരിന്‍റെ നിർദ്ദേശ പ്രകാരം നടന്ന അന്വേഷണത്തിന്‍റെ റിപ്പോർട്ട് ന്യൂസ് 18ന് ലഭിച്ചു.
2016 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ആസിഫ് കെ യൂസഫ്. ക്രീമിലയർ പരിധിയിൽപ്പെടാത്ത ഉദ്യോഗാർത്ഥിയെന്ന നിലയിലാണ് ആസിഫിന് കേരള കേഡറിൽ തന്നെ ഐഎഎസ് ലഭിച്ചത്. ഉദ്യോഗാര്‍ത്ഥിയുടെ കുടുബത്തിന്‍റെ വാർഷിക വരുമാനം ആറു ലക്ഷത്തിന് താഴെ വന്നാൽ മാത്രമാണ് ക്രീമിലിയർ ഇതരവിഭാഗത്തിന്‍റെ ആനുകൂല്യം യു.പി.എസ്.സി നൽകുന്നത്. 2015 ല്‍ പരീക്ഷയെഴുതുമ്പോള്‍ കുടുംബത്തിന്‍റെ വരുമാനം ആറു ലക്ഷത്തിന് താഴെയെന്നായിരുന്നു ആസിഫ് നൽകിയ ക്രീമിലിയർ സർട്ടിഫിക്കറ്റിൽ പറയുന്നത്. കുടുംബത്തിന് വരുമാനം 1.8 ലക്ഷമാണെന്ന കമയന്നൂർ തഹസിൽദാറിന്‍റെ സർട്ടിഫിക്കറ്റും ആസിഫ് ഹാജരാക്കിയിരുന്നു. ഈ രേഖകള്‍ അനുസരിച്ചാണ് ആസിഫിന് കേരളത്തിൽ തന്നെ ഐഎഎസ് കിട്ടിയത്.
ആസിഫ് നൽകിയ സർട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന പരാതി കേന്ദ്ര സർക്കാരിന്‍റെ മുന്നിലെത്തിയതോടെ ഇക്കാര്യം അന്വേഷിക്കാൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയായിരുന്നു. ചീഫ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം എറണാകുളം ജില്ലാ കളക്ടർ നടത്തിയ പരിശോധനയിലാണ് രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. ആസിഫ് കെ യൂസഫിന്‍റെ കുടുംബം ക്രീമിലയർ വിഭാഗത്തിൽപ്പെടുന്നതാണെന്നും ആദായനികുതി അടയ്ക്കുന്നവരാണെന്നും എസ് സുഹാസ് കണ്ടെത്തി. ആദായനികുതി വകുപ്പിന് 2012 മുതല്‍ 2015 വരെ ആസിഫിന്‍റെ മാതാപിതാക്കള്‍ നൽകിയിട്ടുള്ള ആദായനികുതി വിവരങ്ങളും എസ് സുഹാസിന്‍റെ റിപ്പോർട്ടിലുണ്ട്.
ഇതുപ്രകാരം ആസിഫ് പരീക്ഷയെഴുതുമ്പോള്‍ കുടുബത്തിന്‍റെ വരുമാനം 28 ലക്ഷമെന്നാണ് കളക്ടറുടെ റിപ്പോർട്ട്. 2015ൽ കണയന്നൂർ തഹസിൽദാർ നൽകിയ വരുമാന സർഫിക്കറ്റ് തെറ്റാണെന്നും കളക്ടർ പറയുന്നു. അതായത് ക്രീമിലയർ ഇതര വിഭാഗത്തിന്‍റെ ആനുകൂല്യത്തിന് ആസിഫ് കെ യൂസഫ് അർഹനല്ലെന്നാണ് അന്വേഷണ റിപ്പോർട്ട്. ചീഫ് സെക്രട്ടറി അന്വേഷണ റിപ്പോർട്ട് കേന്ദ്രപേഴ്സണൽ മന്ത്രാലയത്തിന് കൈമാറും. സിവിൽ സർവ്വീസ് നേടാൻ വ്യാജരേഖകളാണ് ഹാജരാക്കിയതെന്ന് കേന്ദ്രസർക്കാരിനും ബോധ്യപ്പെട്ടാൽ ആസിഫിനെതിരെ നടപടിയെടുക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.