• HOME
 • »
 • NEWS
 • »
 • kerala
 • »
 • Kerala Education | ഒന്നാം ക്ലാസിൽ ചേരാൻ കുറഞ്ഞത് 5 വയസ്സ്; നിബന്ധന തുടരുമെന്ന് സ്കൂൾ മാന്വൽ

Kerala Education | ഒന്നാം ക്ലാസിൽ ചേരാൻ കുറഞ്ഞത് 5 വയസ്സ്; നിബന്ധന തുടരുമെന്ന് സ്കൂൾ മാന്വൽ

കേന്ദ്ര വിദ്യാഭ്യാസനയം അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 ആണെങ്കിലും കേരളത്തിൽ വിദ്യാഭ്യാസച്ചട്ടം അനുസരിച്ച് 5 ആയി തുടരുമെന്നാണു മാന്വലിൽ വ്യക്തമാക്കുന്നത്

school-opening

school-opening

 • Share this:
  തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 5 ആയി തുടരുമെന്നു വ്യക്തമാക്കി സ്കൂൾ മാന്വലിന്റെ കരട് പുറത്തിറക്കി. 1–8 ക്ലാസ് വിദ്യാർഥികളിൽനിന്ന് ഒരുതരത്തിലുള്ള ഫീസും ഈടാക്കരുത്. സ്കൂൾ പ്രവർത്തനം സംബന്ധിച്ചുള്ള ആധികാരികരേഖയായ സ്കൂൾ മാന്വലിന്റെയും ഏകോപനത്തോടെയുള്ള പഠനപ്രവർത്തനങ്ങൾ വിശദമാക്കുന്ന അക്കാദമിക് മാസ്റ്റർപ്ലാനിന്റെയും കരടാണു മന്ത്രി വി.ശിവൻകുട്ടി പുറത്തിറക്കിയത്.

  കേന്ദ്ര വിദ്യാഭ്യാസനയം അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 ആണെങ്കിലും കേരളത്തിൽ വിദ്യാഭ്യാസച്ചട്ടം അനുസരിച്ച് 5 ആയി തുടരുമെന്നാണു മാന്വലിൽ വ്യക്തമാക്കുന്നത്. 9–ാം ക്ലാസ് വരെ പ്രവേശനത്തിനു 3 മാസത്തെയും 10–ാം ക്ലാസിലേക്ക് 6 മാസത്തെയും വയസ്സിളവ് ജില്ലാ–ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാർക്ക് അനുവദിക്കാം.

  പിടിഎ, ക്ലാസ് പിടിഎ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി, മാതൃസമിതി, പൂർവ വിദ്യാർഥി സംഘടന തുടങ്ങിയ വിവിധ സമിതികളുടെ ഘടന, ചുമതലകൾ, ഫണ്ട് വിനിയോഗം എന്നിവ മാന്വലിൽ വിശദമാക്കുന്നു. പിടിഎ കമ്മിറ്റികളിൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രതിനിധികളിൽ പകുതിയെങ്കിലും വനിതകളായിരിക്കണം. അധ്യാപകർ സ്വകാര്യ ട്യൂഷനും മറ്റു സ്വകാര്യ പഠനപ്രവർത്തനങ്ങളും നടത്തുന്നില്ലെന്നു സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഉറപ്പാക്കണം.

  പഠനപ്രവർത്തന മേൽനോട്ടത്തിനു നിരീക്ഷണ സമിതി രൂപീകരിക്കണമെന്ന് അക്കാദമിക് മാസ്റ്റർപ്ലാനിന്റെ കരടിൽ നിർദേശിച്ചിട്ടുണ്ട്. അധ്യാപക–പിടിഎ പ്രതിനിധികൾക്കൊപ്പം തദ്ദേശ ജനപ്രതിനിധി, അക്കാദമിക് വിദഗ്ധ / വിദഗ്ധൻ, പൂർവ വിദ്യാർഥി–വിദ്യാർഥി പ്രതിനിധി തുടങ്ങിയവരും ഉൾപ്പെട്ടതാകണം സമിതി.

  അധ്യാപകർ ചെയ്യുന്നത് പിസി ജോർജ് ചെയ്തതിന് സമാനമായ കുറ്റം; രൂക്ഷവിമർശനവുമായി വിദ്യാഭ്യാസ മന്ത്രി


  തിരുവനന്തപുരം: ഒരു വിഭാഗം അധ്യാപകര്‍ക്ക് എതിരെയുള്ള വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ (v Sivankutty) വിമര്‍ശനം തുടരുകയാണ്. നേരത്തെ പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയത്തില്‍ ഉത്തരസൂചിക യിലെ അപാകത ചൂണ്ടികാട്ടി അധ്യാപകര്‍ മൂല്യനിര്‍ണയം ബഹിഷ്‌കരിച്ചിരുന്നു.


  ഇത് വിദ്യാഭ്യാസ മന്ത്രിയെ പ്രകോപിപ്പിക്കുകയും മന്ത്രി അധ്യാപക സംഘടനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഒരു വിഭാഗം അധ്യാപകര്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് രക്ഷിതാക്കളിലും വിദ്യാര്‍ഥികളിലും ആശങ്കയുണ്ടാക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. ഇതിന് പിന്നാലെയാണ് അധ്യാപകര്‍ക്കെതിരെ വീണ്ടും മന്ത്രി ആഞ്ഞടിച്ചത്.

  തിരുവനന്തപുരത്ത് സംഘടിപ്പിച്ച സ്‌കൂള്‍ മാനുവലിന്റെ കരട് രേഖ പ്രകാശന ചടങ്ങിലാണ് വിദ്യാഭ്യാസ മന്ത്രി വീണ്ടും അധ്യാപകര്‍ക്കെതിരെ തിരിഞ്ഞത്.ആര്‍ക്കും എന്തും പറയാമെന്ന തോന്നല്‍ വേണ്ടെന്ന് മന്ത്രി പറഞ്ഞു.അദ്ധ്യാപകരുടെ അവകാശം സംരക്ഷിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട എല്ലാ പഠന സൗകര്യവും ഒരുക്കും.

  അതിന് തുരങ്കം വക്കാന്‍ അനുവദിക്കില്ല. അധ്യാപകര്‍ വസ്തുത മറച്ചുവെച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്.സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള വ്യാജ പ്രചരണം ശരിയല്ല. പി സി ജോര്‍ജിനെതിരായ നടപടി അദ്ധ്യാപകര്‍ക്കുള്ള മുന്നറിയിപ്പാണ്.

  രക്ഷകര്‍ത്താക്കളെയും വിദ്യാര്‍ത്ഥികളെയും ആശങ്കയിലാക്കുന്ന അധ്യാപകര്‍ ചെയ്യുന്നത് പി സി ജോര്‍ജ് ചെയ്തതിന് സമാനമായ കുറ്റമാണെന്നും വിദ്യാഭ്യാസമന്ത്രി ആഞ്ഞടിച്ചു. ന്യായമായ എന്ത് കാര്യത്തിലും സര്‍ക്കാരിന്റെ അനുകൂലമായ ഇടപെടല്‍ ഉണ്ടാകും. എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിന് ആവശ്യമായ അദ്ധ്യാപകര്‍ ഇല്ലെന്നാണ് ഒരു വിഭാഗം ആക്ഷേപം ഉയര്‍ത്തുന്നത്. എന്നാല്‍ അധ്യാപകരെ നിയോഗിക്കുന്നത് അവരല്ല സര്‍ക്കാരാണ്. യോഗ്യരായ ആളുകളെക്കൊണ്ട് മൂല്യനിര്‍ണയം നടത്തുമെന്നും മന്ത്രി പറഞ്ഞു.

  അതേസമയം മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ അധ്യാപക സംഘടനയായ എ എച് എസ് ടി എ രംഗത്തെത്തി.സര്‍ക്കാര്‍ ഭരണകൂട ഭീകരത സൃഷ്ടിക്കുകയാണെന്നാണ് സംഘടനയുടെ വിമര്‍ശനം.
  അഭിപ്രായം പറയുന്ന അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന ഭീഷണി അംഗീകരിക്കില്ല. വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാരിന്റെ പിടിപ്പുകേട് മറക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എ എച്ച് എസ് ടി എ വിമര്‍ശിച്ചു.
  Published by:Arun krishna
  First published: