• HOME
 • »
 • NEWS
 • »
 • kerala
 • »
 • അപകടം പതിയിരിക്കുന്ന കോഴിക്കോടൻ മലനിരകളിലെ വെള്ളച്ചാട്ടങ്ങളിലേക്ക് പോകുന്നതിന് മുമ്പ്

അപകടം പതിയിരിക്കുന്ന കോഴിക്കോടൻ മലനിരകളിലെ വെള്ളച്ചാട്ടങ്ങളിലേക്ക് പോകുന്നതിന് മുമ്പ്

എവിടെ എപ്പോഴാണ് മലവെള്ളം എത്തുകയെന്ന് പ്രവചിക്കാൻ കഴിയില്ല. വെള്ളച്ചാട്ടം കാണുന്ന സ്ഥലങ്ങളിൽ മഴ പെയ്തില്ലെങ്കിലും മലയിൽ മഴ പെയ്താലും പുഴയിൽ വെള്ളം നിറയും.

തുഷാരഗിരി

തുഷാരഗിരി

 • Last Updated :
 • Share this:
  മഴക്കാലമായാൽ കോഴിക്കോടൻ മലനിരകൾക്ക് ഒരു പ്രത്യേക സൗ ന്ദര്യമാണ്. മഴ തോർന്നു നിൽക്കുന്ന സമയങ്ങളിൽ മലനിരകളിൽ കോടയിറങ്ങും, ഒപ്പം ചെറിയ തണുപ്പും ഇളംകാറ്റും. അതിൽ ലയിച്ചങ്ങനെ പോകുമ്പോൾ മലവെള്ളച്ചാലുകളും വെള്ളച്ചാട്ടങ്ങളും കാണാൻ കഴിയും. കാണുമ്പോൾ ഇറങ്ങാനും കൊടുംതണുപ്പുള്ള വെള്ളത്തിൽ ഒന്ന് കുളിക്കാനും തോന്നും, തികച്ചും സ്വാഭാവികം.

  നഗരത്തിന്‍റെ ബഹളങ്ങളിൽ നിന്ന് ഊളിയിട്ട് കോഴിക്കോടിന്‍റെ ഗ്രാമപ്രദേശങ്ങളിലേക്ക് എത്തിയാൽ നിങ്ങളെ അവിടെ കാത്തിരിക്കുന്നത് ഇതൊക്കെയാണ്. തുഷാരഗിരിയും അരിപ്പാറയും പതങ്കയവും സ്വർഗംകുന്നും തുടങ്ങി പത്തോളം വെള്ളച്ചാട്ടങ്ങളാണ് പ്രകൃതിഭംഗിയുടെ മാസ്മരികതയിൽ ഇവിടെയുള്ളത്. പക്ഷേ, ഓരോ വെള്ളച്ചാട്ടത്തിന് പിന്നിലും ഒരു അപകടവും പതിയിരിപ്പുണ്ട്.  കാരണം, എവിടെ എപ്പോഴാണ് മലവെള്ളം എത്തുകയെന്ന്  പ്രവചിക്കാൻ കഴിയില്ല. വെള്ളച്ചാട്ടം കാണുന്ന സ്ഥലങ്ങളിൽ മഴ പെയ്തില്ലെങ്കിലും മലയിൽ മഴ പെയ്താലും പുഴയിൽ വെള്ളം നിറയും. അതുകൊണ്ടു തന്നെ, പ്രദേശവാസികളാരും മഴക്കാലമായാൽ അപകടം അറിയാവുന്നതിനാൽ ഈ വെള്ളച്ചാട്ടങ്ങളിലേക്ക് പോകാറില്ല.

  വെള്ളച്ചാട്ടം കാണാൻ എത്തുന്ന വിനോദസഞ്ചാരികളോട് അങ്ങോട്ടേക്ക് പോകരുതെന്ന് പ്രദേശവാസികൾ നിർദ്ദേശവും നൽകാറുണ്ട്. പക്ഷേ, നാട്ടുകാരുടെ വാക്കിന് പുല്ലുവില കൽപിക്കുന്ന മിക്ക വിനോദസഞ്ചാരികളും അപകടത്തിൽ ചെന്നു പെടുകയാണ് പതിവ്. രക്ഷപ്പെടുത്താൻ നാട്ടുകാരും ഫയർഫോഴ്സും സന്നദ്ധസംഘടനകളും തയ്യാറാണ്. പക്ഷേ, ഇവർക്ക് പോലും രക്ഷപ്പെടുത്താൻ കഴിയാതെ വന്ന സമയങ്ങളുമുണ്ട്. കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങളെ പരിചയപ്പെടാം.

  1. തുഷാരഗിരി

  കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലാണ് തുഷാരഗിരി വെള്ളച്ചാട്ടം. മഞ്ഞണിഞ്ഞ മലകൾ എന്നാണ് തുഷാരഗിരി എന്ന വാക്കിന്‍റെ അർത്ഥം. പശ്ചിമഘട്ടത്തിന്‍റെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം സെപ്തംബർ മുതൽ നവംബർ വരെയുള്ള സമയങ്ങളാണ്. കോഴിക്കോട് ടൗണിൽ നിന്ന് 50 കിലോമീറ്റ‍ർ ദൂരെയാണ് തുഷാരഗിരി വെള്ളച്ചാട്ടം. കോഴിക്കോട് നിന്ന് അടിവാരത്ത് എത്തിയാൽ അവിടെ നിന്ന് ഒരു ഓട്ടോ പിടിച്ച് തുഷാരഗിരിയിൽ എത്താവുന്നതാണ്. തുഷാരഗിരിയിലെ ആർച്ച് പാലവും ആർച്ച് പാലത്തിൽ നിന്ന് താഴേക്കുള്ള കാഴ്ചയും മനോഹരമാണ്.  തുഷാരഗിരി

  2. അരിപ്പാറ

  കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിക്ക് അടുത്തുള്ള ആനക്കാംപൊയിലിലാണ് അരിപ്പാറ വെള്ളച്ചാട്ടം. തിരുവമ്പാടി ടൗണിൽ നിന്ന് ആനക്കാംപൊയിൽ വഴിയിൽ ഏകദേശം 15 കിലോമീറ്ററോളം ദൂരമുണ്ട് അരിപ്പാറ വെള്ളച്ചാട്ടത്തിലേക്ക്. മതിയായ സുരക്ഷാക്രമീകരണങ്ങൾ ഇല്ലാത്തതിനാൽ ഇതുവരെ 19 പേരുടെ ജീവൻ ഇവിടെ പൊലിഞ്ഞിട്ടുണ്ട്. ഒരാളുടെ മൃതദേഹം ഇനിയും കണ്ടുകിട്ടിയിട്ടില്ല. കെ എസ് ആർ ടി സി ബസ് സർവീസ് ഈ മേഖലകളിൽ ഉണ്ട്.  അരിപ്പാറ

  3. പതങ്കയം

  കോടഞ്ചേരിയിലെ നാരങ്ങാത്തോട് ഇരുവഴിഞ്ഞിപ്പുഴയിലാണ് പതങ്കയം വെള്ളച്ചാട്ടം. ഈ വർഷം ഇതുവരെ ഇവിടെ ആഴമേറിയ ഭാഗത്തും ചുഴികളിലുംപെട്ട് മൂന്നുപേരാണ് ഇവിടെ മരിച്ചത്. ദിവസം നൂറു കണക്കിന് വിനോദസഞ്ചാരികൾ ഇവിടെ എത്തുന്നുണ്ടെങ്കിലും നിയന്ത്രിക്കാൻ ആരുമില്ലാത്തത് അപകടങ്ങൾ പതിവാക്കുന്നു.

  4. വെള്ളേരിമല

  കോഴിക്കോട് -വയനാട് ജില്ലാ അതിർത്തിയിൽ ആണ് വെള്ളേരിമല. ആനക്കാംപൊയിൽ - കോഴിപാറ വെള്ളചാട്ടങ്ങൾക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ എക്കോ പോയിന്‍റ് ആണിത്. കാടിനുള്ളിലേക്ക് ട്രെക്കിങ്ങ് നടത്താൻ മുൻകൂട്ടി പെർമിഷൻ എടുക്കുകയും ഗൈഡിനെ കൂടെ കൂട്ടുകയും വേണം. ആനകളുടെ ശല്യം അതിരൂക്ഷമായ പ്രദേശമാണ് ഇവിടം.  കോഴിപ്പാറ

  5. ഉറുമി

  കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ പൂവാറൻതോടിൽ ആണ് ഉറുമി വെള്ളച്ചാട്ടം.

  6.  കോഴിപ്പാറ

  മലപ്പുറം ജില്ലയുടെ വടക്കുകിഴക്കേ അതിർത്തിയിൽ സൈലന്‍റ് വാലി നാഷണൽ പാർക്കിനോട് അടുത്ത് കക്കാടംപൊയിൽ എന്ന സ്ഥലത്താണ് കോഴിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. എടവണ്ണ ഫോറസ്റ്റ് റേഞ്ചിൽ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് കോഴിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് നിന്നും വരുന്നവർക്ക് മുക്കം കാരമ്മൂല കൂടരഞ്ഞി വഴി കക്കാടംപൊയിലിൽ എത്തി കോഴിപ്പാറ വെള്ളച്ചാട്ടം കാണാൻ എത്താം. വനംവകുപ്പാണ് ഈ വെള്ളച്ചാട്ടത്തിന്‍റെ സംരക്ഷണം.  പതങ്കയം

  7. കക്കാടംപൊയിൽ 

  കോഴിക്കോട് - മലപ്പുറം ജില്ലകളുടെ കിഴക്കേ ഭാഗത്തായി പശ്ചിമഘട്ട മലനിരകളിലുള്ള ഒരു ചെറുഗ്രാമമാണ് കക്കാടംപൊയിൽ.  കോഴിക്കോട് നഗരത്തിൽ നിന്ന് 48 കി മീ അകലെയുള്ള കക്കാടംപൊയിൽ ഗ്രാമം, വനങ്ങൾ, വെള്ളച്ചാട്ടങ്ങൾ (കോഴിപ്പാറ വെള്ളച്ചാട്ടം) എന്നിവയാൽ സമൃദ്ധമാണ്.

  First published: